
സുൽത്താൻബത്തേരി :
ഛത്തീസ്ഗഡിൽ സന്യസരെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കിൽ വച്ചിരിക്കുന്നതിനെതിരെ ബത്തേരിയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സമ്മേളനം ബത്തേരി രൂപതാ അധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു .അറസ്റ്റ് ചെയ്യപ്പെട്ട സന്യസ്തരെ മർദ്ദിക്കുമെന്ന് അവിടുത്തെ ബജരംഗദളിന്റെ പ്രാദേശിക നേതാവ് ആക്രോശിച്ചത് അത്യധികം ഹീനമായിരുന്നു എന്നും എത്രയും പെട്ടെന്ന് സന്യാസിനികളെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ വേണമെന്നും ഛത്തീസ്ഗഡിലെ വികസനം എത്താത്ത വിദൂര ഗ്രാമങ്ങളിൽ വസിക്കുന്ന ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് നൽകുന്ന സേവനം ശ്രേഷ്ഠമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ എല്ലാ മതവിഭാഗങ്ങളും സൗഹാർദത്തോടെ വസിക്കുന്ന പാരമ്പര്യമുള്ള നാടാണ് ഭാരതമെന്നും നമ്മുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന വസ്തുതകളെ തകിടം മറിക്കുന്ന രീതിയിലുള്ളതാണ് ഇപ്പോൾ ഛത്തീസ്ഗഡിൽ നടന്നിരിക്കുന്ന സംഭവമെന്നും രോഗാവസ്ഥയിലുള്ള ഈ സന്യാസിനികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ എടുക്കണമെന്നും ആവശ്യപ്പെട്ടു.
യോഗത്തിൽ അധ്യക്ഷത വഹിച്ച സംസാരിച്ച എംസിഎ രൂപതാ പ്രസിഡണ്ട് റിട്ട. എസ്പി പ്രിൻസ് എബ്രഹാം സിസ്റ്റേഴ്സിനെതിരെ ചുമത്തിയിരിക്കുന്ന കേസിന് ആസ്പദമായ കാര്യങ്ങൾ നിലനിൽക്കുന്ന തല്ലെന്നും ഇനിയും ഇവിടുത്തെ സന്യസ്ർക്കും വൈദികർക്കും തിരുവസ്ത്രം ധരിച്ച് പുറത്ത് ഇറങ്ങുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്നും ആരെയും ഭയന്ന് സന്യസ്തരും വൈദികരും തിരുവസ്ത്രം ധരിക്കാതിരിക്കുക യില്ലെന്നും പറഞ്ഞു.
രൂപതയിലെ വൈദികർ, സന്യസ്തർ, അല്മായ പ്രമുഖർ, പൗരപ്രമുഖർ, എം. സി എ , എം.സി വൈ. എം , എം.സി എം.എഫ് എന്നീ സംഘടനാ പ്രതിനിധികളും സദസ്സിൽ പങ്കെടുത്തു.




