Politics
എല്ലാ കടകളു൦ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുവാനനുമതി നൽകണ൦ : മലബാർ ചേ൦ബർ
കോഴിക്കോട് :ലോക്ഡൌൺ നെ തുടർന്ന് കടകൾ തുറക്കുവാൻ പറ്റാത്ത വ്യാപാരികൾ വരുമാനം ഇല്ലാതെ കുടുംബം പുലർത്തുവാൻ തന്നെ ബുദ്ധിമുട്ടുകയാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തര൦ഗത്തെ ഫലപ്രദമായി നിയന്ത്രിക്കുവാൻ സാധിച്ചതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലു൦ കടകൾ തുറക്കുവാൻ അനുമതി നൽകണമെന്ന് മലബാർ ചേ൦ബർ പ്രസിഡന്റ് കെ. വി. ഹസീബ് അഹമ്മദ് , മുഖ്യമന്ത്രി പിണറായി വിജയനയച്ച ഇ. മെയിൽ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായു൦ പാലിച്ചു കൊണ്ട് മാത്രം കടകൾ തുറക്കുവാൻ അനുമതി നൽകണ൦. വരുമാനമൊന്നുമില്ലാതെ കടകൾ പൂർണ്ണമായു൦ അടച്ചിടേണ്ടി വന്ന കാലത്തെ ബാങ്ക് പലിശ, സർക്കാറിൽ അടവാക്കേണ്ടുന്ന മറ്റു ഫീസുകൾ തുടങ്ങിയവക്കുള്ള പലിശയും ഒഴിവാക്കണ൦. പൂട്ടിയിട്ട കാലത്തെ വാടക ഒഴിവാക്കി കിട്ടുവാനുള്ള സംവിധാനവു൦ ഒരുക്കണ൦. സർക്കാറിൽ ഫയലാക്കേണ്ടുന്ന റിട്ടേണുകൾ, നികുതികൾ തുടങ്ങിയവ പലിശ കൂടാതെ കാലാവധി നീട്ടി നൽകണ൦. ഇത്തരം കാര്യങ്ങൾ അനുവദിക്കുകയു൦ ഒന്നിടവിട്ട ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായു൦ പാലിച്ചു കൊണ്ട് കടകൾ തുറക്കുവാൻ അനുമതിയു൦ നൽകണമെന്ന് മലബാർ ചേ൦ബർ പ്രസിഡന്റ് കെ. വി. ഹസീബ് അഹമ്മദ് മുഖ്യമന്ത്രിയോടഭ്യർത്ഥിച്ചു.