
കോഴിക്കോട്: കോർപറേഷനിലെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഭാരത് പെട്രോളിയം കോർപറേഷൻ നിർമിക്കാനുദ്ദേശിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റ് പ്രൊജക്റ്റ് രേഖ കമ്പനി പ്രൊജക്റ്റ് ജനറൽ മാനേജർ ആർ ശശി പ്രകാശ് കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചു. കോർപറേഷൻ സ്ഥലം കൈമാറുകയും മറ്റ് സാങ്കേതിക അനുമതികളും ലഭിച്ചാൽ 24 മാസത്തിനകം പ്രവൃത്തിപൂർത്തീകരിച്ച് പ്ലാന്‍റ് പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞെളിയൻ പറമ്പിൽ കോർപറേഷന് 17 ഏക്കർ സ്ഥലമാണ് ഉള്ളത്. ഇതിൽ ഏഴ് ഏക്കർ സ്ഥലമാണ് ബി.പി.സി.എല്ലിന് പ്ലാന്‍റ് നിർമമാണത്തിനായി കൈമാറുക. ഈ ഭൂമി കൈമാറാൻ കൗൺസിൽ നേരത്തെ തീരുമാനമെടുത്തിരുന്നു.
99 കോടി രൂപ ചെലവിലാണ് പദ്ധതിനടപ്പാക്കുക. ഇത് പൂർണമായും ബി.പി.സി.എൽ വകയിരുത്തും. ദിവസം 150-180 ടൺ ജൈവമാലിന്യം സംസ്കരിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ടാവും. ജൈവ മാലിന്യങ്ങൾ മാത്രമാണ് പ്ലാന്‍റിൽ സംസ്കരിക്കുക. ദിനംപ്രതി 5-6 ടൺ ബോയോഗ്യസും 20-25 ടൺ ജൈവ വളങ്ങളും ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കും. ഇവ വിറ്റ് കിട്ടുന്ന പണം ബി.പി.സി.എല്ലിനായിരിക്കും. പ്ലാന്‍റിൽ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുകുന്ന പ്രശ്നം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷന്‍റെ പ്രത്യേക കൗൺസിലിലാണ് കമ്പനി അധികൃതർ പദ്ധതി വിശദീകരിച്ചത്. 2024-2025 വാർഷിക പദ്ധതി ഭേദഗതികളോടെ കൗൺസിൽ യോഗം അംഗീകരിച്ചു.