
കോഴിക്കോട്: കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് നെയ്യാറ്റിൻകര ദാസൻ (62) കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിൻ്റെ പിടിയിലായി. തൻ്റെ ഇരുപതാം വയസ്സിൽ തുടങ്ങിയ മോഷണം ഇപ്പൊഴും തുടരുന്ന പ്രതി നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ സെപ്റ്റംബർ മാസം ജയിലിൽ നിന്നിറങ്ങിയ പ്രതി കേരളത്തിലുടനീളം സഞ്ചരിക്കുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാൻ ഫോൺ ഉപയോഗിക്കുകയോ പോലീസ് സ്റ്റേഷനിൽ കൊടുക്കുന്ന മേൽവിലാസത്തിൽ പിന്നീട് പോകുകയോ ചെയ്യാറില്ല. ഈയിടെ ഇരിട്ടിയിൽ നടത്തിയ മോഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ മനസ്സിലാക്കിയ കണ്ണൂർ സ്ക്വാഡ് പ്രതിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. കേരളത്തിലുടനീളം മോഷണം നടത്തുന്നതിനാൽ എല്ലാ ജില്ലയിലും പ്രതിയ്ക്കായി തിരച്ചിൽ നടത്തിവരുന്നതിനിടെ കോഴിക്കോട് സിറ്റിയിൽ മോഷണം നടത്താനുള്ള പദ്ധതിയുമായി വന്ന പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ സിറ്റി ക്രൈം സ്ക്വാഡ് സ്റ്റേഡിയം ബിൽഡിങിനടുത്ത് നിന്നും ദാസനെ പിടി കൂടി ഇരിട്ടി പോലീസിന് കൈമാറി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ.പ്രശാന്ത് കുമാർ, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, ജിനേഷ് ചൂലൂർ, ഷാഫി പറമ്പത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.