
താമരശേരി: വിദ്യാഭ്യാസ കോഴക്കെണിയിൽപെട്ട് ശമ്പളം ലഭിക്കാതെ നിസാഹയായി അധ്യാപിക കട്ടിപ്പാറ സ്വദേശിനി അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തിൽ താമരശേരി രൂപതാ കോർപറേറ്റ് മാനേജ്മെമെൻ്റിനെ വെള്ളപൂശി മത യുട്യൂബ് ചാനലിൽ വീഡിയോ അവതരിപ്പിച്ച രൂപതാ പാസ്റ്ററൽ സെക്രട്ടറി പുല്ലൂരാംപാറയിലെ റിട്ട. അധ്യാപകൻ ബെന്നി ലൂക്കോസിന് ശക്തമായ ഭാഷയിൽ മറുപടിയുമായി ഫാ അജി പുതിയാപറമ്പിൽ. അദ്ദേഹത്തിൻ്റെ ഫേസ്ബുക് പോസ്റ്റ് താഴെ –
ആദരണീയനായ ബെന്നി ലൂക്കോസ് സർ,
അങ്ങയുടെ കമൻ്റ് കണ്ടിരുന്നു. നന്ദി.
അതിൽ അങ്ങ് സംശയിക്കുന്നതു പോലെ ഒരു സർക്കാർ പക്ഷപാതിയല്ല ഞാൻ എന്ന കാര്യം ആദ്യമേ അറിയിക്കട്ടെ. ഒരു പക്ഷവും പിടിക്കേണ്ട എന്നതാണ് ഇക്കാര്യത്തിൽ എന്റെ നിലപാട് എന്നു പറഞ്ഞാൽ അത് അസത്യമാകും താനും …..അലീനയുടെ കുടുംബത്തിന്റെ പക്ഷത്താണ് ഞാൻ നിൽക്കുന്നത്. !!
സർക്കാരിൻ്റെ നിഷേധാത്മകമായ നയങ്ങൾ AIDED വിദ്യാഭ്യാസ മേഖലയെ പല തരത്തിലും ദുരിതത്തിലാക്കിയിട്ടുണ്ട് എന്നത് സത്യമാണ്.
എന്നാൽ ഉദ്യോഗാർഥികളോടുള്ള ഉത്തരവാദിത്വത്തിൻ്റെ കാര്യത്തിൽ സർക്കാരും മാനേജ്മെൻ്റും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
അത് എന്താണെന്നറിയാമോ?
1. സർക്കാർ ആരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങുന്നില്ല. എന്നാൽ മാനേജ്മെൻ്റുകൾ വാങ്ങുന്നു. ഇതാണാ വ്യത്യാസം. !! താമരശ്ശേരി കോർപ്പറേറ്റിൽ എത്ര ലക്ഷമാണ് വാങ്ങുന്നത് എന്ന കാര്യം ബെന്നി സാറിനറിയാം! എനിക്കറിയാം! നാട്ടുകാർക്കുമറിയാം.!
അപ്പോൾ മാനേജ്മെൻ്റിന് ഉദ്യോഗാർത്ഥിയോട് കൂടുതൽ ഉത്തരവാദിത്വം ഉണ്ടാകേണ്ടതല്ലേ?
2. സർക്കാർ സമീപനം നിഷേധാത്മകവും സങ്കീർണ്ണവുമാണ് എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പണം വാങ്ങി അലീന ഉൾപ്പെടെയുള്ള നിരവധി അധ്യാപകരെ നിയമ കുരുക്കുള്ള പോസ്റ്റുകളിൽ നിയമിച്ചത്.?
3. സാറിൻ്റെ തന്നെ കമൻ്റിൽ പറയുന്നുണ്ട് ” സർവീസിൽ നിന്നും ഒരു അധ്യാപികയെ നീക്കം ചെയ്തതിന് അംഗീകാരം കിട്ടുന്നതിന് മുമ്പേ അലീനയെ ആ ഒഴിവിൽ നിയമിച്ചെന്ന്”. ഒഴിവ് ഉറപ്പാക്കിയിട്ട് വേണ്ടിയിരുന്നില്ലേ സർ നിയമനം നടത്താൻ . ഇക്കാരണം കൊണ്ടല്ലേ ആ സഹോദരിക്ക് വിലപ്പെട്ട 5 വർഷങ്ങൾ നഷ്ടമായത്.
4. സർക്കാർ ഓഫീസുകളിൽ വലിയ കാലതാമസം നേരിട്ടു എന്ന് അങ്ങ് പറയുന്നുണ്ട്. ശരിയാണ്; നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ ഗതികേടാണ്. എന്നാൽ സർക്കാർ സംവിധാനങ്ങൾ വേഗത്തിലാക്കാൻ എന്തൊക്കൊ പരിശ്രമങ്ങളാണ് നമ്മൾ ചെയ്തത്. ആവശ്യത്തിന് രേഖകൾ പോലും യഥാസമയം നല്കിയില്ല എന്നാണ് അലീനയുടെ പിതാവ് പറഞ്ഞിരിക്കുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ഓഫീസറും അക്കാര്യം പറഞ്ഞത് അങ്ങ് തന്നെ പ്രസിദ്ധീകരിച്ച രേഖയിലുണ്ട്. (അതിൽ അങ്ങേയ്ക്ക് വിയോജിപ്പുണ്ട് എന്ന കാര്യം മനസ്സിലാക്കുന്നു. വിദ്യാഭ്യാസ ഓഫീസർ സ്വയം രേഖയുണ്ടാക്കി തനിക്ക് ലഭിച്ച അപേക്ഷയോടൊപ്പം ചേർക്കുകയല്ലല്ലോ നിലവിലുള്ള സംവിധാനം)
5. വർഷം ജോലി ചെയ്തിട്ടും ഒരു രൂപാ പോലും വേതനമോ, ക്ലെയിമോ വേണ്ട എന്ന് എഴുതി നല്കേണ്ടി വന്ന ദുരവസ്ഥ , അലീനയ്ക്ക് വരാതെ നോക്കേണ്ടത് ആരായിരുന്നു സർ?
6. ഇക്കഴിഞ്ഞ 6 വർഷത്തിനിടയിൽ പലരുടെയും നിയമനങ്ങൾ താമരശ്ശേരി കോർപ്പറേറ്റിൽ പാസ്സായിട്ടുണ്ട്. അതിൽ തന്നെ കുറഞ്ഞ വർഷം മാത്രം സർവ്വീസിൽ ഉള്ളവരും ഉണ്ട്. അതിൽ ഏതെങ്കിലും ഒരെണ്ണം അലീന എന്ന ഈ സഹോദരിക്ക് കൊടുക്കാമായിരുന്നില്ലേ???
ഇനിയും കൂടുതലെന്നും പറയുന്നില്ല ബെന്നി സർ.
ആദരപൂർവ്വം,
ഫാ. അജി പുതിയാപറമ്പിൽ
23/02/2025