KERALAlocaltop news

മദ്യ – രാസലഹരിയിൽ ആറാടും കേരളം : സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സി ബി സി മദ്യ- ലഹരിവിരുദ്ധ സമിതി

കോഴിക്കോട് : കേരളത്തിലെ ലഹരിവ്യാപനത്തിൽ സർക്കാർ തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെ ആഞടിച്ച് കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെ സർക്കുലർ. ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ച മാർച്ച് 23 ന് കെ സി ബി സി യുടെ ലഹരി വിരുദ്ധ സർക്കുലർ ലത്തീൻ ദേവാലയങ്ങളിൽ വായിച്ചു. സർക്കുലറിൻ്റെ പൂർണരൂപം താഴെ –

മദ്യ-ലഹരിവിരുദ്ധ ഞായർ – 2025 മാർച്ച് 23

മദ്യ-ലഹരി വിരുദ്ധ ഞായർ ആചരണത്തിൻ്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ നല്‌കുന്ന സർക്കുലർ

വന്ദ്യ വൈദികരെ, സന്യസ്‌തരെ, മിശിഹായിൽ പ്രിയരേ,

കേരള കത്തോലിക്കാ സഭ മാർച്ച് 23-ാം തീയതി മദ്യ-ലഹരിവിരുദ്ധ ഞായറാഴ്ചയായി ആചരിക്കുകയാണ്. സമൂഹത്തിൽ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന മദ്യ-രാസലഹരിയെ കുറിച്ച് സഭയായി ചർച്ച ചെയ്യുന്നതിനും ഈ മഹാവിപത്തിനെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യുന്നതിനുമുള്ള മാർഗങ്ങൾ കണ്ടെത്തുകയുമാണ് മദ്യ-ലഹരിവിരുദ്ധ ഞായർ എന്നതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ‘മദ്യ-ലഹരിവിരുദ്ധ സഭയും സമൂഹവും’ എന്ന ആപ്‌തവാക്യം സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ 27 വർഷമായി കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സമിതി പ്രവർത്തിച്ചുവരുന്നു.

മാരകമായ രാസ ലഹരിയുടെയും മദ്യത്തിൻ്റെയും നീരാളി പിടുത്തത്തിലാണ് ഇന്ന് നമ്മുടെ കേരളം, എവിടെയും മദ്യവും മയക്കുമരുന്നുകളും സുലഭം. ഇവയ്ക്ക് അടിമപ്പെടുന്നവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു. മദ്യത്തിൻ്റെയും രാസലഹരിയുടെയും ഉപയോഗംവഴി മനുഷ്യർ ക്രൂരരും അക്രമാസക്തരും അപഹാസ്യരുമാകുന്നു. അതോടൊപ്പം, കുടുംബങ്ങളിൽ സമാധാനം ഇല്ലാതാകുന്നു. അധ്വാനഫലം ചോർന്നുപോകുന്നു. സമ്പാദ്യങ്ങൾ നശിക്കുന്നു. അനുഗ്രഹം അന്യമാകുന്നു. കുടുംബങ്ങൾ അനാഥമാകുന്നു. ബന്ധങ്ങൾ തകരുന്നു. ആത്മഹത്യകൾ വർദ്ധിക്കുന്നു. ധാർമികതയ്ക്ക് വിലയില്ലാ താകുന്നു. സ്വന്തം ഭവനത്തിൽ പോലും സ്വന്തപ്പെട്ടവർക്ക് പേടിച്ച് കഴിയേണ്ട അവസ്‌ഥ. ചുരുക്കത്തിൽ, സമൂഹത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന സാമൂഹ്യ തിന്മയായി മദ്യ-രാസലഹരി ഉപയോഗം മാറിക്കഴിഞ്ഞിരി ക്കുന്നു.

തുടർഭരണം നേടി വരുന്ന സർക്കാരുകൾ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ വില്പനയും മദ്യ നിർമ്മാണവും ബാറിൻ്റെയും ബിവറേജ് ഔട്ട്‌ലെറ്റുകളുടെയും എണ്ണം വർദ്ധിപ്പിച്ചും, ഐ.ടി. പാർക്കുകളിൽ ബാറും പബ്ബും ആരംഭിച്ചുകൊണ്ടും അവസാനമായി പാലക്കാട് എലിപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് ബ്രൂവെറിക്ക് അനുമതി നൽകിയും നമ്മുടെ നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാനുള്ള അണിയറ ഒരുക്കങ്ങൾ നടക്കുന്നു. മറുവശത്ത്, പൊതുജനം ശാരീരികമായും മാനസികമായും തകർന്നുകൊണ്ടിരിക്കുന്നു. സർക്കാരിൻ്റെ തന്നെ പദ്ധതിയായ “അമൃതം ആരോഗ്യം” എന്നതിലൂടെ പത്തു ലക്ഷത്തിലധികം പേരാണ് പുകയില ഉപയോഗം വഴിയുണ്ടായിട്ടുള്ള രോഗങ്ങൾക്ക് ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൻ്റെ രണ്ടാംഘട്ടത്തിൽ 23 ലക്ഷം പേർക്കാണ് ചികിത്സ നൽകാൻ ലക്ഷ്യമിട്ടിരിക്കുന്നത്. കേരളം ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഇവിടെ നാം കാണുന്നത്. നമ്മുടെ നാടിൻ്റെ എല്ലാ മുക്കിലും മൂലയിലും ലഹരി മാഫിയാകൾ സ്‌ഥാനമുറപ്പിച്ചു കഴിഞ്ഞു. കേവലം, 18 വയസ്സിന് താഴെ പ്രായമുള്ളവരുടെ ‘കുട്ടിഗുണ്ടാസംഘങ്ങൾ’ ലഹരിക്കടിമപ്പെട്ട് ചേരിതിരിഞ്ഞുള്ള ആക്രമണങ്ങൾ ഇവിടെ നടമാടുമ്പോഴും അധികാരികളുടെ കണ്ണുകൾ അടഞ്ഞു തന്നെ.

കേരളത്തിൽ അതിവേഗം വളർന്നുവരുന്ന മദ്യ-രാസലഹരി മാഫിയായെ അമർച്ച ചെയ്യുവാൻ എല്ലാവർക്കും ബാധ്യതയുണ്ട്. സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെങ്കിലും ഒന്നും ഫലം കാണുന്നില്ല. ഒന്നാമതായി, രാസ ലഹരിയുടെ ദോഷഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. അഞ്ചാം ക്ലാസ് മുതൽ കോളേജ് തലംവരെയുള്ള ക്ലാസുകളിൽ മദ്യ-രാസ ലഹരിയുടെ തിക്തഫലങ്ങൾ വിശദമായി പഠിപ്പിക്കണം. സംസ്‌ഥാന അതിർത്തികളിലും റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലും നിരീക്ഷണം ശക്തമാക്കണം. കേരളത്തിലേക്ക് തൊഴിൽ തേടി പുറത്തു നിന്നുവരുന്നവരെ സമ്പൂർണ്ണ പരിശോധനയ്ക്ക് വിധേയമാക്കണം. നമ്മുടെ മതബോധന ക്ലാസുകളിൽ ഈ വിഷയം ഗൗരവമായി പഠിപ്പിക്കണം. കേരള ഹൈക്കോടതിയുടെ അഭിപ്രായത്തിൽ, യുവതലമുറയെയും പൊതുജനങ്ങളുടെ ആരോഗ്യത്തെയും തകർക്കുന്ന ആഗോള പകർച്ചവ്യാധിയാണ് മദ്യവും രാസലഹരികളും. നാടിൻ്റെ സാമ്പത്തിക സ്‌ഥിരതയെയും അതിൻ്റെ ബഹുവിധ സംവിധാന ങ്ങളെയും ഇത് നശിപ്പിക്കുന്നു. മദ്യ-ലഹരിയുടെ വിപണനത്തിനും ഉപയോഗത്തിനും ശാശ്വത പരിഹാരം കാണുവാൻ സഭയ്ക്കും സഭയിലെ എല്ലാ വിശ്വാസികൾക്കും കടമയുണ്ട്. മാരകമായ ഈ വിപത്ത് സംബന്ധിച്ച് വിശ്വാസികൾ ബോധ്യമുള്ളവരാകണം. കൂട്ടായപ്രാർത്ഥനകളും, ബോധവൽക്കരണവും, മദ്യവിരുദ്ധ പ്രവർത്തനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും നടത്തണം.

“ലഹരിയുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യവും ജീവിതവും നശിപ്പിക്കുന്നു” (YOUCAT-389). രാസ ലഹരിയുടെ വിനാശകരമായ പാർശ്വഫലങ്ങൾ വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പറഞ്ഞു: മയക്കുമരുന്ന് കച്ചവടക്കാർ മരണ സംസ്‌കാരത്തിന്റെ വ്യാപാരികളാണ്. ചുരുക്കത്തിൽ, മയക്കുമരുന്നിൻ്റെ ഉപയോഗത്തെ എതിർക്കുകയും സമൂഹത്തിൽ നിന്ന് അത് ഇല്ലാതാക്കുകയും ചെയ്യുകയെന്നത് ഓരോ ക്രൈസ്‌തവൻ്റെയും ധർമ്മമാണ്. ഈ വിഷയത്തിൽ സഭയും സമൂഹവും അനുഭവിക്കുന്ന വെല്ലുവിളികളെ നേരിടാനും ഫലപ്രദമായി പരിഹാരം കണ്ടെത്തുവാനുമായി കെ.സി.ബി.സിയുടെ വിവിധ കമ്മീഷനുകൾ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള സഭയിലെ എല്ലാ അല്‌മായ പ്രസ്‌ഥാനങ്ങളും സംഘടനകളും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകണം. മദ്യ-ലഹരിവിരുദ്ധ ഞായർ ആചരിക്കുന്ന ഈ അവസരത്തിൽ സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് ചിന്തിക്കുകയും മദ്യ-രാസ ലഹരിയിൽ സഭാമക്കൾ ഉൾപ്പെടാതിരി ക്കുകയും വേണം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, മദ്യ-രാസ ലഹരിക്ക് അടിമപ്പെടുന്നവരെ ചികിത്സിക്കുക. ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുക എന്നീ ത്രിമാന പരിപാടികളിലൂടെ സമ്പൂർണ്ണ വിമോചനം നേടിയെടുക്കുവാനും, ഈ സാമൂഹ്യവിപത്തിനെതിരെ യുള്ള പോരാട്ടങ്ങൾ ശക്തമാക്കുവാനും ഈ മദ്യ-ലഹരിവിരുദ്ധ ഞായർ ആചരണം സഹായക മാകട്ടെ എന്ന് ആശംസിക്കുന്നു! ഈ ലക്ഷ്യം നേടിയെടുക്കാൻ കൂട്ടായി പ്രവർത്തിക്കാം. മാർച്ച് 23-ാം തീയതി ഞായറാഴ്‌ചയിലെ സ്തോത്രകാഴ്ച്‌ച മദ്യ-ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ രൂപതാ കേന്ദ്രത്തിൽ നൽകണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

മിശിഹായിൽ സ്നേഹപൂർവ്വം,

ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് (ചെയർമാൻ, കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സിമിതി)

ബിഷപ്പ് ആർ. ക്രിസ്തു‌ദാസ് (വൈസ് ചെയർമാൻ)

ബിഷപ്പ് സെബാസ്‌റ്റ്യൻ വാണിയപുരയ്ക്കൽ (വൈസ് ചെയർമാൻ)

കേരള കത്തോലിക്കാസഭയുടെ ആസ്‌ഥാന കാര്യാലയം പി.ഒ.സി. കൊച്ചി-682025

N:B: ഈ സർക്കുലർ 2025 മാർച്ച് 23-ാം തീയതി ഞായറാഴ്‌ച കേരളത്തിലെ സീറോ മലബാർ, ലത്തീൻ സീറോ മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുർബാന മധ്യേ വായിക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close