
മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ കൊട്ടക്കയത്ത് കാർഷിക വിപ്ലവം തീർത്തിരിക്കുകയാണ് ഒരു യുവ കർഷക കുടുംബം.
ഏതാനും മാസങ്ങൾക്കു മുൻപുവരെ ഈ കുന്നിൻ പുറം തരിശായിരുന്നു.കാടും പടലും നിറഞ്ഞു കിടന്നിരുന്ന ഈ സ്ഥലം ഇന്ന് കാണുന്ന ഹരിതാഭമായ കൃഷിഭൂമിയാക്കി മാറ്റിയതിനു പിന്നിൽ അബ്ദുൽ സലാം എന്ന കർഷകന്റെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ട്.ഒപ്പം ആത്മവിശ്വാസവും,മണ്ണിൽ വിയർപ്പൊഴുക്കിയ അധ്വാനവും. വെട്ടി നിരപ്പാക്കി ഉഴുതു മറിച്ചഈ മണ്ണ് അബ്ദുൽ സലാമിന് പകരം നൽകിയത് നൂറുമേനി വിളവ്.കയ്പ്പയും,മത്തനും,കക്കിരിയും,കുമ്പളവുമെല്ലാം ഇന്നീ കുന്നിൻമുകളിൽ കാർഷിക മനസ്സുള്ള ആരുടേയും മനോവീര്യത്തിനു ആക്കം കൂട്ടികൊണ്ടു വിളഞ്ഞു നിൽക്കുകയാണ്.
കൊടിയത്തൂർ കൃഷിഭവൻ്റെ സഹായത്തോടെയാണ് കൊട്ടക്കയത്തെ മൂന്നര ഏക്കറോളം വരുന്ന തരിശുനിലത്തത് വിവിധയിനംപച്ചക്കറികൾ കൃഷി ചെയ്തത്. കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു കൃഷി. അബ്ദുൽ സലാമിനൊപ്പം ഭാര്യയും മക്കളുമെല്ലാം ഒരുമിച്ചപ്പോൾ ഈ മൊട്ടക്കുന്നിൽ പച്ചപ്പ് വിളയുകയായിരുന്നു .മുഴുവൻ സമയ കർഷകനായ ഇദ്ദേഹം മുമ്പും രണ്ടര ഏക്കർ തരിശുനിലത്ത് പച്ചക്കറികൃഷിയിറക്കിയിരുന്നു. അതിൽ നിന്നുള്ള പ്രചോദനമാണ് ഇപ്പോഴത്തെ കൃഷി. കൃഷിവകുപ്പിന്റെ കീഴിലുള്ള വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിലാണ് പ്രധാനമായും വിൽപന നടത്തുന്നത്. മികച്ച വിലയും അതിലൂടെ ലഭിക്കുന്നു. കാർഷികവൃത്തിക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായവും ലഭ്യമാക്കി. ഗ്രാമ പഞ്ചായത്തംഗം കബീർ കണിയാത്താണ് ഇതിന് വഴിയൊരുക്കിയത്.
മികച്ച അധ്വാനവും താൽപര്യമുണ്ടെങ്കിൽ ഏതൊരാൾക്കും കൃഷിയിൽ ലാഭം സാധ്യമാണെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം തന്റെ കൃഷിയിലൂടെ.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.ഡി മീന വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി ഓഫീസർ കെ.ടി.ഫെബിദ, പഞ്ചായത്ത് അംഗം കബീർ കണിയാത്ത്, കൃഷി അസിസ്റ്റന്റ് എം.എസ് നഷീദ , എൻ.കെസത്യൻ, കുഞ്ഞിമുഹമ്മദ് മൂച്ചിക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.