KERALAlocaltop news

മാവൂർ കാൻസർ സെന്ററിന് ഒരു കോടി അനുവദിച്ചതായി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനിൽ

കോഴിക്കോട് :- മാവൂർ തെങ്ങിലക്കടവ് കാൻസർ സെന്ററിന്റെ പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പൊതു മരാമത്ത് വകുപ്പ് തയ്യാറാക്കി നൽകിയ ഒരു കോടിയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്. മാവൂർ സെന്ററിനെ കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിലുള്ള കാൻസർ സ്ക്രീനിംഗ് സെന്ററാക്കി മാറ്റാൻ സർക്കാർ അനുമതി നൽകിയതായി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. മാവൂർ ക്യാൻസർ സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം താഴെ പറയുന്ന തീരുമാനങ്ങളെടുത്തു.

മാവൂർ കാൻസർ സെന്റർ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും.

കാൻസർ കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾക്കുള്ള ജീവനക്കാരെ നിയമിക്കാനും അനുബന്ധ പദ്ധതികൾ സമർപ്പിക്കാനും കോഴിക്കോട് ജില്ലാ പഞ്ചായത്തിനെയും ദേശീയ ആരോഗ്യ മിഷനെയും (എൻ എച്ച് എം)ഏൽപ്പിക്കും. കാൻസർ കെയർ സെന്ററിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.

കാൻസർ സെന്ററിന്റെ തുടർ സാധ്യതകൾ സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് റേഡിയോ തെറാപ്പി വകുപ്പ് മേധാവി തയ്യാറാക്കിയ വിശദ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ മന്ത്രിയും കുന്നമംഗലം എം എൽ എ യും ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് 2022 മാർച്ച് 23 ന് ഓൺലൈൻ യോഗം കൂടിയതായും റിപ്പോർട്ടിൽ പറയുന്നു. പരാതി പരിഹരിച്ച സാഹചര്യത്തിൽ കേസ് തീർപ്പാക്കി. കാരപ്പറമ്പ് സ്വദേശി എ സി ഫ്രാൻസിസ് സമർപ്പിച്ച ഹർജിയിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close