കോഴിക്കോട് : ഓൺലൈനിൽ ബുക്ക് ചെയ്തത് ആപ്പിൾ ഐ ഫോൺ;
കിട്ടിയത് സോപ്പ്പെട്ടി.പോലീസ് ഇടപെടലിൽ പണം തിരികെ കിട്ടി
ഓൺലൈനിൽ ആപ്പിൾ ഐ ഫോൺ ബുക്ക് ചെയ്തയാൾക്ക് കിട്ടിയത് സോപ്പും അഞ്ച് രൂപയുടെ നാണയവും ! എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസിന്റെ ഇടപെടലിൽ നഷ്ടപ്പെട്ട തുക മുഴുവൻ തിരികെ ലഭിച്ചു.
പ്രവാസിയായ തോട്ടുമുഖം നൂറൽ അമീനാണ് ആമസോണിൽ 70,900 രൂപയുടെ ഐഫോൺ ഒക്ടോബർ പത്തിന് മുഴുവൻ തുകയും അടച്ച് ബുക്ക് ചെയ്തത്. ഡെലിവറി ബോയി കൊണ്ടുവന്ന പാഴ്‌സൽ പൊട്ടിച്ചപ്പോൾ ഫോൺ കവറിനകത്ത് സോപ്പും നാണയവുമായിരുന്നു. ഡെലിവറി ബോയിയുടെ സാന്നിദ്ധ്യത്തിൽ പായ്ക്കറ്റ് തുറക്കുന്നത് നൂറുൽ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
നൂറൽ അമീൻ നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ, അമീന് ലഭിച്ച കവറിലെ ഐ.എം.ഇ.ഐ നമ്പറിലുള്ള ഫോൺ സെപ്തംബർ 25 മുതൽ ജാർഖണ്ഡിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. നൂറുൽ അമീൻ ഫോൺ ബുക്ക് ചെയ്യുന്നതിനും 15 ദിവസം മുമ്പേ ആയിരുന്നു ഇത്. ആപ്പിളിന്റെ സൈറ്റിൽ ഫോൺ സെപ്തംബർ പത്തിനാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡീലറുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ പണം തിരികെ നൽകാമെന്ന് സമ്മതിച്ചു. കഴിഞ്ഞ ദിവസം നൂറുൽ അമീന്റെ അക്കൗണ്ടിൽ പണം തിരികെയെത്തി. എങ്കിലും അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ മാസം പറവൂരിലെ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവർക്കും റൂറൽ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകി. ഇതിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
#keralapolice