ഉള്ള്യേരി: പേരാമ്പ്ര- ഉള്ള്യേരി പാതയില്‍ കൈതക്കല്‍ ബസ്സ്റ്റോപ്പിന് സമീപം ടിപ്പറിനടിയില്‍ പെട്ട് സ്ക്കൂട്ടര്‍ യാത്രികനായ റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ മരിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പക്ടറായിരുന്ന ചാലിക്കരയിലെ വിളക്കുകണ്ടത്തില് ഇബ്രാഹിം (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.15 ഓടെയാണ് അപകടം. ഇരു വാഹനങ്ങളും പേരാമ്പ്ര ഭാഗത്തു നിന്ന് നടുവണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. സ്ക്കൂട്ടറിനെ മറികടക്കുന്നതിനിടയില്‍ ടിപ്പര്‍ സ്ക്കൂട്ടറിനെ തട്ടിയിടുകയും ഇബ്രാഹിമിന്റെ തലയിലൂടെ ടോറസ് ടിപ്പറിന്റെ പിന്‍വശത്തെ നാല് ടയറുകള്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ സ്ക്കൂട്ടറില്‍ ഉണ്ടായിരുന്ന പേരക്കുട്ടി റോഡിന്റെ വശത്തേക്ക് തെറിച്ച് വീണെങ്കിലും പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ചേനോളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ഫാത്തിമ. മക്കള്‍: ജാഫര്‍(ഗള്‍ഫ്), നാസര്‍(വിമുക്ത ഭടന്), ജഫീന, പരേതനായ നൗഫല്‍. മരുമകന്: ജൈസല്‍ (മൂലാട്).