KERALAlocalOtherstop newsVIRAL

കോർപറേഷൻ്റെ ഏഴ് കെട്ടിടങ്ങൾ പൊളിക്കും: ചിലത് സംരക്ഷിക്കാൻ ഒത്തുകളി

കോഴിക്കോട്: നഗരത്തിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഏഴ് കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട്.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ പാസ്‌പോർട്ട് ഓഫിസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് നാല് തൊഴിലാളികൾ മരിക്കാനിടയായതിനെ തുടർന്ന് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തിയാണ് പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കിയത്. അതേസമയം എൻജിനീയറിങ് വിഭാഗം പൊളിച്ചു നീക്കണമെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ എൻ.ഐ.ടി പോലുള്ള വിദഗ്ധ സംഘം പരിശോധന നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം നടപടിസ്വീകരിക്കുമെന്ന്മേയർഒ.സദാശിവൻ അറിയിച്ചു. കെട്ടിടങ്ങൾ ഉടൻ പൊളിച്ച് നീക്കേണ്ടെന്നും സമയബന്ധിതമായി പരിശോധന നടത്തി ബലപ്പെടുത്തേണ്ടവ ബലപ്പെടുത്തുമെന്നും പൊളിച്ചു നീക്കേണ്ടവ പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കാലതാമസം പാടില്ലെന്ന് പ്രതിപക്ഷ നേതാവ് ഷമീൽതങ്ങൾ, എസ്.കെ അബൂബക്കൾ എന്നിവർ വ്യക്തമാക്കി. മുൻ ആവശ്യത്തിൽ നിന്ന് മാറി, രാഷ്ട്രീയ ഒത്തുകളിയിലേക്ക് വിരൽചൂണ്ടുന്നതായി ഈ വിഷയത്തിൽ യുഡി എഫിൻ്റെ നിലപാട്മാറ്റം.
22 കെട്ടിടങ്ങളിലാണ് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തിയത്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും ക്ഷമതയും അടിസ്ഥാനമാക്കി പൊളിച്ചു മാറ്റേണ്ടവ, എൻജിനീറയിങ് കോളജ്, എൻ.ഐ.ടി എന്നിവയുടെ വിദഗ്ദ പരിശോധന നടത്തേണ്ടവ, വാർഷിക റിപ്പയറിങ് നടത്തേണ്ടവ എന്നിങ്ങനെ തരംതിരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. കോർപറേഷൻ മരാമത്ത് സ്ഥിരം സമിതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിന് മേയർ ഒ.സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിയിൽ യോഗം അംഗീകാരം നൽകി. ആരും എതിർപ്പ് അറിയിച്ചില്ല.
പുതിയങ്ങാടി മാർക്കറ്റ്, കാരപ്പറമ്പ് ബിൽഡിങ്, പുതിയറ ബിൽഡിങ്, ചെറൂട്ടിറോഡ് ബിൽഡിങ്, വെസ്റ്റ്ഹിൽ ബിൽഡിങ്, പഴയ പാസ്‌പോർട്ട് ഓഫിസ് ബിൽഡിങ്, ത്രിവേണി ബിൽഡിങ് എന്നവയാണ് പൊളിച്ചു നീക്കാനുള്ളത്. ഇ.എം.എസ് സ്‌റ്റേഡിയം, വേണാട് ബിൽഡിങ്, സ്‌റ്റേഡിയം സത്രം ബിൽഡിങ് എന്നീ കെട്ടിടങ്ങൾ എൻജിനീയറിങ് കോളജിന്റെയോ എൻ.ഐ.ടിയുടെയോ വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. പാളയം മാർക്കറ്റ് കെട്ടിടം, മാങ്കാവ് മത്സ്യമാർക്കറ്റ്, മൊഫ്യൂസിൽ ബസ്റ്റാൻഡ്, പാളയം ബസ്റ്റാൻഡ്, ഇന്ദിര ബിൽഡിങ് കോംപ്ലക്‌സ് എന്നിവ വാർഷിക റിപ്പയറിങ് നടത്താനും അംബേദ്കർ ബിൽഡിങ്, ഇടിയങ്ങര മാർക്കറ്റ് ബിൽഡിങ്, ന്യൂബസാർ ബിൽഡിങ്, നടക്കാവ് ബിൽഡിങ്, കണ്ണൂർ റോഡിലെ വെസ്റ്റ് നടക്കാവ് ബിൽഡിങ് , ബേപ്പൂർ ബസ്റ്റാൻഡ് കോംപ്ലക്‌സ് എന്നിവ കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ പരിശോധിച്ച് വീണ്ടും റിപ്പോർട്ട് തയാറാക്കുന്നതിനും നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close