
തിരുവമ്പാടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 224-ന്റെ വാർഷിക പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടവുമായി തിരുവമ്പാടി ചാപ്റ്റർ. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഡിസ്ട്രിക്റ്റിലെ മികച്ച രണ്ടാമത്തെ ക്ലബ്ബിനുള്ള (Runner-up) പുരസ്കാരം തിരുവമ്പാടി ചാപ്റ്റർ കരസ്ഥമാക്കി. മികച്ച സെക്രട്ടറിക്കുള്ള അവാർഡിന് തിരുവമ്പാടി ചാപ്റ്ററിലെ ജെഫ്രിൻ ജോസ് അർഹനായി.
തലശ്ശേരിയിൽ നടന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഡിസ്ട്രിക്റ്റ് ഗവർണറിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രസിഡന്റ് അമൽ ടി. ജെയിംസ്, സെക്രട്ടറി ജെഫ്രിൻ ജോസ്, ട്രഷറർ ബോണി ജേക്കബ്, മാനുവൽ ജോസഫ് എന്നിവരാണ് അവാർഡ് സ്വീകരിച്ചത്. നിയുക്ത ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ കെ.ടി. സെബാസ്റ്റ്യൻ, മെർലോ കോഡിനേറ്റർ സണ്ണി തോമസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
അവാർഡ് നേട്ടത്തിന് പിന്നാലെ വരും വർഷത്തേക്കുള്ള ഡിസ്ട്രിക്റ്റ് ഭാരവാഹികളായി തിരുവമ്പാടി ചാപ്റ്ററിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തു. കെ.ടി. സെബാസ്റ്റ്യൻ (ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ), അമൽ ടി. ജെയിംസ് (ഡിസ്ട്രിക്റ്റ് ചെയർമാൻ), സണ്ണി തോമസ് (മെർലോ – MERLO) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവന രംഗത്തും ക്ലബ്ബ് നടത്തിയ മികച്ച ഇടപെടലുകൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു. ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെയും അവാർഡ് ജേതാക്കളെയും അലയൻസ് ക്ലബ്ബ് തിരുവമ്പാടി ചാപ്റ്റർ അഭിനന്ദിച്ചു.




