KERALAlocaltop news

കത്തോലിക്കാ നേതൃത്വമെ ഇനിയെങ്കിലും ഒന്നു മിണ്ടിക്കൂടെ : ഛത്തീസ്ഗഡ് അക്രമത്തിൽ രൂക്ഷവിമർശനവുമായി ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം : ഛത്തീസ്ഗഗഡിൽ മലയാളി കന്യാസ്ത്രീകൾ ബജ്റംഗ്ദൾ പ്രവത്തികരുടെ ക്രൂര മർദ്ദനത്തിനിരയായി അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കത്തോലിക്കാ സഭാ നേതൃത്വത്തിൻ്റെ മുൻ ” മൗനവൃതത്തെ ” രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ. അദ്ദേഹത്തിൻ്റെ സമൂഹമാധ്യമ പോസ്റ്റിൻ്റെ പൂർണരൂപം താഴെ –

“*അവസാനം അവർ നമ്മളെയും തേടി വന്നു* ” [Martin Niemoller]

ആദ്യം അവർ പൗരത്വ ഭേദഗതി നിയമവുമായി വന്നു.

തികച്ചും വിവേചനപരമാണ് ഈ നിയമം എന്നറിഞ്ഞിട്ടും കേരള കത്തോലിക്കാ സഭ മിണ്ടിയില്ല……..

കാരണം നമ്മുടെ പൗരത്വത്തിന് പ്രകടമായി ഒരു പ്രശ്നവും ഇല്ലായിരുന്നു.

പിന്നീടവർ സ്റ്റാൻസ്വാമി എന്ന വൃദ്ധവൈദികനെ അന്യായമായി കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച്, ദാഹജലം പോലും കൊടുക്കാതെ കൊന്നു.

അപ്പോഴും നമ്മൾ മിണ്ടിയില്ല.

കാരണം സ്റ്റാൻസ്വാമി ഒരു മലയാളിയായിരുന്നില്ല. സേവനം ചെയ്തതാകട്ടെ, അങ്ങകലെ വടക്കേ ഇന്ത്യയിലെ ദളിതർക്കും ആദിവാസികൾക്കു വേണ്ടിയും. എന്തിന് ഈ ജസ്യൂട്ട് പാതിരിക്കുവേണ്ടി ഭരണകൂടത്തിൻ്റെ അപ്രീതി നേടണം.

(സ്റ്റാൻസ്വാമിയുടെ കാര്യത്തിൽ നിശ്ശബ്ദത പാലിച്ചില്ലെങ്കിൽ നിങ്ങളുടെ പല കേസുകളുടെയും കാര്യത്തിൽ ഭരണകൂടവും മിണ്ടാതിരിക്കില്ല എന്ന മുന്നറിയിപ്പ് വേറെയും!!! )

മണിപ്പൂർ കത്തിയെരിഞ്ഞപ്പോഴും നമ്മൾ മിണ്ടിയില്ല.

കാരണം നമ്മൾ മണിപ്പൂരിലെ ഒരു ഗോത്രത്തിലെയും അംഗമായിരുന്നില്ല.

വഖഫ് ബോർഡ് ആക്ട് വന്നപ്പോൾ നമ്മൾ മിണ്ടാതിരുന്നില്ല എന്നു മാത്രമല്ല ; പരസ്യമായി പിന്തുണയ്ക്കുകയും അങ്ങനെ ചെയ്യാൻ ജനപ്രതിനിധികളോട് ആവശ്യപ്പെടുകയും ചെയ്തു.

കാരണം വഖഫ് നിയമം നമ്മളെ തെല്ലും ബാധിക്കുന്നതായിരുന്നില്ല.

അവർ നിരവധി പാസ്റ്റർമാരെ ആക്രമിക്കുകയും അന്യായമായി അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുകയും ചെയ്തപ്പോഴും നമ്മൾ ഒന്നും മിണ്ടിയില്ല.

കാരണം നമ്മൾ പ്രൊട്ടസ്റ്റൻ്റുകാർ അല്ലായിരുന്നു.

അവർ ഡൽഹിയിൽ കുരിശിൻ്റെ വഴി നടത്താൻ അനുമതി നിഷേധിച്ചപ്പോഴും നമ്മൾ മിണ്ടിയില്ല.

കാരണം നമ്മൾ ഡൽഹിയിലെ കത്തോലിക്കർ
അല്ലായിരുന്നു.

അവസാനം, ഛത്തീസ്ഗഡിലെ ദുർഗിൽ നമ്മുടെ സഹോദരിമാരെ — സിസ്റ്റർ വന്ദന ഫ്രാൻസിസ് , സിസ്റ്റർ പ്രീതി മേരി –എന്നിവരെ പരസ്യമായി ആൾക്കൂട്ട വിചാരണ നടത്തി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചപ്പോൾ നമുക്ക് മനസ്സിലായി അവർ നമ്മളെയും തേടി വന്നുവെന്ന്……

ഇനിയെങ്കിലും ഉറച്ച ശബ്ദത്തിൽ ഒന്ന് മിണ്ടിക്കൂടേ ?!!!!

ഫാ. അജി പുതിയാപറമ്പിൽ
29-07-2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close