KERALAlocaltop news

ടാഗോർ ഹാളടക്കം കോഴിക്കോട്ടെ ആറ് വൻ കെട്ടിടങ്ങൾ പൊളിക്കാൻ നഗരസഭ

വേണാടിനെ സംരക്ഷിച്ച് ഉദ്യോഗസ്ഥ ലോബി

കോഴിക്കോട് : കോഴിക്കോട് സൗത് ബീച്ചിലെ പഴയ പാസ്പോർട് ഓഫീസ് കെട്ടിടവും ടാഗോര്‍ ഹാളുമടക്കം നഗരസഭയുടെ ആറ് വലിയ കെട്ടിടങ്ങള്‍ പൊളിച്ച് നിർമിക്കാനും അതിനായി വിശദപദ്ധതിരേഖ തയ്യാറാക്കാനും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിൽ ഉൾപ്പെട്ട മെഡിക്കല്‍ കോളേജ് വേണാട് കെട്ടിടം നല്ല നിലയിലാണെന്ന് കൗൺസിൽ അജണ്ടയിൽ വന്നത് ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് അടക്കം ഭരണ പക്ഷാംഗങ്ങളുടെ എതിർപ്പിനിടയാക്കി. ഇങ്ങനെ വന്നത് ഉദ്യോഗസ്ഥരുടെ ബോധപൂർവമായ ഇടപെടലാണെന്ന ഭരണപക്ഷത്തിന്റെ തന്നെ ആരോപണം പ്രതിപക്ഷം ആയുധമാക്കി. എന്‍ജിനീയറിങ് വിഭാഗം സംഭവത്തിൽ മറുപടി പറഞ്ഞെങ്കിലും അത് അംഗീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
അരീക്കാട് കെട്ടിടം, നടക്കാവ് കെട്ടിടം, കാരപ്പറമ്പ് കെട്ടിടം എന്നിവയും പൊളിക്കുന്ന കെട്ടിടങ്ങളിൽ പെടുന്നു. ടാഗോര്‍ ഹാളിന്റെ സ്ഥലം പകുതി ഭാഗം സി.ആർ.സെഡ് പരിധിയിലാണ്. 34 മുറിയുള്ള
വേണാട് കെട്ടിടത്തില്‍ കൊല്ലം 6.51 ലക്ഷം രൂപ വാടക കിട്ടുന്നു. നേരത്തെ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ബസ് ടെര്‍മിനലിനോട് ചേർന്നാണ് വേണാട് കെട്ടിടമെന്നതിനാൽ ഇത് പൊളിക്കുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്നാണ് ആരോപണം. 40 കൊല്ലം കഴിഞ്ഞ കെട്ടിടം നല്ലതാണെന്ന് അജണ്ടയിൽ വന്നതാണ് വാക്ക് തർക്കത്തിനിടയായത്. കെട്ടിടത്തിൽ വാടകക്ക് കച്ചവടം ചെയ്യുന്നവർക്കടക്കം ഇത് കേസ് കൊടുക്കാൻ ഉപകരിക്കുമെന്നും വിമർശനമുണ്ടായി. എസ്.കെ അബൂബക്കർ, പി.കെ.നാസര്‍, എന്‍.സി. മോയിന്‍കുട്ടി, ഒ.സദാശിവന്‍, ഇ.എം. സോമന്‍ എന്നിവർ പ്രതിഷേധിച്ചു. കോർപറേഷന് ആയിരത്തിലേറെ പീടിക മുറികളുണ്ടായിട്ടും ഏറെയും വാടകക്കെടുത്തവർ വൻ തുകക്ക് മറിച്ചുനല്‍കുകയാണെന്ന് കെ. മൊയ്തീന്‍കോയ പറഞ്ഞു. കെട്ടിടങ്ങൾ പൊളിച്ച് പണിത് കോര്‍പ്പറേഷന്‍ വരുമാനം കൂട്ടാനാണ് നോക്കുന്നതെന്നും കടമുറികള്‍ കീഴ് വാടകക്ക് കൊടുക്കുന്നതിനെപ്പറ്റി അന്വേഷിക്കാമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ഉദ്യോഗസ്ഥർ വേണാട് കെട്ടിടം നല്ല സ്ഥിതിയിലാണെന്ന് ചേർത്തത് അജണ്ടയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.
മാവൂര്‍ റോഡ് ശ്മശാനത്തില്‍ നിന്ന് പൊള്ളലേറ്റ് സംഭവത്തില്‍ പരിക്കേറ്റ യുവാവിന് അടിയന്തര ചികിത്സാസഹായം കൊടുത്തു. കവിത അരുണാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. ശ്മശാനത്തിലെ ഗ്യാസ് പ്രശ്‌നം പരിഹരിച്ചു.
കല്ലായി മൂര്യാട് പാലത്തിന് അടുത്തുള്ള നിർമാണം നിർത്തിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എം.സി. സുധാമണി ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചു. വിവിധ കാര്യങ്ങളിൽ സി.പി. സുലൈമാന്‍, ടി.കെ. ചന്ദ്രന്‍ എന്നിവരും ശ്രദ്ധക്ഷണിച്ചു. നടുവട്ടം ശുദ്ധജല പദ്ധതിയെപ്പറ്റിയുള്ള കൊല്ലരത്ത് സുരേശന്റെ പ്രമേയവുമുണ്ടായി.
ഹോട്ടലുകളിലെ പരിശോധനയെപ്പറ്റി കെ.മൊയ്തീന്‍കോയ ശ്രദ്ധക്ഷണിച്ചു. ഒരു മാസത്തിനകം 93,000 രൂപ പിഴയീടാക്കിയതായി ഹെല്‍ത്ത് ഓഫീസര്‍ ഡോ.എ.ശശികുമാര്‍ മറുപടി നൽകി. കൃത്യമായ പരിശോധനയുണ്ടെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ഡോ.എസ്. ജയശ്രീയും പറഞ്ഞു. ഭക്ഷ്യസുരക്ഷയിൽ കർശന നടപടിക്ക് സർക്കാറിനെ സമീപിക്കുമെന്ന് മേയര്‍ ഡോ. ബീനാഫിലിപ്പ് പറഞ്ഞു.
പി.എന്‍.ബി.തട്ടിപ്പ് സംഭവത്തിൽ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് കോര്‍പ്പറേഷന് പലിശയിനത്തില്‍ 12,53,656 രൂപ കിട്ടാനുണ്ടെന്ന് സെക്രട്ടറി കെ.യു.ബിനി അറിയിച്ചു. പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയുടെ ശ്രദ്ധക്ഷണിക്കലിനാണ് സെക്രട്ടറിയുടെ മറുപടി ഈ ആഴ്ച തന്നെ പലിശ കോർപറേഷന് കിട്ടുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close