എറണാകുളം :
*വൈക്കം സത്യാഗ്രഹത്തിൻ്റെ രണ്ടാം പതിപ്പ്!!!! ???*
കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളിൽ ഒന്നാണ് വൈക്കം സത്യാഗ്രഹം. 1924 മാർച്ച് 30 മുതൽ 1925 മാർച്ച് വരെ നീണ്ടുനിന്ന ആ ഐതിഹാസിക സംഭവത്തിൻ്റെ നൂറാം വർഷത്തിലാണ് സമാന സ്വഭാവമുള്ള *അങ്കമാലി സത്യാഗ്രഹവും* നടക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ‘ഏകം’ എന്ന വൈദിക കൂട്ടായ്മയുടെയും അല്മായ മുന്നേറ്റത്തിൻ്റെയും നേതൃത്വത്തിലാണ് ഈ സത്യാഗ്രഹം. *ഫാ. ജോയ്സ് കൈതക്കോട്ടിലാണ്* അവരുടെ പ്രതിനിധിയായി ഉപവാസ സത്യാഗ്രഹം നടത്തുന്നത്.
ഇതിൽ ആദ്യത്തേത് ഹൈന്ദവ മതത്തിൽ ആയിരുന്നെങ്കിൽ രണ്ടാമത്തേത് ക്രൈസ്തവ മതത്തിൽ ആണെന്ന വ്യത്യാസം മാത്രം !!.
*എന്തുകൊണ്ട്???*
വെറും ഒരു നടപ്പുവഴിയുടെ പ്രശ്നമായിരുന്നില്ല വൈക്കം സത്യാഗ്രഹത്തിൻ്റെ മൂലകാരണം. മറിച്ച്
അധ:സ്ഥിതരെന്നും തീണ്ടികൂടാത്തവരെന്നും ചാപ്പകുത്തി സമൂഹത്തിൻ്റെ പൊതു ധാരയിൽ നിന്നും ഊടുവഴികളിലേയ്ക്ക് ആട്ടിയിറക്കപ്പെട്ട മനുഷ്യരുടെ സ്വത്വബോധത്തിൻ്റെ തിരിച്ചറിവാണ് ഇതിൻ്റെ അടിസ്ഥാന കാരണം. അതാണ് പിന്നീട് വൈക്കം സത്യാഗ്രഹമായി രൂപം പ്രാപിക്കുന്നത്.
ഏറെക്കുറെ സമാനമാണ് അങ്കമാലി സത്യാഗ്രത്തിൻ്റെ കാരണവും. !! പുരോഹിത നേതൃത്വത്തിന്റെ കണ്ണിൽ, അധ:സ്ഥിതരായും അടിമകളായും കരുതപ്പെടുന്ന വിശ്വാസി സമൂഹത്തിൻ്റെ തുല്യതയ്ക്കും തുല്യപങ്കാളിത്തത്തിനും വേണ്ടിയുള്ള പോരാട്ടമാണ് അങ്കമാലി സത്യാഗ്രഹം.!!
*ആർക്കെതിരേ ????*
ചാതുർവർണ്യത്താൽ രൂപപ്പെട്ട ബ്രാഹ്മണ മേധാവിത്വത്തിനെതിരേയായിരുന്നു വൈക്കം സത്യാഗ്രഹമെങ്കിൽ, കാനൻ നിയമത്താൽ സർവ്വാധികാരം കൈയ്യാളുന്ന
മെത്രാൻമാരുടെ അധികാര
ദുർവിനിയോഗത്തിനും അഴിമതിക്കും എതിരേയാണ് അങ്കമാലി സത്യാഗ്രഹം.!!
ഇവിടെ രണ്ടിടത്തും പ്രതിസ്ഥാനത്ത് മതനേതൃത്വമാണ് എന്നത് ചരിത്രത്തിലെ യാദൃശ്ചികതയാകാം.
*പങ്കാളികൾ ആരൊക്കെ???*
തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ സാധാരണക്കാരാണ് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും. ടി.കെ മാധവൻ, കെ. കേളപ്പൻ, എ.കെ ഗോപാലൻ, ഇ. വി. രാമസ്വാമി തുടങ്ങിയവരുടെ നേതൃത്വവും മഹാത്മാഗാന്ധിയുടെ അകമഴിഞ്ഞ പിന്തുണയും ഈ സമരത്തിന് ഊർജ്ജം പകർന്നു എന്നത് സത്യമാണ്.
എന്നാൽ അങ്കമാലി സത്യാഗ്രഹത്തിലെ പ്രധാന പങ്കാളികൾ കത്തോലിക്കാ വിശ്വാസികളും
പുരോഹിതരുമാണ്. പൗരോഹിത്യ ആധിപത്യത്തിനെതിരേ വിശ്വാസികളും പുരോഹിതരും ഒന്നിച്ചത് ചരിത്രത്തിലെ സുപ്രധാനമായ ഒരു അപൂർവതയാണ്.! പൊതുവേ ഇത്തരം സന്ദർഭങ്ങളിൽ നവോത്ഥാന വിരുദ്ധ പക്ഷത്താണ് പുരോഹിതർ സ്ഥാനം പിടിക്കാറുള്ളത്. കാരണം നവോത്ഥാനം ഏറ്റവും അധികം നഷ്ടം വരുത്തുക പുരോഹിതർക്കും പിന്നെ രാജാക്കൻമാർക്കുമാണ്.
*എന്തുകൊണ്ട് വൈക്കത്ത് ???*
വൈക്കത്തു മാത്രമായിരുന്നോ അധ:സ്ഥിതർ മൃഗതുല്യരായി കരുതപ്പെട്ടിരുന്നത്. ? അല്ല…. കേരളത്തിൽ എല്ലായിടത്തും സമാനമോ അതിലും മോശമോ ആയിരുന്നു സ്ഥിതി. എങ്കിലും വൈക്കത്തുള്ളവർ മാത്രമാണ് ധൈര്യപൂർവ്വം മുന്നോട്ട് വന്നത്. ആ ധൈര്യത്തിന് പിന്നിൽ സാമുഹ്യ , സാംസ്കാരിക, രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്. അത് പിന്നീട് ചർച്ച ചെയ്യാം.
കേരളത്തിൽ എല്ലായിടത്തും ക്രൈസ്തവർ ഉണ്ടെങ്കിലും എന്ത് കൊണ്ട് അങ്കമാലിയിൽ മാത്രം ഈ സത്യാഗ്രഹം എന്നതിൻ്റെ ഉത്തരവും മേല്പറഞ്ഞ വാചകത്തിൽ ഉണ്ട്.
*അധികാരികളുടെ പ്രതികരണം എങ്ങനെ ???.*
കിരാതമായ രീതിയിലാണ് വൈക്കം സത്യാഗ്രഹത്തെ തിരുവിതാംകൂർ ഭരണകൂടം നേരിട്ടത്. ലാത്തിചാർജ്ജ്, അറസ്റ്റ് എന്നിവയ്ക്കു പുറമേ നാട്ടുപ്രമാണികളുടെ ഗുണ്ടകളാലും അവർ ആക്രമിക്കപ്പെട്ടു. കെ. കേളപ്പൻ ഉൾപ്പെടെ 500 പേരെയാണ് അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്.
ഇവിടെയും സഭാസംവിധാനങ്ങൾ ക്രൂരമായി തന്നെയാണ് ഇപെടുന്നത്. അങ്കമാലി എറണാകുളം അതിരൂപതയിലെ ദൈവജനത്തെ ശിക്ഷിക്കുന്നതിന് വേണ്ടി കാക്കനാട്ടുള്ള സഭാ ആസ്ഥാനത്ത് കുറ്റവിചാരണ കോടതി സ്ഥാപിച്ചു!!! ഇതിനകം 5 വൈദികരെയും രണ്ട് മെത്രാൻമാരെയും സസ്പെൻഡ് ചെയ്തു. (മെത്രാൻമാരെ പിന്നീട് തിരിച്ചെടുത്തു) ഒരു ആർച്ച് ബിഷപ്പിന് ശുശ്രുഷകൾക്കും അതിരുപതാതിർത്തിയിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഇതിനെല്ലാം പുറമേ ഗവൺമെൻ്റിൻ്റെ പോലീസ് സംവിധാനം ഉപയോഗിച്ച് ഭയപ്പെടുത്തുകയും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നിരന്തരം ആക്ഷേപങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.
*ഫലങ്ങൾ???*
വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള നാലിൽ മൂന്ന് വഴികളും എല്ലാവർക്കുമായി തുറന്നു കൊടുത്തു എന്നതാണ് വൈക്കം സത്യാഗ്രഹത്തിൻ്റെ ഏറ്റവും അദ്യത്തെ ഫലം. അതോടെ വൈക്കത്ത് മാത്രമല്ല, തിരുവിതാംകൂർ രാജ്യത്തിലെ എല്ലാ ക്ഷേത്രങ്ങൾക്കു മുന്നിലൂടെയും വഴി നടക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ലഭിച്ചു. 1936 നവംബർ 12-ാം തിയ്യതി ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ നടത്തിയ ക്ഷേത്രപ്രവേശന വിളംബരം ആണ് വൈക്കം സത്യാഗ്രഹത്തിൻ്റെ ഏറ്റം മഹത്തായ ഫലം.
അങ്കമാലി സത്യാഗ്രഹവും ദൂരവ്യാപകമായ നവോത്ഥാന ഫലങ്ങൾ കേരളത്തിലെ ക്രൈസ്തവരിൽ പ്രത്യേകിച്ച് കത്തോലിക്കാ സഭയിൽ ഉണ്ടാക്കും എന്നതിൽ തർക്കമില്ല. ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യത്തിലേയ്ക്ക് സഭ പരിവർത്തനത്തനം ചെയ്യപ്പെടും.. തീർച്ച!!!
മഹാകവി കുമാരനാശാൻ നല്കിയ മുന്നറിയിപ്പ് ഇപ്പോഴും പ്രസക്തമാണ്.
*” നെല്ലിൻ ചുവട്ടിൽ മുളയ്ക്കും വെറും പുല്ലല്ല സാധു പുലയൻ “*
*അതെ മെത്രാൻമാരുടെ കാലിൻ ചുവട്ടിലെ വെറും പുല്ലല്ല, വിശ്വാസികളും സന്യസ്തരും വൈദികരും.*
ഫാ. അജി പുതിയാപറമ്പിൽ
08/01/2025