
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിലുള്ള ചെറൂപ്പ സർക്കാർ ആശുപത്രി നേരിടുന്ന ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
സാധാരണക്കാരായ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ആശുപത്രിക്ക് മതിയായ കെട്ടിട സൗകര്യങ്ങളില്ല. അത്യാഹിത വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും വയറിംഗ് പൂർത്തിയായിട്ടില്ല. ഷീറ്റ് കൊണ്ട് മറച്ച സ്ഥലത്താണ് ഒ.പി. ടിക്കറ്റ് നൽകുന്നത്. ഒ.പി. ടിക്കറ്റ് നൽകാൻ ജീവനക്കാരില്ലാത്തതിനാൽ നേഴ്സുമാരാണ് ഈ ജോലി കൂടി ചെയ്യുന്നത്. മൊബൈൽ ഫോൺ വെളിച്ചത്തിൽ ചികിത്സിക്കേണ്ട ഗതികേടും ഉണ്ടാകാറുണ്ട്. ഡോക്ടർമാരുടെ ഒഴിവ് നികത്താറില്ല. ക്വാർട്ടേഴ്സുകൾ പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണെന്നും പറയുന്നു.ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോട്ടൂർ-പുതിയപുറം റോഡ് : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 18, 19 വാർഡുകളിലൂടെ കടന്നു പോകുന്ന കോട്ടൂർ-പുതിയപുറം റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസഹമായ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യത്തിലും കമ്മീഷൻ ഇടപെട്ടു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താൽ പുതിയപ്പുറം അപകടവളവിന് പരിഹാരം കാണാമെന്നും നാട്ടുകാർ പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് 2014-15 വർഷത്തിലാണ് റീടാറിംഗ് നടത്തിയത്. സംസ്ഥാന പാതയിലെത്താനുള്ള എളുപ്പവഴിയാണ് പൊട്ടിപ്പൊളിഞ്ഞത്. നാട്ടുകാരാണ് റോഡിലെ കുഴികൾ അടച്ചതെന്നും മനസിലാക്കുന്നു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് രണ്ടു വിഷയങ്ങളിലും കമ്മീഷൻ സ്വമേധയാ കേസെടുത്തത്.