
തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേം കുമാർ. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമാണ് പ്രേം കുമാർ പറയുന്നത്. നീതി ലഭിച്ചില്ലെന്ന് അതിജീവിത തന്നെ പറയുമ്പോൾ അത് ലഭിച്ചുവെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയുമെന്നാണ് പ്രേം കുമാറിൻ്റെ ചോദ്യം. കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണ്. ഒന്നാംപ്രതിയും അതാണ് പറഞ്ഞത്.
ദിലീപ് പറയുന്നു അയാൾക്ക് എതിരെ ഗൂഢാലോചന ഉണ്ടെന്ന്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ആർക്കെതിരെയാണ് ഈ ഗൂഢാലോചന എന്നാണ് ഇനി കണ്ടെത്തേണ്ടത് എന്നും പ്രേം കുമാർ പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും പ്രേം കുമാർ ആവശ്യപ്പെട്ടു. കുറ്റക്കാരാണെന്ന് കോടതി ഇപ്പോൾ വിധിച്ച പ്രതികൾക്ക് നല്ല ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. പൊതുസമൂഹവും ഇപ്പോൾ വിശ്വസിക്കുന്നു ഇതിനകത്ത് ഒരു ഗൂഢാലോചന ഉണ്ടെന്ന്. ഇതിന് പിന്നിൽ ആര് തന്നെ ആയിരുന്നാലും ശരി, അവർക്ക് ഏറ്റവും മാതൃകാപരമായ ശിക്ഷ തന്നെ നൽകണമെന്നും പ്രേം കുമാർ ആവശ്യപ്പെട്ടു.




