കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ധനവാണ് കഴിഞ്ഞ ഒരു ആഴ്ച്ചക്കിടെ ഉണ്ടായത്. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാത്ത പക്ഷം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കോവിഡ് വ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി.
കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി നിശ്ചയിച്ച് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പരസ്യപ്പെടുത്തുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ട അവശ്യ സൗകര്യങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവും. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് അനുമതി ഉണ്ടാവും. ആരാധനാലയങ്ങള്‍, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന വാര്‍ഡുകള്‍ അടച്ചിടും. ഇവിടങ്ങളില്‍ നിന്ന് മറ്റു വാര്‍ഡുകളിലേക്ക് യാത്ര അനുവദനീയമല്ല. ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മാത്രമേ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാകു. ചടങ്ങുകള്‍ നടത്തുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാതെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ നടത്തിപ്പുകാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല പങ്കെടുത്തു.