
തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കണ്ണിചേർത്തുള്ള ബോധവത്കരണവും മൂർത്തമായ നടപടികളും അടങ്ങുന്ന സമഗ്ര പദ്ധതിയിലൂടെയെ മയക്കുമരുന്നിൻ്റെ മാരക വിപത്തിനെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. യുവാക്കളെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും കേന്ദ്രീകരിച്ചുള്ള ബോധവത്കരണം കൂടുതൽ ഊർജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ നടപ്പാക്കുന്ന ബ്രേക്കിംഗ് ഡി കാമ്പയിനിൻ്റെ വെബ്സൈറ്റ് ( www.BreakingD.com) ലോഞ്ച് ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധി സ്റ്റാർട്ടപ്പ് സൂപർ എഐ യുടെ (ZuperAI) സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. ഇനിയെങ്കിലും തടയിടാൻ കഴിഞ്ഞില്ലെങ്കിൽ ലഹരി സമൂഹത്തെ നശിപ്പിക്കുമെന്നും അതിനായി പത്രപ്രവർത്തക യൂണിയൻ ആവിഷ്കരിച്ച പദ്ധതി മാതൃകാപരമാണെന്നും ഗവർണർ പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണത്തിന് മാധ്യമങ്ങൾ ദിവസവും പ്രൈം സ്ലോട്ടിൽ സമയവും സ്ഥലവും നീക്കിവെക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സൂപർഎഐ സി. ഇ.ഒ അരുൺ പെരൂളി, വി.എം രാജു, ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഹരി എസ്. കർത്ത, രാജ്ഭവൻ പി.ആർ.ഒ എസ് സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ച വിവരങ്ങൾ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി. ക്യു.ആര്‍ കോഡ് വഴി ആർക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രേക്കിങ് ഡി ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും പ്രസ്ക്ലബ് ആസ്ഥാനങ്ങളിലും കെ.യു.ഡബ്ല്യു.ജെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ക്യു.ആർ കോഡ് സ്‌കാനര്‍ പ്രചാരണം നടക്കും. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്യു.ആർ കോഡ് പോസ്റ്റർ പതിപ്പിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
വിവിധ സാമൂഹിക സംഘടനകളും പദ്ധതിയിൽ പങ്കാളികളാകും. ഒരു വര്‍ഷം നീളുന്ന കാമ്പയിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പുകളും നടത്തും. കണ്ണൂരില്‍ വോളിലീഗും, കാസര്‍കോട് വടംവലി ചാമ്പ്യന്‍ഷിപ്പും വയനാട്ടില്‍ ക്രിക്കറ്റ് ലീഗും കോഴിക്കോട് ഫുട്‌ബാള്‍ ലീഗും കാമ്പയിനിന്റെ ഭാഗമായി നടക്കും.മ്യൂസോണ്‍, കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്നീ സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണയോടെയാണ് ബ്രേക്കിംഗ്ഡി വെബ്സൈറ്റ് വികസിപ്പിച്ചത്.
പദ്ധതിയുടെ ലോഗോ കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തിരുന്നു. മെഗാ ലോഞ്ച് ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.