
കോഴിക്കോട് : പുതുപ്പാടി സ്വദേശിനി ഷിബിലയുടെ മരണത്തിന് കാരണം താമരശേരി പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നേരിട്ടും സമൂഹമാധ്യമം വഴിയും ഷിബിലയെ ഭർത്താവ് യാസിർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28 ന് താമരശേരി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ യാസിറിനെ വിളിച്ചു വരുത്തി താക്കീത് നൽകി പറഞ്ഞയക്കുകയായിരുന്നു
എന്നാണ് പരാതി. ഭർത്താവിന്റെ വീട്ടിലുള്ള ഷിബിലയുടെ മകളുടെ വസ്ത്രങ്ങൾ പോലും വാങ്ങി നൽകാൻ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.