
കോഴിക്കോട്: വേദാചാര്യന്‍ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അതിരാത്രത്തിനുള്ള യാഗശാലയുടെ കാൽനാട്ട് കർമ്മം ആചാര്യശ്രീ രാജേഷും പത്നി മീര കെ രാജേഷും ചേർന്നു നിർവഹിച്ചു. ശ്രൗതപണ്ഡിതരായ സാകേത രാമ അവധാനി, സന്ധാത അവധാനി എന്നിവർ കാർമികത്വം വഹിച്ചു.
ഏപ്രില്‍ 17 മുതല്‍ 26 വരെ കക്കോടി വേദമഹാമന്ദിരത്തില്‍ വെച്ചാണ് അതിരാത്രം നടക്കുക. ചരിത്രത്തിലാദ്യമായാണ് കോഴിക്കോട് അതിരാത്രം സംഘടിപ്പിക്കപ്പെടുന്നത്. ജാതിലിംഗഭേദമന്യേ ഏവര്‍ക്കും അതിരാത്രത്തില്‍ പ്രവേശനമുണ്ടായിരിക്കും. യാഗസംസ്‌കാരവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ഉണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളര്‍ച്ചയുടെ ചരിത്രത്തെ യാഗഭൂമിയില്‍ പ്രദര്‍ശിപ്പിക്കും. യാഗക്രിയകളോടൊപ്പം അവയുടെ അർഥത്തെ വിശദീകരിക്കുന്ന പ്രദർശിനികളും അതിരാത്രത്തിൻ്റെ ഭാഗമാകും.




