
കോഴിക്കോട്: സംവിധായകൻ വിഎം വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കിയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം പൊളിയുന്നു. കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. എന്നാൽ, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വിഎം വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലാപറമ്പിൽ വോട്ട് ചെയ്തുവെന്നാണ് വിഎം വിനു ഇന്നലെ പറഞ്ഞത്. എന്നാൽ, മലാപറമ്പ് ഡിവിഷനിൽ 2020ലെ വോട്ടര്‍ പട്ടികയിലും വിഎം വിനു ഉൾപ്പെട്ടിരുന്നില്ലെന്നാണ് പുതിയ വിവരം.
more news:എല്ലാവർക്കും ക്ഷേമവും വികസനവും എന്ന കാഴ്ചപ്പാടിലൂന്നി എൽഡിഎഫ് പ്രകടനപത്രിക
ഇതിനിടെ, വിഎം വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ ഇല്ലാത്ത സംഭവത്തിൽ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസിൽ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തിൽ വോട്ടർ പട്ടികയിൽ പേരിലാത്ത സ്ഥാനാർഥികളായ വി എം വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും പങ്കെടുത്തു. യോഗത്തിനുശേഷം മാധ്യമങ്ങളുടെ സംസാരിച്ച ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാറും സ്ഥാനാര്‍ത്ഥിയായ സംവിധായകൻ വിഎം വിനുവും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലും വിഎം വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന വാദം തള്ളി. 2020ലെ വോട്ടര്‍ പട്ടികയിൽ പേരില്ലെങ്കിൽ ആ പട്ടിക എവിടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സൈറ്റിൽ പോലും അത് കാണാനില്ലെന്നും ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പുറത്തു വന്നപ്പോളാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യമറിഞ്ഞത്. സിപിഎം നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയാണ് വോട്ടര്‍പട്ടികയിലെ ക്രമക്കേടിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
more news:കോഴിക്കോട് കോര്‍പ്പറേഷന്‍: കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചു
നാലര പതിറ്റാണ്ടോളമായി വോട്ടുചെയ്യുന്ന തനിക്ക് വോട്ട് നിഷേധിച്ചത് അനീതിയെന്നും കോഴിക്കോട്ടെ എല്ലാ വാര്‍ഡുകളിലും പ്രചാരണത്തിനിറങ്ങുമെന്നും വി എം വിനു പ്രതികരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വിഎം വിനുവിന്‍റെ പേര് പട്ടികയിലില്ലെന്ന വിവരം പുറത്ത് വന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച കോര്‍പറേഷനിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്ത് വന്നെങ്കിലും തനിക്ക് വോട്ടില്ലെന്ന കാര്യം വിനുവും മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ലെന്ന കാര്യം യുഡിഎഫ് നേതാക്കളും അറിഞ്ഞത് പിന്നെയും മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാണ്. പട്ടികയില്‍ പേരില്ലെന്ന് ഉറപ്പായതോടെ വിനുവിനൊപ്പം ഡിസിസി ഓഫീസില്‍ വാര്‍ത്താ സമ്മേളനം ചേർന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും സിപിഎമ്മിനെതിരെയും ഗൂഡാലോചന ആരോപിച്ചിരുന്നു.




