top news
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന: കെ സുരേന്ദ്രന്‍
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ സ്ത്രീ പക്ഷ നിലപാട് വാചക കസര്‍ത്ത് മാത്രമാണെന്നും സര്‍ക്കാര്‍ വേട്ടക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
‘ആരെയൊക്കെയോ രക്ഷിക്കാനാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ വെട്ടിയത്. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. നാല് വര്‍ഷത്തിലേറെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേല്‍ അടയിരിക്കുകയായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഉര്‍വശീശാപം ഉപകാരം എന്ന നിലയിലാണ് പല പേജുകളും സര്‍ക്കാര്‍ വെട്ടിമാറ്റിയതെന്നും’ കെ സുരേന്ദ്രന്‍ ആരോപിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 11 ഖണ്ഡികകള്‍ മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന വിവരമാണ് പുറത്തുവന്നത്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കി. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്.