
കോഴിക്കോട്: അമൃത് പദ്ധതിയിൽ അനുമതി ലഭിച്ച ബീച്ച് സൗന്ദര്യ വത്കരണം ലയൺസ് പാർക്ക് നവീകരണം എന്നിവ ഒറ്റ ‘പദ്ധതിയായി നടപ്പിലാക്കാൻ മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. നവീകരണത്തിന്റെ ഭാഗമായി പാർക്കിൽ പുതിയൊരു കുളവും നിർമ്മിക്കും. റെനോ വേഷൻ ലയൺസ് പാർക്ക് ആൻ്റ് ക്രിയേറ്റിങ് ന്യൂ പോണ്ട് ഇൻ ലയൺസ് പാർക്ക്, കോഴിക്കാട് ബീച്ച് ആൻ്റ് ബ്യൂട്ടിഫിക്കേഷൻ ഓഫ് ഇറ്റ്സ് പ്രിമൈസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. എട്ടു കോടി നാല്പത്തിയെട്ട് ലക്ഷം രൂപയ്ക്കാണ് കൺസൾറ്റൻറ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. ഇതിൽ ഏഴര കോടി രൂപ രൂപയ്ക്കാണ് അമൃത് പദ്ധതിയിൽ ഭരണാനുമതി ലഭിച്ചത്. പാർക്കിന്റെ നവീകരണത്തിനായി തൊണ്ണൂറ്റി എട്ട് ലക്ഷം രൂപ കോർപറേഷൻ തനത് ഫണ്ടിൽ നിന്നും അനുവദിക്കും.ബീച്ച് സംരക്ഷണവും ശുചീകരണവുമായി ബന്ധപ്പെട്ട് ബീച്ചിൽ കൂടുതൽനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോർപറേഷൻ. ബീച്ചിലെ
ഇൻ്റർലോക്ക് വിരിച്ച ഐ ലവ് കോഴിക്കോട് എന്ന ഇടങ്ങളിൽ തെരുവ് കച്ചവടം പാടില്ല. രാത്രി സമയങ്ങളിൽ ഈ ഭാഗത്ത് കിടന്നുറങ്ങാൻ പാടില്ല എന്ന നിർദേശം എന്ന് വിവധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി ഉറപ്പാക്കും. മാത്രമല്ല അന്യസംസ്ഥാന തൊഴിലാളികളെ പറഞ്ഞ് മനസ്സിലാക്കാനാവശ്യമായ സ്ക്വാഡ് വർക്കുകളും സംഘടിപ്പിക്കും.നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാനും തീരുമാനമായി. പപ്പടം ചുട്ട് പ്രതിഷേധം – ആവശ്യസാധന വില വർധനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം നിഷേധിച്ചതിൽ പപ്പടം ചുട്ട് പ്രതിഷേധിച്ച് ബിജെപി. ആവശ്യസാധന വില വർധനവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ ടി. റെനീഷ് സമർപ്പിച്ച അടിയന്തര പ്രമേയ വിഷയം വായിക്കാതെ തള്ളിയതോടെയാണ് കൗൺസിലർമാർ മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. കൗൺസിൽ ഹാളിന് പുറത്തുപോയ ബിജെപി കൗൺസിലർമാർ വെളിച്ചെണ്ണ, ഉള്ളി, തക്കാളി തുടങ്ങിയ അവശ്യസാധനങ്ങളുമായി കൗൺസിൽ ഹാളിലും മേയറുടെ ഡയസിന് മുൻപിലും മുദ്രാവാക്യ വിളിയുമായി പ്രതിഷേധിച്ചു. തുടർന്ന് കോർപ്പറേഷൻ നടുത്തളത്തിൽ വെളിച്ചെണ്ണ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ബി ജെ പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ്, മറ്റു കൗൺസിലർമാരായ ടി. റെനിഷ്, സി.എസ് സത്യഭാമ, രമ്യ സന്തോഷ്, അനുരാധ തായാട്ട്, എൻ. ശിവപ്രസാദ് ചേർന്ന് പപ്പടം ചുട്ട് പ്രതിഷേധിക്കുകയായിരുന്നു.
ഒരു വിഷയം മാത്രമേ അടിയന്തര പ്രമേയ വിഷയമായി പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും സിപിഎം, യുഡിഫ് അടിയന്തര പ്രമേയ വിഷയം ഒന്നായതിനാൽ ആ വിഷയത്തിന് അനുമതി നൽകുകയാണെന്നുമാണ് വിഷയം തള്ളാൻ മേയർ ഡോ. ബീന ഫിലിപ്പ് നൽകിയ വിശദീകരണം. കോർപ്പറേഷൻ പരിധിയിലെ വിഷയങ്ങൾ അടിയന്തര പ്രമേയമായി വരണമെന്നിരിക്കെയാണ് ഗവർണർ- പൊതു വിദ്യാഭ്യാസ തർക്ക വിഷയത്തിന് മേയർ അനുമതി നൽകിയത്.




