കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ, ഈരാറ്റുപേട്ടയിൽ വൈദികനെ വാഹനം ഇടിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെയാണ് വിമർശനം. മുഖാമുഖത്തിൽ കെഎൻഎം നേതാവ് ഹുസൈൻ മടവൂർ പൊലീസ് മുസ്ലിം സമുദായത്തെ ഉന്നം വെക്കുന്നുവെന്ന് ആരോപിച്ചതിനോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഖപത്രം ‘സുപ്രഭാതം’ രംഗത്തു വന്നു.
മുഖ്യമന്ത്രിയുടെ പ്രതികരണം യാദൃശ്ചികമെന്ന് കരുതാനാവില്ല. അക്രമികൾക്ക് മുസ്ലിം ചാപ്പ കുത്തിയത് സംഘ്പരിവാർ രീതിയാണ്. മതവും നിറവും നോക്കി വർഗീയവാദികളുടെ രീതിയിൽ മുഖ്യമന്ത്രി താഴാൻ പാടില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ആരുടെ കയ്യടി നേടാനാണ് മുഖ്യമന്ത്രി അവാസ്ഥവം ആരോപിച്ചതെന്നും മുഖപ്രസംഗത്തിൽ ചോദ്യമുയർന്നു.
മുഖപ്രസംഗത്തിന്റെ പൂർണരൂപം
മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി !
പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളിമുറ്റത്ത് ഒരുകൂട്ടം വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തെ മതം നോക്കി വിലയിരുത്തി, മുസ്-ലിം വിഭാഗം കാട്ടിയ തെമ്മാടിത്തമെന്ന് അധിക്ഷേപം ചൊരിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ മതേതര കേരളത്തെ അമ്പരപ്പിച്ചു. അതിക്രമം കാട്ടിയ കുട്ടികളോ അതു നേരിട്ട പള്ളി വികാരിയോ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളോ അന്നാട്ടുകാരോ കാണാത്ത, ചിന്തിക്കാത്ത തലത്തിലേക്ക് ആ വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറിയത് പൊതുസമൂഹത്തെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കിയത്.
ഒരു ചെറിയ കൂട്ടം വിദ്യാർത്ഥികളുടെ തീർത്തും തെറ്റായ അക്രമപ്രവർത്തനത്തെ ആ വിധത്തിൽ കാണുന്നതിനും കൈകാര്യം ചെയ്യുന്നതിനും പകരം അക്രമികൾക്ക് മുസ് ലിംചാപ്പ കുത്തിയത് സംഘ്പരിവാർ രീതിയായിപ്പോയി. നാട്ടിൽ വാഹനാപകടം ഉണ്ടായാലും അതിർത്തി തർക്കമുണ്ടായാലും വ്യക്തികൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടായാലും അതിലൊക്കെ മതനിറം നോക്കി ഇടപെടുന്ന വർഗീയ വാദികളുടെ രീതിയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി താഴ്ന്നുപോവാൻ പാടില്ലായിരുന്നു. ആരെ സുഖിപ്പിക്കാനാണ്, ആരുടെ കൈയടി നേടാനാണ് മുഖ്യമന്ത്രി അവാസ്തവമായ ഒരു കാര്യം ആരോപിച്ചത് !
തെരഞ്ഞെടുപ്പ് കാലമായതിനാൽ തൊടുന്നതിലൊക്കെ രാഷ്ട്രീയ താൽപര്യം കാണുന്ന പതിവ് ശൈലി മാത്രമല്ല അത്. മറിച്ച് ഒരു വിഭാഗത്തെ പൊതുബോധത്തിൽ ബോധപൂർവമായി കുഴപ്പക്കാരാക്കി ചിത്രീകരിക്കുകയായിരുന്നു. ഇസ്-ലാമോഫോബിയ എന്നത് ഫാസിസ്റ്റുകളുടെ രീതിയാണ്. കാണുന്നതിലും കേൾക്കുന്നതിലും ചിന്തിക്കുന്നതിലും വരെ ഇസ്-ലാംവിരുദ്ധത കെട്ടിപ്പൊക്കുകയെന്നത് സംഘ്പരിവാർ കാലങ്ങളായി പ്രയോഗിക്കുന്ന വിഷലിപ്തമായ ആയുധങ്ങളിലൊന്നാണ്. അതേ രീതിയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയും പെരുമാറാമോ.
””എന്തു തെമ്മാടിത്തമാണ് യഥാർഥത്തിൽ അവിടെ കാട്ടിയത്. ആ ഫാദറിനു നേരെ വാഹനം കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുക. എന്നാൽ, അതിൽ മുസ് ലിം വിഭാഗക്കാർ മാത്രമാണുണ്ടായത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ല”. ഇതായിരുന്നു തിരുവനന്തപുരത്തെ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയുടെ പരാമർശം. സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷം മുൻകൂട്ടി നിശ്ചയിച്ച പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഇത്തരത്തിൽ മുസ്-ലിംവിരുദ്ധ പ്രസ്താവന നടത്തിയത് യാദൃഛികമെന്ന് കരുതാനാകില്ല. സംഭവത്തിനു പിന്നിലെ സത്യമെന്തെന്ന് മനസിലാക്കാൻ അദ്ദേഹത്തിന് മുന്നിൽ ഉപദേശകരും പൊലിസ് റിപ്പോർട്ടും സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരും മാത്രമല്ല, ഉള്ളതെന്ന് പിണറായി വിജയനെ അടുത്തറിയുന്ന ആർക്കും മനസിലാവുന്ന കാര്യമാണ്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ പോലെ അപക്വമായി മുഖ്യമന്ത്രി സംസാരിക്കുന്നത് നാടിന് നല്ലതല്ല. ഏതു വസ്തുതകളുടെ പിൻബലത്തിലാണ് പൂഞ്ഞാറിൽ മുസ്-ലിം വിദ്യാർത്ഥികൾ തെമ്മാടിത്തം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പൊലിസ് റിപ്പോർട്ട് ഉദ്ധരിച്ചോ, പാർട്ടി ലോക്കൽ കമ്മിറ്റി ഓഫിസിൽ നിന്നുള്ള വിവരം അനുസരിച്ചോ?. രണ്ടായാലും അതു തെറ്റായ വിവരമാണെന്ന് അന്നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഭവസ്ഥലത്തെ ദൃക്‌സാക്ഷികൾ, നാട്ടിലെ വിവിധ സമുദായ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ എല്ലാം ഒരേ സ്വരത്തിൽ വ്യാജമെന്ന് സാക്ഷ്യപ്പെടുത്തിയ സംഭവം മുസ്-ലിം വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള വടിയായി മുഖ്യമന്ത്രി ഉപയോഗിച്ചത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല.
ഫെബ്രുവരി 23ന് ഈരാറ്റുപേട്ടയ്ക്കടുത്ത പൂഞ്ഞാർ സെന്റ്മേരീസ് ഫൊറോന പള്ളിയിലെ അനിഷ്ട സംഭവങ്ങളാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിന് ആധാരം. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ ഫെയർവെൽ ആഘോഷത്തിന്റെ ഭാഗമായി പള്ളിമുറ്റത്തെത്തിയ ഒരുകൂട്ടം വിദ്യാർത്ഥികൾ ബൈക്ക് റേസ് നടത്തി. പുറത്തെ ബഹളം കാരണം പ്രാർത്ഥന തടസപ്പെട്ടതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ അസിസ്റ്റന്റ് വികാരി ഫാദർ തോമസ് ആറ്റുച്ചാലുമായി വിദ്യാർത്ഥികൾ തർക്കിക്കുകയും അദ്ദേഹത്തെ ബൈക്കിടിച്ച് വീഴ്‌ത്തുകയും ചെയ്തു. ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്ത അതിക്രമം തന്നെയാണ് കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായത്. മാതൃകാപരമായി അവർ അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും വേണം. എന്നാൽ, ആ സംഭവത്തെ വഴിതിരിച്ചുവിട്ട് വർഗീയ പ്രചാരണത്തിന് ചിലർ ശ്രമിച്ചതോടെയാണ് വിവാദം പുറംലോകമറിഞ്ഞത്.
മുസ്ലിം വിഭാഗക്കാരുടെ പേക്കൂത്തെന്നാണ് പല സംഘ് അനുകൂല ഹാൻഡിലുകളും എഴുതിവിട്ടത്. സംഭവത്തെ ദുർവ്യാഖ്യാനം ചെയ്തും വ്യാജ ഉള്ളടക്കങ്ങൾ നൽകിയും മുസ്-ലിംവിരുദ്ധ പ്രചാരണം കൊണ്ടുപിടിക്കുന്നതിനിടെ യാഥാർഥ ചിത്രവുമായി ചില സഭാ വിശ്വാസികളും നാട്ടുകാരും രംഗത്തുവന്നു. സംഭവത്തിന് സാമുദായിക നിറം നൽകരുതെന്നും വ്യാജ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും പൂഞ്ഞാറിലെയും ഈരാറ്റുപേട്ടയിലെയും ആളുകൾ വ്യക്തമാക്കുന്നുണ്ടായിരുന്നു. സംഭവം വഴിതിരിച്ചുവിടുന്നത് തടയുന്നതിന് ഈരാറ്റുപേട്ടയിൽ സർവകക്ഷി യോഗവും ചേർന്നിരുന്നു. നാട്ടുകാർക്കും പള്ളിയിൽ അന്നേരമുണ്ടായിരുന്ന വിശ്വാസികൾക്കും സ്‌കൂളിലെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഉൾപ്പെടെ അറിയുന്നൊരു സത്യത്തെയാണ് സ്ഥാപിത താൽപര്യം കുത്തിത്തിരുകിയുള്ള പ്രചാരണത്തിന് വിദ്വേഷ-വിചാരധാരക്കാർ ഉപയോഗിച്ചതെന്ന് സർവക്ഷി യോഗത്തിൽ സംസാരിച്ചവർ വ്യക്തമാക്കി. എന്നാ,ൽ ദുഷ്പ്രചാരണങ്ങൾക്ക് ബലം നൽകുന്ന വിധത്തിലായിരുന്നു പൊലിസ് നടപടികൾ.
സംഭവത്തിൽ സംഘ്പരിവാറും ചില തീവ്ര നിലപാടുള്ള ക്രിസ്ത്യൻ സംഘടനകളും നടത്തിയ പ്രചാരണത്തെ ശരിവച്ചുകൊണ്ട് പള്ളി വികാരിയെ കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ മുസ് ലിം വിദ്യാർത്ഥികളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പൊലിസ്. തങ്ങളുടെ കുട്ടികളെ മാത്രം പിടിച്ചുകൊണ്ടു പോകുന്നുവെന്ന് അന്നാട്ടിലെ പള്ളിക്കമ്മിറ്റികളും സമുദായ സംഘടനകളും പരസ്യമായി പരാതിപ്പെടേണ്ട സാഹചര്യം വരെയുണ്ടായി. ഇതാവട്ടെ, വർഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലെന്ന് ഇടതുപക്ഷം ആവർത്തിക്കുന്ന കേരളത്തിലാണെന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്.
പൂഞ്ഞാർ സംഭവത്തിൽ യഥാർഥ വസ്തുതകൾ മനസിലാക്കാൻ തയാറാവാതെ സമുഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരുടെ പോസ്റ്റുകൾ വിശ്വാസത്തിലെടുത്തതു പോലുള്ള പരാമർശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. സംഭവം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനു പകരം ആരെയൊക്കെയോ പ്രീതിപ്പെടുത്താനുള്ള പരിശ്രമമാണ് മുഖ്യമന്ത്രിയുടെ പ്രസ്താനക്ക് പിന്നിലുള്ളതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ പ്രസ്താവനയിലൂടെ മുസ്-ലിം സമുദായത്തെ അപകീർത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഖേദം പ്രകടിപ്പിക്കുക മാന്യതയായിരുന്നു. എന്നാൽ, അതുണ്ടായിട്ടില്ല. മതേതര കേരളത്തിൽ മുസ്-ലിംക്രിസ്ത്യൻ സംഘർഷത്തിലൂടെ തങ്ങളുടെ വിശാല ലക്ഷ്യത്തിലേക്കുള്ള വഴിവെട്ടുകയാണ് സംഘ്പരിവാർ എന്ന കാര്യം അറിയാവുന്ന മുഖ്യമന്ത്രി തന്നെ അതിന് ചൂട്ട് പിടിക്കുന്ന സമീപനം സ്വീകരിക്കരുത്.