
കോഴിക്കോട് : ജമ്മു- കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം കേന്ദ്ര സർക്കാരിൻ്റെ വീഴ്ച മൂലമാണെന്നും ഭീകരവാദികൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും മേയർ ഡോ. ബീന ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ ചേർന്ന കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗം അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുഡിഎഫ് അംഗം എം.സി. സുധാമണിയാണ് ഇതു സംബന്ധിച്ച അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. ഭീകരവാദം വളരുന്നതിൽ കേന്ദ്രസർക്കാരിനെ പഴിചാരുന്ന പ്രമേയത്തിലെ വാക്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ ടി. റെനീഷിൻ്റെ നേതൃത്വത്തിൻ പ്രതിഷേധിക്കുകയും നടുത്തളത്തിലിറങ്ങി ബഹളം വച്ച ശേഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. പഹൽഗാം അക്രമം കേന്ദ്ര ഇൻ്റലിജൻസ് വീഴ്ച്ച കൊണ്ടുണ്ടായതാണെന്ന പ്രസംഗത്തിലെ പരാമർശമാണ് ബി ജെ പി അംഗങ്ങളെ ചൊടിപ്പിച്ചത്. വാദ പ്രതിവാദങ്ങൾക്കിടെ മഹാത്മാഗാന്ധിയെ മോശമായ ഭാഷയിൽ പരാമർശിച്ച സി.എസ് സത്യഭാമ മേയറുടെ ശാസനയ്ക്ക് ഇരയായി. ഗാന്ധിജിയെ വാക്കുകളിലൂടെ അപമാനിച്ച സത്യഭാമക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭരണപക്ഷ – യു ഡി എഫ് അംഗങ്ങൾ ശക്തമായി ആവശ്യപ്പെടുകയും മേയർ നടപടി ശാസനയിൽ ഒതുക്കുകയുമായിരുന്നു. പുൽവാമക്ക് ശേഷം നടന്ന ഏറ്റവും വലിയ തീവ്രവാദമാണ് പഹൽഗാമിൽ നടന്നതെന്നും, കാശ്മീർ കേന്ദ്രഭരണപ്രദേശമാക്കി അഞ്ച് വർഷമായിട്ടും ഭീകരതയെ ഇല്ലായ്മ ചെയ്യാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സുധാമണി അടിയന്തിര പ്രമേയത്തിൽ ചൂണിക്കാട്ടി. ഇത് കേന്ദ്ര സർക്കാരിൻ്റെ വീഴ്ച്ച തന്നെയാണ് – അവർ പറഞ്ഞു. രാജ്യത്ത് വലിയൊരു ഭീകരവാദ അക്രമണം നടന്നിരിക്കയാണെന്നും, ഈ സമയത്ത് രാഷ്ട്രീയം വെടിഞ്ഞ് രാജ്യത്തിനൊപ്പം നിൽക്കാൻ ഏവരും തയാറാകണമന്നും ബിജെപി അംഗം ടി. റെനീഷ് ആവശ്യപ്പെട്ടു. ഭീകരവാദികൾക്ക് കൃത്യമായ രീതിയിൽ തന്നെ തിരിച്ചടി നൽകാൻ പ്രാപ്തരായ പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും നമുക്കുണ്ടെന്ന കാര്യം ഇതിനകം തെളിയിച്ചതാണെന്ന് റനീഷ് വ്യക്തമാക്കി. പി. ബിജുലാൽ, ശിവപ്രസാദ്, വി.പി മനോജ്, സി.പി സുലൈമാൻ, കെ. മൊയ്തീൻ കോയ, എം.സി. അനിൽകുമാർ, എൻ.സി മോയിൻകുട്ടി തുടങ്ങിയവർ പ്രമേയത്തെ ആസ്പദമാക്കി സംസാരിച്ചു. ഡെപ്യൂട്ടി മേയറുടെയും മറ്റും ആവശ്യപ്രകാരം , ഗാന്ധിജിയെ വാക്കുകളിലൂടെ അപമാനിച്ച സി.എസ്. സത്യഭാമയെ ശാസിച്ചതായും, സുധാമണിയുടെ അടിയന്തിര പ്രമേയം അംഗീകരിച്ചതായും മേയർ കൗൺസിലിനെ അറിയിച്ചു. അമൃത് കുടിവെള്ള പദ്ധതിയിൽ പണമടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഉപഭോക്താക്കൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നില്ലെന്ന് ഭരണപക്ഷ അംഗം എൻ.സി മോയിൻ കുട്ടി ശ്രദ്ധ ക്ഷണിച്ചു. ” “ഈ ഈ ആടെ പോയി നോക്കീനോ ” – പൊട്ടിത്തെറിച്ച് എസ്.കെ. അബൂബക്കർ. കിഡ്സൺ കോർണർ ഭാഗത്ത് തെരുവുവിളക്കുകൾ കത്താത്ത വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ച യു ഡി എഫ് അംഗം എസ്.കെ. അബൂബക്കർ , വനിതാ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ മറുപടി കേട്ട് പൊട്ടിത്തെറിച്ചു. കിഡ്സൺ കോർണറിൽ എല്ലാം ശരിയാണ് എന്ന എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ മറുപടിയാണ് അബൂബക്കറെ ചൊടിപ്പിച്ചത്. ഇതോടെ എക്സിക്യൂട്ടീവ് എഞ്ചിനിയർ ദയനീയ മുഖത്തോടെ സീറ്റിലിരുന്നു. പി.പ്രസീന, കെ.മൊയ്തീൻ കോയ, അനുരാധ തായാട്ട്, അൽഫോൻസ മാത്യു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. ചിത്രം – പഹൽഗാം ഭീകരവാദത്തിനെതിരെ എം.സി സുധാമണി അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലെ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മേയറുടെ ഡയസിന് മുന്നിൽ തർക്കിക്കുന്ന ബി ജെ പി അംഗങ്ങൾ