
എറണാകുളം : *സീറോ മലബാർ സഭയിലെ പ്രിയപ്പെട്ട മെത്രാൻമാർക്കൊരു തുറന്ന കത്ത്* ……. . എഴുതണമെന്ന പ്രേരണയെ തടഞ്ഞു നിർത്താൻ പലവട്ടം ശ്രമിച്ചു. പക്ഷെ ഇന്ന് ഞാൻ പരാജയപ്പെട്ടിരിക്കുന്നു.
ആദരണീയരായ പിതാക്കൻമാരേ,
സീറോമലബാർ സഭയുടെ ആസ്ഥാന രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മെത്രാനും അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുന്ന കൂരിയ അംഗങ്ങളായ വൈദികരും രൂപതാ കേന്ദ്രം ഉപേക്ഷിച്ചു പോയ വാർത്ത 2024 സെപ്റ്റംബർ 27 ന് തന്നെ നിങ്ങളും അറിഞ്ഞു കാണുമല്ലോ !!!ഇക്കഴിഞ്ഞ ഉത്രാടദിനത്തിൽ
എറണാകുളം അതിരൂപതയിലെ ഒരു വൈദികനെ ഏതാനും വിശ്വാസികൾ ചേർന്ന് ആക്രമിച്ചതും നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ ? ഏതാനും മാസങ്ങൾക്കു മുമ്പ് പള്ളിമുറ്റത്ത് വച്ച് വിശ്വാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ നിഷ്കളങ്കനായ ഒരു മനുഷ്യൻ്റെ മരണത്തിന് കാരണമായതും നിങ്ങൾ അറിയാതിരിക്കാൻ വഴിയില്ല. കൂടാതെ കുറച്ചു നാളുകളായി പള്ളിയിലും പള്ളിക്ക് പുറത്തും പരിപാവനമായ അൾത്താരയിൽ പോലും വിശ്വാസികൾ പോരടിക്കുന്നതിൻ്റെ തത്സമയ സംപ്രേക്ഷണം നിങ്ങളും കണ്ടിട്ടുണ്ടാവും.
സാമൂഹ്യ മാധ്യമങ്ങളിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. അവയെല്ലാം വെറുപ്പിനെ വിരിയിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹാച്ചറികളാണ്. നിങ്ങളിൽ പലരും അതിലെ അംഗങ്ങളുമാണ് എന്ന അറിവ് ഏറെ ദുഃഖകരം. ആയിരം അണുബോംബുകളേക്കാൾ പ്രഹരശേഷിയുള്ള വെറുപ്പിൻ്റെ സംഭരണ വിതരണ കേന്ദ്രങ്ങളാണ് അവയിൽ പലതും. !!
എല്ലായിടത്തും പാവം മനുഷ്യർ തമ്മിൽ പോരടിക്കുകയാണ്. വൈദിക പരിശീലന കേന്ദ്രങ്ങളിലും സന്യാസ ഭവനങ്ങളിലും കുടുംബ യൂണിറ്റുകളിലും ഭക്ത സംഘടനകളിലുമൊക്കെ ഇതിൻ്റെ പകർന്നാട്ടം നടക്കുന്നു. വളരെ സന്തോഷത്തോടും സ്നേഹത്തോടും കൂടെ നടന്നുവന്നിരുന്ന വൈദിക ബാച്ച് കൂട്ടായ്മകൾ പലതും നിന്നുപോയി !!! എവിടെയും സംശയവും ഭയവും അരങ്ങ് വാഴുന്നു. !!! സ്വദേശത്ത് മാത്രമല്ല, വിദേശത്തും സഭാഗംങ്ങളുടെ ബന്ധങ്ങളിൽ ഗുരുതരമായ വിള്ളൽ വീണിരിക്കുന്നു.
ആരാണ് ഈ ദുരവസ്ഥയ്ക്ക് കാരണം ???
*പ്രിയ പിതാക്കൻമാരേ , നിങ്ങളാണ്, നിങ്ങൾ മാത്രമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.*
ഒരുമിച്ച് നടക്കുകയും സുഖദു:ഖങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്ന സഭാമക്കള പരസ്പരം ശത്രുക്കളാക്കിയതും കണ്ടാൽ മിണ്ടാൻ പറ്റാതാക്കിയവരും നിങ്ങളാണ്. അവരുടെ സ്നേഹത്തിൻ്റെ പച്ചപ്പു നിറഞ്ഞ ഭൂമികയിൽ വെറുപ്പിൻ്റെ മുൾച്ചെടികൾ നട്ടു വളർത്തിയതും മറ്റാരുമല്ല.
ഓർക്കുന്നില്ലേ,
2021 ൽ കോവിഡ് മഹാമാരിയുടെ
പാരമ്യത്തിൽ നിങ്ങൾ കുടം തുറന്നുവിട്ട ഒരു വൈറസിനെ ? അതിൻ്റെ പേരിലാണ് ഈ പാവപ്പെട്ട മനുഷ്യർ തമ്മിൽ പരസ്പരം പോരടിക്കുന്നത്. അല്ലാതെ അവരുടെ വ്യക്തിപരമായ എന്തെങ്കിലും കാരണങ്ങളുടെ പേരിലല്ല.
കോവിഡ് മഹാമാരിയെ മനുഷ്യൻ വരുതിയിലാക്കി…… . എന്നാൽ നിങ്ങൾ സൃഷ്ടിച്ച ഈ വിഭജന വൈറസ് മനുഷ്യ ഹൃദയങ്ങളിലുടെ അതിവേഗം പടർന്ന് ഇന്ന് മറ്റൊരു മഹാമാരിയായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.
” *കൈപ്പിഴ മർത്യന് ജന്മസിദ്ധം* ” എന്ന് പാടിയത് മഹാകവി വള്ളത്തോൾ ആണ്. മെത്രാൻമാരും പിഴവുകൾക്ക് അതീതരല്ല. പിഴവ് ; അതാർക്കും സംഭവിക്കാം.
എന്നാൽ എന്നെ അത്ഭുതപ്പെടുത്തുന്നത്, നിങ്ങളെ ഇതൊന്നും അല്പം പോലും അസ്വസ്ഥതപ്പെടുത്തുന്നില്ല എന്ന കാര്യമാണ്. നിങ്ങൾ സുഭിക്ഷമായി ഭക്ഷിക്കുകയും ഗാഢമായി ഉറങ്ങുകയും ചെയ്യുന്നു……….. ഭൂഖണ്ഡാന്തര യാത്രകളിൽ ഏർപ്പെടുന്നു……… വിരുന്നുകളിലെ അഗ്രാസനങ്ങൾ അലങ്കരിക്കുന്നു…….. ജീവിതം ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു…….!!.
അറിയുക – നഗ്നരാണ് നിങ്ങൾ !!!! …….. എങ്കിലും ലജ്ജ എന്ന വികാരം നിങ്ങളിലില്ല. മനുഷ്യൻ്റെ സ്വഭാവിക ഗുണങ്ങളായ സ്നേഹവും ആർദ്രതയും കാരുണ്യവുമൊക്കെ നിങ്ങളിൽ നിന്നും കുടിയിറങ്ങിയിട്ട് എത്രയോ കാലമായി. ഇന്ന്
ചൂടോ തണുപ്പോ നിങ്ങളിൽ അവശേഷിക്കുന്നില്ല.
ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിന്റെ സ്പർശമണികൾ എന്ന കവിതയിൽ പറയുമ്പോലെ, നിങ്ങളിലെയും നന്മകൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നു.
ദയവായി നിങ്ങളൊന്ന് മനുഷ്യരാകൂ……… .
ഒരു ദിവസത്തേക്കെങ്കിലും ആ ആടയാഭരണങ്ങളും അധികാര ചിഹ്നങ്ങളും ഒന്നഴിച്ചു മാറ്റൂ……… എന്നിട്ട് കൊട്ടാര സമാനമായ അല്ല കൊട്ടാരം തന്നെയായ അരമനകളിൽ നിന്നും പുറത്തു വരൂ. ……….. ഇനി ഒരു സാധാരണ മനുഷ്യൻ്റെ വസ്ത്രം ധരിച്ച് അല്പനേരം കൃഷിഭൂമിയിൽ പണിയെടുക്കൂ…….. അപ്പോൾ മണ്ണിൻ്റെ മധുരമായ സ്പർശനം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും……… സൂര്യൻ്റെ താപം കൊണ്ട് ശരീരം വിയർപ്പിൽ സ്നാനം ചെയ്യുമ്പോൾ , ഇളം കാറ്റ് വന്ന് ശരീരത്തെ തഴുകുന്ന മനോഹര നിമിഷങ്ങൾ നിങ്ങൾക്കാസ്വദിക്കാൻ കഴിയും…………. അടുത്ത് പുഴയുണ്ടെങ്കിൽ ഒന്ന് മുങ്ങിക്കുളിക്കൂ. ആ പുഴയുടെ കരയിൽ മരത്തണലിലിരുന്ന് മനുഷ്യൻ്റെ ജീവിതം പറയുന്ന ഏതെങ്കിലും കഥ വായിക്കൂ……… ഒരു പുതിയ മനുഷ്യൻ വീണ്ടും നിങ്ങളിൽ ജനിക്കുന്നത് അനുഭവിക്കാൻ സാധിക്കും. …….
തീർന്നില്ല. വല്ലപ്പോഴുമൊക്കെ ആ ആഢംബര കാറുകൾക്ക് അവധി കൊടുക്കൂ……… കെ. എസ്. ആർ. ടി. സി. ബസിലും ട്രെയിനിലെ ജനറൽ കംമ്പാർട്ട്മെൻ്റിലും യാത്ര ചെയ്യൂ …….. അവിടെയൊക്കെ നിങ്ങൾ വിയർപ്പിൻ്റെ ഗന്ധമുള്ള, നെടുവീർപ്പുകളുള്ള പച്ചയായ മനുഷ്യനെയും അവൻ്റെ ജീവിത യാഥാർഥ്യങ്ങളെയും കണ്ടുമുട്ടും. . . . .
പോകുന്ന വഴികളിലെ ചെറിയ ഭക്ഷണശാലകളിൽ നിന്നും ഭക്ഷണം കഴിക്കൂ. അവിടെ 10 രൂപയുടെ ചായയും പലഹാരവും കൊതിയോടെ ആസ്വദിച്ച് കഴിക്കുന്ന വിശക്കുന്ന മനുഷ്യരെ കാണാനാകും.
ഇങ്ങനെ പതുക്കെ പതുക്കെ നിങ്ങളിലെ മനുഷ്യൻ വീണ്ടും ഉയിർത്തെഴുന്നേല്ക്കും. !!
എനിക്കുറപ്പുണ്ട്: …. കാരണം നിങ്ങളിൽ ഒരു നല്ല മനുഷ്യൻ പണ്ട് ജീവിച്ചിരുന്നിരുന്നു.
ഓർക്കുക : ഒരു നല്ല മനുഷ്യൻ്റെ ഹൃദയത്തിൽ മാത്രമേ ദൈവീക നന്മകൾ നാമ്പെടുക്കൂ. അവർക്ക് മാത്രമേ മനുഷ്യൻ്റെ പ്രശ്നങ്ങൾക്ക് ദൈവീകമായ രീതിയിൽ പരിഹാരമുണ്ടാക്കാൻ സാധിക്കൂ.
യേശു പറഞ്ഞു : “വീണ്ടും ജനിക്കുന്നില്ലെങ്കിൽ
ഒരുവന് ദൈവരാജ്യം കാണാൻ കഴിയുകയില്ല ”
( യോഹന്നാൻ, 3 : 3)
*ഇല്ല…..!! സമയം ഇനിയും വൈകിയിട്ടില്ല*.
ഫാ. അജി പുതിയാപറമ്പിൽ
28: 09: 2024.