KERALAlocalOthersTechnologytop newsVIRAL

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

* സന്തോഷം, അഭിമാനം!' -മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട് :

കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിറഞ്ഞ പ്രതീക്ഷയോടെയാണ് തുരങ്കപാത പ്രവര്‍ത്തനത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ തുടക്കമായ മറിപ്പുഴയിലാണ് ആദ്യത്തെ ബ്ലാസ്റ്റ് നടന്നത്. സ്റ്റേജ് 2 ക്ലിയറന്‍സ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചിരിക്കുന്നത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചു.

കേരളത്തിന്റെ സമസ്ത മേഖലകളിലും തുരങ്കപാത സ്വാധീനം ചെലുത്തുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നേരെയുള്ള ബ്ലാസ്റ്റാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങള്‍ക്കായി മുത്തപ്പന്‍പുഴ എല്‍ പി സ്‌കൂളില്‍ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു. പരിപാടിയില്‍ വനം-വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ലിന്റോ ജോസഫ് എം.എല്‍.എ, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി പുരുഷോത്തമന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയല്‍, പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.

*ചാര്‍ണോക്കൈറ്റ് പാറ, ഉറപ്പുള്ളത്*

തുരങ്കപാത നിര്‍മിക്കുന്ന ഭാഗത്ത് ഉറപ്പുള്ള ചാര്‍ണോക്കൈറ്റ് പാറകളായതിനാല്‍ തുരങ്കനിര്‍മാണത്തിന് ഉചിതമാണെന്നും വലിയ പ്രതിസന്ധികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി പുരുഷോത്തമന്‍ പറഞ്ഞു. ന്യൂ ഓസ്ട്രിയന്‍ ടണലിങ് രീതിയാണ് തുരങ്ക നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. നാല് പ്രവേശനങ്ങളുള്ള പാതയില്‍ കോഴിക്കോട് ഭാഗം തുരക്കുന്നതിനൊപ്പം തന്നെ വയനാട് ഭാഗവും തുരന്നുതുടങ്ങും. ഇത് ഒരു മാസത്തിനകം ആരംഭിക്കും. പാരിസ്ഥിതികാനുമതി ലഭിച്ചപ്പോള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കും. ഇതിനായി 40 കോടി രൂപ കിഫ്ബി മാറ്റിവെച്ചിട്ടുണ്ട്. നിര്‍മാണഘട്ടത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. ഉറപ്പുള്ള പാറയായതിനാല്‍ നാല് വര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close