
കോഴിക്കോട് : സെപ്തംബർ 15 ന് ദേശീയ വ്യാപകമായി എസ്. എഫ്. ഐ ‘ഡിമാൻഡ് ഡേ ‘ എന്ന പേരിൽ പ്രതിഷേധിച്ചു. ആർഎസ്എസ് വിഭാവനം ചെയ്യുന്ന പുത്തൻ വിദ്യാഭ്യാസ നയം നമുക്ക് വേണ്ട… അപ്രഖ്യാപിത നിയമന നിരോധനം കേന്ദ്ര സർക്കാർ പിൻവലിക്കുക… എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന പ്രസിഡണ്ട് വി.എ വിനീഷ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസനയം രാജ്യത്തിന്റെ മതനിരപേക്ഷ – ഫെഡറൽ തത്വങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും വിദ്യാഭ്യാസ മേഖലയെ സ്വകാര്യ വൽക്കരണത്തിന് സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് മോദി ഭരണകാലത്ത് മൂന്ന് ഇരട്ടിയിൽ അധികമായി വർധിപ്പിച്ചു എന്നും ഈ നയങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മിറ്റി അംഗം എം.സിനാൻ ഉമ്മർ അധ്യക്ഷനായി. ജില്ല ജോ: സെക്രട്ടറി ബി.സി അനുജിത്ത്, ജില്ല വൈസ് പ്രസിഡണ്ട് എസ്.ബി അക്ഷയ്, ബാലസംഘം ജില്ല സെക്രട്ടറി അഖിൽ നാസിം, എം.അക്ഷയ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ടി.അതുൽ സ്വാഗതവും ജില്ല കമ്മിറ്റി അംഗം നവ്യ.എ.പി നന്ദിയും പറഞ്ഞു.