KERALAlocalOthersPoliticstop newsVIRAL

ആയുഷ്കാല ഇൻഷുറൻസ് പരിരക്ഷ ജനപ്രതിനിധികൾക്കല്ല, സാദാ ജനങ്ങൾക്കാണ് വേണ്ടത് – ബജറ്റ് ചർച്ച

* ചിരിച്ചും ചിരിപ്പിച്ചും കൗൺസിലർമാരുടെ ബജറ്റ് പ്രസംഗം

കോഴിക്കോട് : സർക്കാർ അനുമതിയോടെ കൗൺസിലർമാരടക്കം ജനപ്രതിനിധികൾക്ക് ആയുഷ്കാല ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഈ വർഷം നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ യുഡിഎഫ് കൗൺസിലർ വിശ്വനാഥൻ പുതുശേരി ശക്തിയുക്തം എതിർത്തു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കല്ല, മറിച്ച് നമ്മെ വോട്ടു ചെയ്ത് വിജയിപ്പിച്ച മുഴുവൻ നഗരവാസികൾക്കുമാണ് നഗരസഭാ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ സുരക്ഷ ഏർപ്പെടുത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് കൗൺസിലർമാർ ഇൻഷുറൻസ് പദ്ധതിയെ സർവ്വാത്മനാ സ്വാഗതം ചെയ്തപ്പോഴാണ് വിശ്വനാഥൻ്റെ വേറിട്ട ശബ്ദം.           ജനപ്രതിനിധികൾക്ക്ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനു പകരം നഗരവാസികൾക്ക് ആ സൗജന്യം ലഭ്യമാക്കണം – വിശ്വനാഥൻ ആവശ്യപ്പെട്ടു.                                      മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ പാളിയും ചർച്ചിയിൽ കൊണ്ടുവന്ന് ബജറ്റ് ചർച്ചയിൽ കൂട്ടച്ചിരി ഉയർത്തി യു ഡി എഫ് കൗൺസിലർ എസ്.കെ അബൂബക്കറിൻ്റെ പ്രസംഗം. കോഴിക്കോട് നഗരസഭാ ബജറ്റ് ചർച്ചയിലാണ് അബൂബക്കറിൻ്റെ ചിരിപ്പിക്കൽ പ്രകടനം. നഗരവികസനത്തിന് ഒരു പദ്ധതിയും ഇല്ലാത്ത മോശം ബജറ്റാണിത്. ലീഡർ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നഗരസഭ ഭരണം പിരിച്ചുവിട്ട് കളക്ടറെ ഭരണം ഏൽപ്പിച്ചിരുന്നു. അന്നത്തെ കളക്ടർ അമിതാഭ് കാന്തിനെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി നടപ്പാക്കിയതാണ് ഇന്നു കാണുന്ന മാനാഞ്ചിറ സ്ക്വയർ . ഇവിടെ പാർക്കിങ്ങിന് സൗകര്യമില്ല. സത്രം ബിൽഡിങ് പൊളിച്ചിട്ട് രണ്ടര വർഷമായി. ഇത് സാഹിത്യ നഗരമാണെന്ന് ബജറ്റിൽ പറയുന്നത് ശരിയല്ല, ഇത് തീപിടിക്കുന്ന നഗരമാണ്. ഫയർ സ്റ്റേഷൻ പൊളിച്ചിട്ട് വർഷങ്ങളായി . നന്നാക്കാൻ പിണറായി വിജയന് നേരമില്ല. ശബരിമല സ്വർണ പാളി കട്ടെടുത്തവരെ സംരക്ഷിക്കുന്ന തിരക്കിലാണ് . വെട്ടിച്ചുരുക്കിയ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് ഇതാ ഇലക്ഷനായപ്പോൾ പൊടിതട്ടിയെടുത്തിരിക്കയാണ്. പിണറായി 10 വർഷം ഭരിച്ച് ഭരിച്ച് കേരളത്ത ആറ് ലക്ഷം കോടി കടത്തിലാക്കി. വിലക്കയറ്റം അതിരൂക്ഷം. ഉമ്മൻ ചാണ്ടി നയിച്ച യുഡിഎഫ് മുൻഭരണം കേരളത്തിന് സുവർണ കാലഘട്ടമായിരുന്നു – എസ് കെ അബൂബക്കർ പറഞ്ഞു.               യു ഡി എഫിന് 10 വർഷം ഭരണം കിട്ടാതിരുന്നതിൻ്റെ കരച്ചിലാണ് ഈ കേട്ടതെന്ന് തുടർന്ന് പ്രസംഗിച്ച എൽഡിഎഫിലെ ടി.എസ് ഷിംജിത്ത് മറുപടി നൽകി. പാഠ പുസ്തകം കിട്ടാത്ത, പെൻഷൻ കിട്ടാത്ത ആ ഭരണം ആരെയും ഓർമ്മിപ്പിക്കരുത്. ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്ക് ഇന്നലെ വയനാട്ടിൽ നടന്ന ചടങ്ങിൽ പിണറായി വിജയൻ വീടുകളുടെ താക്കോൽ നൽകി. ജനങ്ങളെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ച സർക്കാരാണിത് – ഷിംജിത് വ്യക്തമാക്കി.                             മുൻ വർഷങ്ങളിലെ ബജറ്റ് പ്രഖ്യാപനങ്ങൾ ഒന്നും നടപ്പാക്കാതെ അവശേഷിക്കുമ്പോൾ ഈ കൗൺസിലിൻ്റെ ആദ്യ ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് യുഡിഎഫിലെ കെ.സി. ശോഭിത ചൂണിക്കാട്ടി. അമേരിക്കയേക്കാൾ മികച്ച ചികിത്സ ലഭിക്കുന്ന സംസ്ഥാനമാണിതെന്ന് ശോഭിത പരിഹസിച്ചു. ഐസിയുവിൽ കിടന്ന ആരോഗ്യ മന്ത്രി ഒറ്റ രാത്രി കൊണ്ട് അവശത മാറി ആരും അറിയാതെ സ്വന്തം കാറിൽ കണ്ണൂരു നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ തക്കവിധം മികച്ച ചികിത്സ അമേരിക്കയിൽ പോലും ലഭിക്കില്ലെന്ന് ശോഭിത പറഞ്ഞു. കുടിവെള്ളത്തിന് പകരം മിന്നൽ ബ്രാണ്ടി ഒഴുക്കുകയാണിവിടെ ഇടതു സർക്കാർ. കെട്ടിട നികുതിപിരിവ് നടക്കുന്നില്ല. ഞങ്ങൾ അടുത്ത ഇലക്ഷനിൽ അധികാരത്തിൽ വരും. ജനങ്ങൾക്ക് ‘എല്ലാം നൽകും, അത് ഔദാര്യമായല്ല – മറിച്ച് അവകാശമായിട്ടായിരിക്കും – ശോഭിത വ്യക്തമാക്കി. കുടിവെള്ളം പോലും വില കൊടുത്ത് വാങ്ങേണ്ട ബജറ്റ് പ്രഖ്യാപനം അങ്ങേയറ്റം ഗതികേടാണെന്ന് ബി ജെ പി അംഗം നവ്യ ഹരിദാസ് പറഞ്ഞു. 50 വർഷം ഭരിച്ചിട്ടും തെരുവ് സ്ഥാപിക്കാനായി ബജറ്റിൽ പ്രഖ്യാപനം നടത്തേണ്ടി വന്നത് ഇടത് ഭരണക്കാരായ മുൻഗാമികളുടെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതിന് തുല്യമാണെന്ന് യു ഡി എഫ് അംഗം സഫറി വെള്ളയിൽ പറഞ്ഞു. ഉള്ളിൽ ആത്മാവ് ശൂന്യമായ ബജറ്റാണിതെന്ന് യു ഡി എഫിലെ ടി.പി.എം. ജിഷാൻ ആരോപിച്ചു. നഗരത്തിൽ മാതൃകാ സ്കൂൾ പദ്ധതി നടപ്പിലാക്കണം. തീരദേശത്തെ തഴഞ്ഞ ബജറ്റാണിത്. ഒരു വാർഡിൽ ഒരു മിനി സ്പോട്സ് സെൻ്റർ സ്ഥാപിക്കണം – ടി പി എം ജിഷാൻ ആവശ്യപ്പെട്ടു. കേരളത്തിൽ ആരോഗ്യ രംഗത്ത് വീഴ്ച്ചയുണ്ടായത് കൂടുതലും സ്വകാര്യ ആശുപതികളിലാണെന്ന് കണക്കു സഹിതം ചൂണ്ടിക്കാട്ടിയ എൽഡിഎഫ് അംഗം പി. ബിജുലാൽ പൊതു ആരോഗ്യ മേഖലയുടെ മികവുകൾ എണ്ണിയെണ്ണി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close