
കോഴിക്കോട് : ഏറെ വിവാദമായ കോഴിക്കോട് നഗരസഭാ കെട്ടിടനമ്പർ തട്ടിപ്പ് കേസിൽ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മേയറുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും. നാലായിരത്തിലധികം കെട്ടിടനമ്പർ തട്ടിപ്പ് നടന്ന് വർഷങ്ങൾ കഴിയുമ്പോഴും, മൂന്ന് വ്യത്യസ്ത ഏജൻസി അന്വേഷിച്ചിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് യു ഡി എഫിലെ കെ. മൊയ്തീൻ കോയ ശ്രദ്ധക്ഷണിച്ചപ്പോഴാണ് മേയർ ഡോ. ബീന ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. പല കെട്ടിട ഉടമകളും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയാണെന്ന് അവർ പറഞ്ഞു.
ഓഗസ്റ്റിൽ തന്നെ മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു. തട്ടിപ്പിനെതിരെ ശക്തമായ നിലപാടെടുത്തുതിനാലാണ് കോർപ്പറേഷൻ കേസ് കൊടുത്തതെന്നും അവർ പറഞ്ഞു. മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ് തകർന്ന് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ കുടുംബത്തിന് പൈസ ചെലവില്ലാതെ ചികിത്സ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. കാത്തിരിപ്പു കേന്ദ്രത്തിൽ പരസ്യം വെച്ച് പരിപാലിക്കുന്ന ഏജൻസി പ്രാഥമിക കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയാച്ചെലവും തുടർ ചികിത്സയുമെല്ലാം കൃത്യമായി ഉറപ്പാക്കും.
പരസ്യ ഏജൻസിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. നഗരത്തിലെ ബസ് സ്റ്റോപ്പുകളെല്ലാം ഓഗസ്റ്റ് അഞ്ചിന് മുമ്പ് പരിശോധിക്കും. ആർ ടി ഒ , ട്രാഫിക്, പൊതുമരാമത്ത് വകുപ്പുകളുടെ യോഗം വിളിക്കും.
കെ.സി. ശോഭിതയും രമ്യാ സന്തോഷും ശ്രദ്ധക്ഷണിച്ചപ്പോഴാണ് ഡെപ്യൂട്ടി മേയർ ഇക്കാര്യം വ്യക്തമാക്കിയത്. സെൻട്രൽ മാർക്കറ്റ് നവീകരണം സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും, ആരേയും മാറ്റി നിർത്താതെ നവീകരണം പൂർത്തിയാക്കുമെന്നും എം.സി അനിൽകുമാറിൻ്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് വിശദീകരിച്ചു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കേന്ദ്ര ഫണ്ട് നഷ്ടപ്പെടും, നിലവിലെ തൊഴിലാളികൾ, ഏജൻ്റുമാർ, വ്യാപാരികൾ എന്നിവരെ തീർച്ചയായും പരിഗണിക്കും – ഡെപ്യൂട്ടി മേയർ പറഞ്ഞു. സെൻട്രൽ മാർക്കറ്റ് വിഷയത്തിൽ നടന്ന ചർച്ചയിൽ എസ്.കെ . അബൂബക്കർ, കെ. മൊയ്തീൻ കോയ, പി.കെ. നാസർ, എൻ.സി മോയിൻകുട്ടി, കെ.സി ശോഭിത , സി.എം. ജംഷീർ, ടി. റെനീഷ് എന്നിവരും പങ്കെടുത്തു. അടുത്ത തദേശ സ്വയംഭരണ തെരഞ്ഞെട്ടിനായി തയ്യാറാക്കിയ വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗം കെ.സി. ശോഭിത കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് കമീഷനോട് നിർദ്ദേശിക്കാൻ കൗൺസിലിന് അധികാരമില്ലെന്നും, രാഷ്ട്രീയ പാർട്ടികൾക്ക് സ്വന്തം നിലയിൽ കമീഷനെ സമീപിക്കാവുന്നതാണെന്നും വിശദീകരിച്ചാണ് മേയർ അവതരണാനുമതി തള്ളിയത്.




