
കണ്ണൂർ: അധ്യാപകനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന സി എച്ച് ബാലകൃഷ്‌ണൻ മാസ്‌റ്ററുടെ സ്‌മരണയ്‌ക്കായി ചിറക്കൽ ഗാന്ധിജി റൂറൽ ലൈബ്രറി ഏർപ്പെടുത്തിയ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സംസ്ഥാന തല പുരസ്കാരം എം.കെ. രമേഷ് കുമാറിന് ലഭിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഗ്രന്ഥാലോകം മാസിക പത്രാധിപസമിതി അംഗവുമായ എം.കെ. രമേഷ്കുമാർ ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് നൽകുന്നത്.
10,000 രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പി.വി.കെ. പനയാൽ, നാരായണൻ കാവുമ്പായി , കെ.ടി.ശശി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ നിർണ്ണയിച്ചത്. 26ന് ചിറക്കലിൽ നടക്കുന്ന സി എച്ച് ബാലകൃഷ്‌ണൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് ചോറൻ കൃഷ്‌ണനും സെക്രട്ടറി ഡോ. എ എസ് പ്രശാന്ത് കൃഷ്‌ണനും അറിയിച്ചു.
പയ്യന്നൂർ കണ്ടങ്കാളി ഷേണായീസ് സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച രമേഷ് കുമാർ ചെറുതാഴം അതിയടം സ്വദേശിയാണ്. അധ്യാപക പ്രസ്ഥാനത്തിൻ്റെ നേതൃതലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി. വി. ജയശ്രീ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രസിഡണ്ട്). മകൾ: അഞ്ജന രമേഷ്. കോഴിക്കോട് ദേവഗിരി കോളജ് മുൻ വിദ്യാർത്ഥിയായ രമേശ് 1978- 81 ബാച്ചിലെ ദേവഗിരി ടാഗോർ ഹോസ്റ്റൽ വാട്സ്ആപ് ഗ്രൂപ്പിലെ സജീവ അംഗം കൂടിയാണ് ‘
.