KERALAOthersPoliticstop news

എട്ടുമുക്കാലട്ടിവെച്ചപോലെ; നിയമസഭയില്‍ അധിക്ഷേപപരാമര്‍ശവുമായി മുഖ്യമന്ത്രി, വിമര്‍ശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ മറുപടിപ്രസംഗം നടത്തുന്നതിനിടെ അധിക്ഷേപ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറാന്‍ ശ്രമിച്ചതോടെ അവരെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംഎല്‍എയുടെ ഉയരക്കുറവിനെ മുഖ്യമന്ത്രി പരിഹസിച്ച് രംഗത്തെത്തിയത്. എട്ടുമുക്കാലട്ടി വച്ചതു പോലെ തന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

‘എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ ബോഡി ഷെയിമിങിനെതിരെയും വിഡി സതീശന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. നിയമസഭയിലെ ഒരംഗത്തെ ഉയരക്കുറവുള്ളയാള്‍, ശരീര ശേഷി ഇല്ലാത്തയാള്‍ എന്നൊക്കെ പറയുന്നുണ്ട്. ആരാണ് അളവുകോല്‍ ഇവരുടെ കയ്യില്‍ കൊടുത്തിരിക്കുന്നത്? എത്ര പൊക്കം വേണം ഒരാള്‍ക്ക്? മുഖ്യമന്ത്രിയുടെ കയ്യില്‍ അളവുണ്ടോ? ഉയരക്കുറവിനെയും ആരോഗ്യ കുറവിനെയും കളിയാക്കാന്‍ പാടില്ല. ഇത് പൊളിറ്റിക്കലി ഇന്‍കറ്ട് ആയിട്ടുള്ള പ്രസ്താവനയാണ്. ഇവര്‍ പുരോഗമന വാദികളാണെന്ന് വെറതേ പറയുന്നവരാണ്. 19-ാം നൂറ്റാണ്ടിലെ സ്പെയിനില്‍ ജീവിക്കണ്ടവരാണിവരെന്നും വിഡി സതീശന്‍ പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close