
കോഴിക്കോട് : കോഴിക്കോട് നഗരത്തെ അതിദാരിദ്ര്യമുക്ത കോര്പ്പറേഷനാവുന്നതിന്റെ പ്രഖ്യാപനം നടത്തുന്നതിനെ ചൊല്ലി കോര്പ്പറേഷൻ കൗൺസിൽ യോഗത്തിൽബഹളവും വാക്കേറ്റവും. പ്രഖ്യാപനം നടത്താനുള്ള നിക്കത്തെ യുഡിഎഫും ബിജെപിയും ശക്തമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. നഗരം അതിദാരിദ്ര്യമുക്തമാകുന്നതിന് മുൻപ് പ്രഖ്യാപനം നടത്തുന്നത് പിന്നീട് ഫണ്ട് നഷ്ടപ്പെടാന്‍ കാരണമാകുമെന്നു ആരോപിച്ചാണ് യുഡിഎഫും ബിജെപിയും എതിർത്തത്. മുഴുവൻ സൗകര്യവും ഉറപ്പാക്കിയ ശേഷമാണ് പ്രഖ്യാപനമെന്നായിരുന്നു എല്‍ഡിഎഫു നിലപാട്. മേയര്‍ ഡോ. ബീനാഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കൗണ്‍സില്‍ യോഗത്തിൽ, അജണ്ട പാസാക്കിയെങ്കിലും യുഡിഎഫ് വിയോജനക്കുറിപ്പ് രേഖാമൂലം രേഖപ്പെടുത്തി. ഇതിന് മുൻപ് ചേരിരഹിത കോര്‍പ്പറേഷനും വെളിയിട വിസര്‍ജനമുക്ത നഗരമായുമെല്ലാം പ്രഖ്യാപിച്ചത് വിവിധ കേന്ദ്രഫണ്ടുകൾ നഷ്ടപ്പെടുത്തിയെന്നും അത്തരത്തിലുള്ള ഒരു സാഹചര്യം ഇത്തവണ ഉണ്ടാവരുതെന്നും യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ. സി. ശോഭിത ചൂണ്ടിക്കാട്ടി. ഇപ്പോഴും കോര്പ്പറേഷന് പരിധിയിൽ ചേരിസമാനമായ 40 പ്രദേശങ്ങളുണ്ടന്ന് രേഖകൾ പറയുന്നു. നഗരത്തില്‍ ഇനി പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആരും ഇല്ലെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അത്ആനുകൂല്യങ്ങള് നഷ്ടപെടാൻ കാരണമാകുമെന്നും ശോഭിത വിശദമാക്കി. ഇപ്പോഴും ഒട്ടേറെപ്പേര്‍ പട്ടികയ്ക്ക് പുറത്താണെന്നു വിവിധ കൗണ്‍സിലര്‍മാരും കുറ്റപ്പെടുത്തി.
പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് പ്രഖ്യാപിക്കുന്നത് തീർത്തും പ്രഹസനമാണെന്ന് ബിജെപി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് പറഞ്ഞു.
എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയ ശേഷം നടത്തുന്ന പ്രഖ്യാപനം മാതൃകാപദ്ധതിയാണെന്നു ക്ഷേമകാര്യസമിതി അധ്യക്ഷന്‍ പി. ദിവാകരന് വിശദീകരിച്ചു. അജണ്ട ചർച്ച തർക്കത്തിലും ബഹളത്തിലും മുങ്ങി.




