
സിനിമാ ആസ്വാദകര്‍ കാത്തിരിക്കുന്ന ചിത്രമായ മരക്കാറിന്റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. റിലീസിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മഞ്ജു വാര്യരുടെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്ന സൈനയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ‘ഈ ദൃശ്യമാമാങ്കത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം,’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വാര്യര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മരക്കാറില്‍ സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ട്ക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ താരം പ്രഭു, ബോളുവുഡ് നടന് സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മലയാളത്തിലെ ഏറ്റവും വലിയ റിലീസിനാണ് മരക്കാര്‍ തയ്യാറെടുക്കുന്നത്. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്. വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും മറ്റ് പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മാര്‍ച്ച് 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.