
കോഴിക്കോട്: കോഴിക്കോട് നഗരസഭയ്ക്ക് 161 കോടി രൂപയുടെ മിച്ച ബജറ്റ് . നടപ്പ് കൗൺസിലിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ ഒട്ടനവധി ജനോപകാര പദ്ധതികൾ പ്രഖ്യാപിച്ചു. പരാതികൾക്കിടം നൽകാതെ പരമാവധി വികസനങ്ങൾ നടപ്പാക്കാൻ ഈ കൗൺസിൽ പ്രതിജ്ഞാബന്ധമാണെന്നും പ്രതിപക്ഷത്തിനും മുഴുവൻ നഗരവാസികൾക്കും ഭരണപക്ഷം ഒരേ മനസോടെ നന്ദി പറയുന്നതായും കന്നി ബജറ്റ് തുറന്ന മനസോടെ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി മേയർ ബജറ്റ് പ്രസംഗത്തിൽ സൂചിപിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടും കൂടിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. പല പ്രഖ്യാപനങ്ങളും നീണ്ട കൈയടിയോടെയാണ് കൗൺസിലർമാർ പിന്തുണച്ചത്.ക്ഷീരബല നൂറ്റിയൊന്ന് ആവർത്തിക്കുന്ന മുൻ വർഷങ്ങളിലെ തനിയാവർത്തനം ഈ വർഷത്തെ പ്രഖ്യാപനത്തിലി ല്ല. അതിനാൽ ബജറ്റ് പുസ്തകവും ചെറുതായി. നടപ്പു വർഷത്തെ 38കോടിയുടെ നീക്കിയിരിപ് ഉൾപ്പെടെ 2026- 27 വർഷത്തിൽ 1221 കോടിയുടെ വരവും, 1060 കോടിയുടെ ചെലവും, 161 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് മതിപ്പ് ബജറ്റ് . ഇതിൽ 560 കോടി സാധാരണ വരവ് ഇനത്തിലും 623 കോടി മൂലധന വരവുമാണ്. സാധാരണ ചെലവിനത്തിൽ 659 കോടിയും! മൂലധന ചെലവിനത്തിൽ 401 കോടിയും ഉൾപ്പെടെയാണ് മൊത്തം ചെലവിനത്തിൽ ഉൾപ്പെടുന്ന 1060 കോടി രുപ . ഭരണം വേഗത്തിലാക്കാൻ കെ സ്മാർട്ട് വിപുലീകരണം, മുഴുവൻ വകുപ്പുകളിലും ഡിജിറ്റൈലൈസേഷൻ, വെബ്സൈറ്റ് അപ്ഡേഷൻ, ജിഐഎസ് മാപ്പിംഗ്, ജനപ്രതികൾക്ക് ആയുഷ്ക്കാല ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നഗരാസൂത്രണ- പൈതൃക സംരക്ഷണം, കോർപ്പറേഷൻ കെട്ടിടങ്ങളുടെ അറ്റകുറ്റപണിയും പുനർനിർമ്മാണവും, സിറ്റി ബ്യൂട്ടിഫിക്കേഷൻ, ടാഗോർ ഹാൾ പുനർനിർമ്മാണം, അരീക്കാട് ഷോപ്പിങ് കോംപ്ലക്സ്, മോഡൽ ജംഗ്ഷനുകൾ, കെ എസ് ആർ ടി സി മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 1.6 കി. മി ഭാഗം ജെൻഡർ സ്ട്രീറ്റാക്കൽ, വിവിധ സ്ഥലങ്ങളിൽ ഓപ്പൺ ജിം , കലാകാരന്മാർക്കായി ആർട്ടിസ്റ്റ് റിസോഴ്സ് ഡയരക്ടറി , നഗരത്തിലെ വിവിധയിടങ്ങളിൽ എസ്കലേറ്റർ, അനധികൃത പരസ്യനിയന്ത്രണം, മാനാഞ്ചിറയെ ഓക്സിജൻ പാർലറാക്കൽ, കുടിവെള്ളം കുറഞ്ഞ ചെലവിൽ നൽകാൻ വാട്ടർ എ ടി എമ്മുകൾ, ഒരു വാർഡിൽ – ഒരു കളിസ്ഥലം – ഒരു കുളം, സാഹിത്യ നഗരമാക്കൽ, സഞ്ചരിക്കുന്ന ലൈബ്രറി, ലോക ഭാഷകളുടെ മ്യൂസിയം, കുട്ടികളിലെ സാഹിത്യ വാസന പ്രോത്സാഹിപ്പിക്കൽ,കൗൺസിലർമാരുടെ സർഗശേഷി വർധിപ്പിക്കൽ, വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് താമസിക്കാനുള്ള സംവിധാനം, ഡയാലസിസ് രോഗികൾക്ക് ധനസഹായം, വെസ്റ്റ് ഹിൽ സംയോജിത ആരോഗ്യ കേന്ദ്രം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ജീവിത ശൈലി രോഗ നിയന്ത്രണം! ലഹരിക്കെതിരെ ഹാൻഡ്സ് അപ് – HANDS UP- പദ്ധതി, അഴക് 2.0, ഞെളിയൻ പറമ്പിലെ പ്രശ്ന പരിഹാരം, ഹരിത കർമ്മസേനയുടെ ഉന്നമനത്തിനായി 90 ലക്ഷം, ഉറവിട മാലിന്യ സംസ്കരണം, മഴക്കാലപൂർവ ശുചീകരണം, രാത്രികാല ശുചീകരണം, 18 ആധുനീക ടോയ്ലറ്റുകൾ, ബയോമെഡിക്കൽ വേസ്റ്റ് നിർമാർജനത്തിന് പദ്ധതി, തെരുവുനായ നിയന്ത്രണത്തിന് പദ്ധതികൾ, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് മാതൃകയിൽ അഴക് പദ്ധതിയുടെ ഭാഗമായി സ്റ്റുഡൻ്റ് ഗ്രീൻ കേഡറ്റ് പദ്ധതി, ശ്മശാനങ്ങളുടെ നവീകരണം, അമൃത് പദ്ധതിയിൽ വാട്ടർ ടാങ്കറുകൾ വാങ്ങാൻ ഒരു കോടി രൂപ, റോഡുകളുടെ വികസനം – നവീകരണം, 90 ശതമാനത്തിലധികം വസ്തുനികുതി പിരിച്ചെടുക്കുന്ന വാർഡുകൾക്ക് തനത് ഫണ്ടിൽ നിന്ന് പ്രത്യേകമായി അഞ്ച് ലക്ഷം രൂപ വീതം, റോഡ് വളവുകളിൽ മിറർ സ്ഥാപിക്കൽ, 5000 എൽഇ ഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ,നെല്ലിക്കോട്, ബേപ്പൂർ മേഖലകളിലെ അതി ദരിദ്രർക്ക് 63 പാർപ്പിടം നിർമ്മിക്കാൻ 52 ലക്ഷം രൂപ, ലൈഫ് പദ്ധതിയിൽ 150 വീടുകൾ കൂടി നിർമ്മിക്കാൻ ആറ് കോടി, ഭൂരഹിത ഭവനരഹിത പദ്ധതിയിൽ 5.25 കോടി രൂപ,840 വീടുകളുടെ നവീകരണത്തിന് ഓരോ ലക്ഷം വീതം, വനിതാ ക്ഷേമം, കുടുംബശ്രീ, സ്ത്രീ സുരക്ഷാ പെൻഷൻ, മുതിർന്ന പൗരന്മാരുടെ സർഗശേഷി ഉപയോഗപ്പെടുത്താൻ ഓൾഡ് ഈസ് ഗോൾഡ് പദ്ധതി, ബീച്ചിലെ ഫുഡ് സ്ട്രീറ്റ് നവീകരണം, ട്രാൻസ് ജെൻഡർ ഷെൽട്ടർ, കാർബൺ മാപ്പിങ്ങ്, ഹരിത റസിഡൻസുകൾ, നായക്കുട്ടികളെ ദത്തെടുക്കുന്നവർക്കായി ബൗ ബൗ ഫെസ്റ്റ് , മിനി മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിന് 50 ലക്ഷം , കൃഷി മേഖലയിൽ പൂകൃഷി, തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിൽ മുഴുവൻ വീട്ടുകളിലും പ്ലാവ് നടാൻ – ചക്ക ഗ്രാമം പദ്ധതി, തരിശു രഹിത നഗരം, തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കും.
2025-2026 വർഷത്തെ പുതുക്കിയ ബജറ്റ് എല്ലായിനങ്ങളിലും കൂടി 375369651 രൂപ -നീക്കിയിരിപ്പുണ്ട്. ഈ മുന്നിരിപ്പ് അടിസ്ഥാനമാക്കിയാണ് 2026-27 ലെ മതിപ്പ് ബജറ്റ് തയ്യാറാക്കിയത്. ബജറ്റ് അവതരണത്തിന് ശേഷം കൗൺസിലർമാരുടെ ചർച്ച ആരംഭിക്കും. 75 കൗൺസിലർമാരും ചർച്ചയിൽ പങ്കെടുക്കേണ്ടതിനാൽ മാർച്ച് രണ്ടിനും ചർച്ച തുടരും. തുടർന്ന് അന്ന് തന്നെ ഭേദഗതികളോടെ ബജറ്റ് പാസാക്കും. കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് നാലു പേർ മരണപ്പെട്ട അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കോർപറേഷൻ്റെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുകയും പുനർ നിർമിക്കുകയും ചെയ്യും. ഇതിനായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തി. സമീപകാലത്തുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും പുനർ നിർമാണത്തിനും വലിയ പ്രാധാന്യം നൽകുമെന്ന് ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ പറഞ്ഞു. നടപ്പ് വർഷത്തിൽ തന്നെ എൻജിനിയറിങ് ഹെൽത്ത്, റവന്യൂ വകുപ്പുകൾ കെട്ടിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. തുടർന്ന് ഇവയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയാറാക്കി പൊളിച്ചു മാറ്റേണ്ടവ പൊളിച്ചു മാറ്റുകയും നവീകരിക്കേണ്ടവ നവീകരിക്കുകയും ചെയ്യും. വലിയങ്ങാടിയിൽ അപകടത്തിൽ പെട്ടവരുടെ കുടുംബത്തിന് അടിയന്തിര സഹായം എത്തിക്കുന്നതിനും അവരുടെ ജീവിത ഭദ്രത ഉറപ്പു വരുത്തുന്ന നടപടികൾ സ്വീകരിക്കണമെന്ന കാര്യത്തിലും കൗൺസിലിന് കഴിഞ്ഞുവെന്നത് നഗരത്തിന് നൽകുന്ന വലിയ യോജിപ്പിൻ്റെ സന്ദേശമാണെന്ന് ആമുഖ പ്രസംഗത്തിൽ മേയർ ഒ. സദാശിവൻ പറഞ്ഞു




