കൽപറ്റ: കോവിഡ് മൂലം തകർന്നടിഞ്ഞ വയനാട്ടിലെ ടൂറിസം മേഖലയെ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ടുറിസം സംരഭകർ മേയ് ഒന്നിന് കരിദിനം ആചരിക്കുന്നു. വയനാട് ടൂറിസം അസോസിയേഷൻ്റെ ‘നേതൃത്വത്തിലാണ് ഹോട്ടലുടമകൾ, ടാക്സി തൊഴിലാളികൾ തുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട സർവ്വപ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി പ്രതിഷേധദിനം ആചരിക്കുന്നത്.
ടൂറിസം രംഗം കൊണ്ട് അതിജീവിച്ചുപോകുന്ന എല്ലാവരും ആത്മഹത്യയുടെ വക്കിലാണ്.
വർഷങ്ങളായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ടൂറിസം രംഗത്തു നിന്നുള്ള കോടിക്കണക്കിനു രൂപ നികുതിയായി വാങ്ങിച്ചുവെങ്കിലും വിനോദസഞ്ചാര രംഗത്തോട് വലിയ അവഗണനയാണ് തുടരുന്നത്.
Incredible india, gods own country എന്നീ പരസ്യവാചകങ്ങൾ പോലും സർക്കാരുകൾ മറന്ന മട്ടാണ്.
അനേകായിരം കോടികൾ സർക്കാരിന് നികുതികളായി കൊടുത്തിരുന്ന വിനോദ സഞ്ചാര രംഗം കോവിഡ് മൂലം രണ്ടു വർഷമായി തകർന്നടിഞ്ഞപ്പോളും സർക്കാർ സഹായഹസ്തങ്ങൾ നീട്ടിയില്ല.
വൈദ്യുത ബിൽ ഫിക്സഡ് ചാർജുകൾ ഒഴിവാക്കിയില്ല
കെട്ടിട നികുതി ഒഴിവാക്കിയില്ല.
തൊഴിൽ നികുതി ഒഴിവാക്കിയില്ല
വിനോദ സഞ്ചാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ക്ഷേമനിധിയില്ല.
മറ്റു സഹായങ്ങളില്ല.
സർക്കാരുകൾ തങ്ങളെ തീർത്തും അവഗണിക്കുകയാണെന്ന് സംരഭകർ ചൂണ്ടിക്കാട്ടുന്നു.
മേയ് ഒന്നിന് പ്രതിഷേധദിനത്തിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രങ്ങൾ കറുത്ത നിറത്തിലാക്കും.
പ്രതിഷേധ വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തി നിൽക്കുന്ന ചിത്രങ്ങൾ ഫേസ് ബുക്കിൽ അപ്ലോഡ് ചെയ്യും.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പേരും സഹകരിക്കണമെന്ന് ഡബ്ല്യുടിഎ ജില്ലാ പ്രസിഡൻ്റ് അലി ബ്രാൻ അഭ്യർത്ഥിച്ചു.