
കോഴിക്കോട് : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ ടാൻസാനിയൻ സ്വദേശികളായ ഡേവിഡ് എൻ്റമി , അത്‌ക ഹറുണ എന്നിവരെ കുന്ദമംഗലം പോലീസ് പഞ്ചാബിൽ നിന്നും പിടികൂടി. പഞ്ചാബിലെ ലൌലി പ്രൊഫെഷനൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് ,ബിബിഎ വിദ്യാർഥികളാണ് ഇവർ .
ജനുവരി 21 ന് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലായ പ്രതികളായ കാസർകോഡ് സ്വദേശി മഞ്ചേശ്വരം ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27) കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് (24) എന്നിവരെ ഫെബ്രു- 04 ന് തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയതിൽ അന്നേ ദിവസം ഇവരുടെ കടെയുണ്ടായിരുന്ന കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാകുകയും ഫെബ്രുവരി 12 ന് 3-ാം പ്രതിയായ മുഹമ്മദ് ഷമീൽ ഉള്ളത് മൈസൂരിലാണെന്ന് മനസ്സിലാക്കിയ കുന്ദമംഗലം പോലീസ് പ്രതി താമസിക്കുന്ന മൈസൂരിലെ വൃന്ദാവൻ ഗാർഡനടുത്തുള്ള ഹോട്ടലിന് സമീപം വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തുടർന്ന് ഇവരുടെ മുൻകാല പ്രവർത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതിൽ നിന്നും വലിയ തുക ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുള്ളതും ആ പണം അത്‌ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയിൽ വച്ചാണ് പിൻവലിച്ചത് എന്നും കണ്ടെത്താൻ സാധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഇവരുടെ ലൊക്കേഷൻ പഞ്ചാബിലെ പഗ്വാരയിൽ ആണെന്ന് കണ്ടെത്തുകയും അന്വേഷണ സംഘം പഗ്വാരയിൽ എത്തി ഇവർ പഠിക്കുന്ന കോളേജിൻറെ അടുത്ത് പെയിങ് ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം, മെഡിക്കൽ കോളജ് അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ്.എ യുടെ ഇൻവെസ്റ്റിഗേഷൻ ടീമായ കുന്നമംഗലം എസ് എച്ച് ഒ കിരൺ, എസ് ഐ നിധിൻ എസ് സി പി ഒ- മാരായ ബൈജു, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്നുകൾ കേരളത്തിലേക്ക് കൊണ്ടുവരുവാൻ ലഹരി മാഫിയകൾ പേടിക്കുന്ന സാഹചര്യത്തിലേക്ക് എത്തുവാൻ കേരള പോലീസിന്റെ ലഹരിക്കെതിരെയുള്ള സന്ധിയില്ലാ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്