
കോഴിക്കോട് : കളക്ടറേറ്റിനുള്ളിലെ എസ് ബി ഐ യുടെ എ ടി എം സ്ഥിരം നോക്കുകുത്തിയായി മാറുന്നു. നൂറുകണക്കിന് ജീവനക്കാരും പ്രദേശവാസികളും ഉപയോഗിക്കുന്ന എ ടി എമ്മാണ് സ്ഥിരം പ്രവർത്തനരഹിതമാകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ എ ടി എമ്മിൽ നിന്ന് അക്കൗണ്ടിലെ ബാലൻസ് അറിയുന്നതാണ് ഏക സേവനം. ഇടയ്ക്കിടെ നന്നാക്കുമെങ്കിലും മണിക്കൂറുകൾക്കകം പ്രവർത്തനരഹിതമാകുമെന്നും ജീവനക്കാർ പറയുന്നു. എസ് ബി ഐ അധികൃത രാവട്ടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. വാതിൽ തുറന്നു കിടക്കുന്നതിനാൽ ഉപഭോക്താക്കൾ ഉള്ളിൽ കയറി കാർഡ് ഉപയോഗിക്കുന്നുണ്ട്. പല അറിയിപ്പുകൾക്ക് ശേഷമാണ് ഇവിടെ നിന്നും പണം ലഭിക്കുന്നതല്ല എന്ന അറിയിപ്പ് വരുന്നത്. ഒന്നുകിൽ എ ടി എം പൂട്ടിയിട്ടുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമെന്ന ബോർഡ് സ്ഥാപിക്കുകയോ ചെയ്താൽ ഉള്ളിൽ കയറി സമയം കളയാതിരിക്കാമായിരുന്നെന്ന് ഉപഭോക്താക്കൾ പറയുന്നു. എന്നാൽ ബാങ്ക് അധികൃതർ നിസംഗത തുടരുകയാണ്.




