
കോഴിക്കോട് : പാലാഴി പാലക്കുറ്റിയിൽ വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന കട ഉടമയെ എ.എസ്.ഐ. നിരന്തരം പരിഹസിക്കുകയാണെന്ന പരാതിയിൽ ഇത്തരം നടപടികളിൽ നിന്നും വിട്ടു നിൽക്കാൻ എ.എസ്.ഐ ക്ക് താക്കീത് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
എ.എസ്.ഐ. കമ്മീഷൻ സിറ്റിംഗിന് നേരിട്ട് ഹാജരായി പരാതി നിഷേധിച്ചെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ
സാധാരണഗതിയിൽ ഒരാൾ പരാതിയുമായി മുന്നോട്ടു പോകുന്നത് തീരെ നിവൃത്തിയില്ലാതാകുമ്പോഴാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തന്റെ ആത്മാഭിമാനത്തിന് നിരന്തരം ക്ഷതമേറ്റതുകൊണ്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചതെന്ന് ഉത്തരവിൽ പറയുന്നു. ജനമൈത്രി പോലീസ് പോലുള്ള സംവിധാനങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ അതിന്റെ അന്തഃസത്തക്ക് നിരക്കാത്തതും പരിഷ്കൃതസമൂഹത്തിന് അനുയോജ്യമല്ലാത്തതുമായ നടപടികൾ ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും പരാതിയിൽ പറയുന്നു.
തന്റെ കടയിൽ നിന്നും സൈറ്റിൽ സാധനമെത്തിച്ച ഓട്ടോയ്ക്ക് സാധനങ്ങൾ വാടകയ്ക്ക് എടുത്തയാൾ ഓട്ടോകൂലി നൽകാത്തത് ചോദ്യം ചെയ്തപ്പോഴാണ് അന്ന് പന്തീരാങ്കാവ് സ്റ്റേഷനിൽ എ.എസ്.ഐ. യായിരുന്ന ഉദ്യോഗസ്ഥൻ തന്നെ അപമാനിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിന് ശേഷം എ.എസ്.ഐ. നിരന്തരം തന്റെ കടയിലെത്തി തന്നെ പരസ്യമായി അപമാനിക്കുന്നത് പതിവാണെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ നിർദ്ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലും എ.എസ്.ഐ. ക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു.