
കോഴിക്കോട് : മലയാള മനോരമയിലെ പ്രഗത്ഭരായ മാധ്യമപ്രവർത്തകരെ കുറിച്ച് മനോരമ മുൻ പേഴ്സൊണൽ ജനറൽ മാനേജർ ആൻ്റണി കണയംപ്ലാക്കൽ തയ്യാറാക്കിയ – ബൈലൈൻ- 3, ഓർമയിലെ താളുകൾ – ജീവചരിത്രം മന്ത്രി പി.എ മുഹമ്മദ് റിയാസിന് കൈമാറി. മന്ത്രിമാരുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന ഗൃഹ സമ്പർക്കത്തിൻ്റെ ഭാഗമായി സി പി എം കോഴിക്കോട് തോട്ടത്തിൽ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുത്തിയാട്, ജാഫർഖാൻ കോളനിയിൽ നടത്തിയ ഗൃഹസന്ദർശനത്തിലാണ് പുസ്തകം കൈമാറിയത്. വീട്ടിലെ ത്തിയ മന്ത്രിക്ക് കെ. ആൻ്റണിയും ഭാര്യ സൂന ആൻ്റണിയും ചേർന്നാണ് പുസ്തകം സമ്മാനിച്ചത്. മുൻ നഗരസഭ കൗൺസിലർ അഡ്വ. ഒ ഭരദ്വാജ് തുടങ്ങി സി പി എം നേതാക്കൾ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുസ്തകത്തെക്കുറിച്ച് –
മണ്മറഞ്ഞ പത്രപ്രവര്‍ത്തക സഹപ്രവര്‍ത്തകരുടെ കാലവും ജീവിതവും ഓര്‍മകളും അച്ചടിമഷിപുരട്ടി സ്നേഹത്തിന്റെയും കരുതലിന്റെയും തിളങ്ങുന്ന രേഖാചിത്രമാക്കിയ ഇങ്ങനെയൊരു പുസ്തകപരമ്പര കോര്പ്പറേറ്റുലോകത്തു ആദ്യമായിരിക്കണം. 137 വര്‍ഷത്തെ ചരിത്രമുള്ള മലയാള മനോരമയുടെ മണ്മറഞ്ഞ എഴുപത്തിയൊന്നു ജേണലിസ്റ്റുകളെ ഈ തലമുറക്കും വരും തലമുറക്കുമായി അടയാളപ്പെടുത്തിയപ്പോള്‍ മൂന്നു നൂറ്റാണ്ടുകളിലെ പത്രവ്യവസായത്തിന്റെ ചരിത്രവും അച്ചടിസാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ നാള്‍വഴികളും അതില്‍ ഇടംപിടിക്കുന്നു എന്ന അപൂര്‍വ്വതയുമുണ്ട്. സൗഹൃദങ്ങളെ കാലങ്ങള്‍ക്കുശേഷവും പുസ്തകത്താളുകളില്‍ കുത്തിക്കെട്ടിവെക്കാനുള്ള ഉദ്യമം. അതിന്റെ തുടക്കം ഇങ്ങനെ. അഞ്ച് വര്‍ഷം മുന്‍പ് മുന്‍കാല സഹപ്രവര്‍ത്തകരുടെ ഒരു കോഴിക്കോടന്‍ കോലായ കൂട്ടായ്മ. മുന്‍ സഹപ്രവര്‍ത്തകനും മലയാളത്തിലെ ആദ്യ വാര്ത്തപോര്ട്ടലുകളിലൊന്നായ ന്യൂ യോര്‍ക്കിലെ ഈമലയാളി ഡോട്ട് കോമിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ ജോര്‍ജ് ജോസഫിന്റെ വാര്‍ഷിക കേരള സന്ദര്‍ശനത്തില്‍ ഉണ്ടാകാറുള്ള പതിവ് ഒത്തുകൂടല്‍. സുലൈമാനിയുടെ കടുപ്പവും ഹെന്നസിയുടെ അടുപ്പവുമുള്ള സൗഹൃദം. മുഖ്യധാരാ മാധ്യമജോലിയില്നിന്നും വിരമിച്ചുള്ള വിശ്രമജീവിതത്തിനു മേമ്പൊടിയാകാന്‍ നമുക്ക് മണ്മറഞ്ഞവരെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ് ആയാലോ എന്ന ആശയം ഞാന്‍ പങ്കുവച്ചപ്പോള്‍ മികച്ച പ്രതികരണം. ‘നവരത്നങ്ങള്‍’. മുന്‍ പത്രക്കാരുടെ വക തലക്കെട്ടും റെഡി. അതായിരുന്നു ബൈലൈന്‍ ഗ്രന്ഥപരമ്പരയുടെ തുടക്കം. ഒന്‍പത് ഇതിഹാസങ്ങളെ അവതരിപ്പിക്കാനുള്ള തുടക്കത്തിലെ തീരുമാനത്തില്‍ നിന്നും ഇപ്പോള്‍ എഴുപത്തൊന്നില്‍ എത്തി നില്ക്കുന്നു. നമ്പറിടാത്ത ആദ്യ ബൈലൈനില്‍ പതിനേഴ്, ബൈലൈന്‍ രണ്ടില്‍ മുപ്പത്തിഏഴ്, ബൈലൈന്‍ മൂന്നില്‍ പതിനേഴ്, അങ്ങനെ എഴുപത്തിയൊന്ന് പത്രപ്രവര്‍ത്തക സഹപ്രവത്തകരുടെ ജീവിതവും സംഭാവനകളും അവരുടെ പ്രിയപ്പെട്ടവര്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും, മാധ്യമവിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല എല്ലാ മാധ്യമസ്നേഹികള്ക്കുമായി അടയാളപ്പെടുത്താന്‍ സാധിച്ചു. വളരെ സന്തോഷം.
ഓര്‍മ്മപ്പുസ്തകം എന്ന തീരുമാനം യാഥാര്ഥ്യമായപ്പോഴാണ്വിരമിച്ചാലും ക്രിയാത്മകമായി സംവദിക്കാനുള്ള വേദിയായി ഈ കൂട്ടായ്മയുടെ കരുത്തു തെളിഞ്ഞു വന്നത്. പ്രിയപ്പെട്ടവരെ ഓര്‍മിക്കാനും ഓര്‍മ്മപ്പെടുത്താനും സ്മരിക്കാനുമായതിന്റെ വലിയ സംതൃപ്തി പങ്കുവയ്ക്കുന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നൊക്കെ വിശേഷിക്കപ്പെട്ടവര്പോലും പഴയ പത്രവും ഇന്നലത്തെ വാര്ത്തയുംപോലെ വിസ്മരിക്കപ്പെടുന്നു. താങ്ങായി, തണലായിനടന്നു മറഞ്ഞവരെ എന്നും ഓര്‍മ്മിക്കാനായി ഈ സംരംഭത്തിന് സാധിക്കട്ടെ എന്ന് ആശിക്കുന്നു.
ലേഖന സമാഹാരങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള രീതി മറ്റു പുസ്തക സംരംഭങ്ങളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ്. ആദ്യമായി ഏറ്റവും അനുയോജ്യരായ ലേഖകരെ തിരഞ്ഞെടുത്ത് സഹകരണം ഉറപ്പാക്കണം. തിരക്കുള്ളവര്‍ അല്ലെങ്കില്‍ വിശ്രമജീവിതം ആസ്വദിക്കുന്നവരില്നിന്നും ‘ഡെഡ് ലൈനിനു മുന്‍പായി ‘മാറ്റര്‍’ സംഘടിപ്പിക്കണം. ഉള്ളടക്കത്തില്‍ കഴിവതും ഏകീകൃതരൂപം ഉറപ്പുവരുത്തുകയും വേണം. ഈ കാര്യക്രമങ്ങളിലൂടെയുള്ള ശ്രമങ്ങളില്‍ കൈത്താങ്ങായി ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി. സഹായസഹകരണങ്ങളുമായി എന്നും ഒപ്പമുണ്ടായിരുന്ന തോമസ് ജേക്കബ്സാര്‍, എം. ബാലഗോപാലന്, പി. ദാമോദരന്‍, ഡോ. പോള്‍ മണലില്‍ എന്നിവരെ പ്രത്യേകം ഓര്‍ക്കുന്നു. ഒരു പുസ്തകത്തില്‍ തുടങ്ങി ഒരു പരമ്പര തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് തീര്‍ച്ചയായും ദൈവകൃപയാണ്. മുന്നോട്ടുള്ള യാത്രയിലും കൂടുതല്‍ നേട്ടങ്ങളുമായി ഒരുമിച്ചു മുന്നേറാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ബൈലൈന്‍ പരമ്പരയിലെ മൂന്ന് പുസ്തകങ്ങളും, ഒരേ ഒരു തോമസ് ജേക്കബ്, കീപ്പര്‍-അബു കളിയെഴുത്തിന്റെ ഉസ്താദ് എന്നിങ്ങനെ അഞ്ചു പുസ്തകങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ എഡിറ്റ് ചെയ്യാനും സഹരചയിതാവാനുമുള്ള ദൈവകൃപക്ക് നന്ദി.
‘ഉദിക്കുമ്പോള്‍ ജ്വലിക്കുകയും ദിനാന്ത്യത്തില്‍ മങ്ങുകയും ചെയ്യുന്ന ജ്യോതിര്‍ഗോളമാണ് ബൈലൈനിനു പിന്നിലുള്ള വ്യക്തി’. ബൈലൈന്‍ 3-ന്റെ അവതാരികയില്‍ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ സാക്ഷ്യപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ചാനലിലും ഏഷ്യാനെറ്റിലും ഡോ. സെബാസ്റ്റ്യന്‍പോള്‍ അവതരിപ്പിച്ചിരുന്ന മാധ്യമവാര്ത്തക്കുള്ളിലെ വാര്‍ത്തകളെക്കുറിച്ചുള്ള ‘മാധ്യമ വിചാരം’ പംക്തിയിലൂടെ മലയാളിയെ വര്ത്താലോകവുമായി ചേര്‍ത്തുനിര്‍ത്തിയ അദ്ദേഹത്തിന്റെ മാസ്മരീകത അവതാരികയിലെ വരികളിലും തിളങ്ങുന്നു. എഴുപത്തിയൊന്നു മണ്മറഞ്ഞ ‘ജ്യോതിര്‍ഗോളങ്ങളായ ബൈലൈനുകളെ’ അക്ഷരങ്ങളുള്ള കാലങ്ങളത്രയും മലയാളിയുടെ മനസ്സില്‍ ജ്വലിപ്പിച്ചുനിര്ത്താനുള്ള കരുതലാണ് ബൈലൈന്‍ പുസ്തകപരമ്പര. ഓര്‍മകളും ചിന്തയുമുണര്‍ത്തുന്ന താങ്കളുടെ അനന്യമായ അവതാരികക്ക്, സ്വീകരിച്ചാലും ഡോ. സെബാസ്റ്റ്യന്‍ പോള്‍, നന്ദിയുടെ സ്നേഹപുച്ചെണ്ട്.
അക്ഷരമാല ക്രമത്തിലാണ് ബൈലൈനിലെ കഥാപുരുഷന്മാരെ അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ മലയാളിയുടെ വാര്‍ത്താമുഖം എന്ന് വിശേഷിപ്പിക്കാവുന്ന വി.എം. മരങ്ങോലിയും സച്ചിദാനന്ദ മൂര്‍ത്തിയും, കാര്ട്ടൂണ്ലോകത്തെ അതികായകന് ടോംസ്, സാഹിത്യമണ്ഡലത്തിലും ശോഭിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണിയും, ഈ.വി. കൃഷ്ണപിള്ളയും, കെ. നാരായണപിള്ളയും, സംസ്ഥാന രാഷ്ട്രീയവിശകലനത്തില് അഗ്രണ്യനായിരുന്ന പി. അരവിന്ദാക്ഷന്, ജേണലിസം മേഖലയില്‍ സാങ്കേതികതയുടെ മികവ് ഒരു മുതല്‍ കൂട്ടായി വരുന്നതിന് മുന്‍പ് അവിസ്മരണീയമായ സംഭാവനകള്‍ നല്കിയ ജോസഫ് കൊട്ടാരം, എന്‍.എം. മാണി, ജോസഫ് ഇടമറുക്, കെ. മാത്തന്, ആര്‍ട്ടിസ്റ്റ് കെ.ജെ. മാത്യു, എം.എന്‍. ബാലകൃഷ്ണന് നായര്‍, ദി വീക്ക് വാരികയുടെ എഡിറ്റര്‍ ടി.ആര്. ഗോപാലകൃഷ്ണന്, സാമ്പത്തിക- വ്യാവസായിക – വാണിജ്യ വിഷയങ്ങളിലെ വിദഗ്ധന്‍ ബി. ഉണ്ണികൃഷ്ണന്, പത്രപ്രവര്ത്തനമേഖലയില്നിന്ന് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് ചേക്കേറിയ പി.എസ്. സന്തോഷ്, വെള്ളിത്തിരയിലും തിളങ്ങിയ അപൂര്‍വ്വ പ്രതിഭ രാമന്പിള്ളയെന്ന വാണക്കുറ്റി. പതിനേഴ് ഇതിഹാസങ്ങളെ ബൈലൈന്‍ 3-ല്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ പ്രതിഭകളെ തൊട്ടറിയുന്നവരും മാധ്യമമേഖലയുമായി വളരെ അടുത്ത ബന്ധമുള്ളവരുമാണ് അവരെ അനുസ്മരിക്കുന്നത്.
ബൈലൈന്‍ 2-ന്റെ പ്രസിദ്ധികരണം നിര്‍വഹിച്ച ലിപി പബ്ലിക്കേഷന്റെ ശ്രീ അക്ബര്‍ ബൈലൈന്‍ 3-ന്റെയും പ്രസിദ്ധീകരണത്തിന് തയ്യാറായതിലുള്ള സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു. ടൈപ്പ്സെറ്റും ലേഔട്ടും ചെയ്ത ജെയ്സല്‍ നല്ലളം, മനോഹരമായ കവര്‍ ഡിസൈന്‍ചെയ്ത രമേശ് ജീവന് എന്നിവര്‍ക്കും ഒരുപാട് നന്ദി.
വര്‍ഷങ്ങള്‍ക്കും മുന്‍പ് പത്രത്താളുകളുകളില് നിറഞ്ഞു നിന്നിരുന്ന ഈ പ്രതിഭകളെ നമുക്ക് ഓര്‍മയുടെ ഈ താളുകളില്‍ ഒരു വട്ടം കൂടി ഓര്‍ക്കാം, സ്മരിക്കാം.
ഇനിയും നമുക്കൊരുമിച്ച് ഓര്‍മയുടെ താളുകള്‍ ബൈലൈന്‍ നാലിലും വായിക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ – ആന്റണി കണയംപ്ലാക്കല്‍




