
കോഴിക്കോട്: അമൃത് പദ്ധതിയിലുൾപ്പെടുത്തി വെസ്റ്റ്ഹില്ലിൽ നിർമിക്കുന്ന മലിനജലസംസ്കരണ പ്ലാന്റി (എസ്.ടി.പി.) യാഥാർഥ്യത്തിലേക്ക്. വിശദമായ രൂപ രേഖ ഉടൻ തയാറാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. കൗൺസിലർ കെ. മൊയ്‌തീൻ കോയയുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിലാണ് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഫെബ്രുവരിയിലാണ് എസ്. ടി. പി തുടങ്ങാൻ തീരുമാനിച്ചത്.
15 എം.എൽ.ഡി. യുടെ പ്ലാന്റ് നിർമാണത്തിന് 54.5 കോടിയാണ് കരാർ തുക. ഏഴുവർഷത്തെ നടത്തിപ്പിനായി 9.67 കോടിയാണ് കണക്കാക്കിയിട്ടുള്ളത്. ആകെ 64.17 കോടിയാണ് കരാർ.
വെസ്റ്റ്ഹില്ലിൽ 97 സെന്റ് സ്ഥലത്ത് ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ (ഡി.ബി.ഒ.ടി.) രീതിയിലാണ് 15 എം.എൽ.ഡി. പ്ലാന്റ് നിർമിക്കുക. കെ.സി.സി.എൽ.-എ.ഐ.ഐ.പി. (ജെ.വി.) നൽകിയ പദ്ധതിയാണിത്.
64.49 കോടിയാണ് പദ്ധതിക്ക് മൊത്തം ചെലവ് പറഞ്ഞിരുന്നത്. പിന്നീട് ചർച്ചചെയ്ത് 64.17 കോടിയായി കുറച്ചു. എന്നാൽ, പൈപ്പിടാനും പ്ലാന്റ് നിർമാണത്തിനുമായി അമൃതിൽ ആകെ 133.16 കോടിയാണ് അനുവദിച്ചിട്ടുള്ളത്. അതിൽ 102.07 കോടി രൂപ പൈപ്പിടാൻ വേണ്ടി മാത്രമുള്ളതാണ്. അങ്ങനെ വരുമ്പോൾ ശേഷിക്കുന്ന തുകയേക്കാൾ 23.41 കോടി രൂപ പ്ലാന്റിന് അധികമായി വരും. ഈ തുക അമൃത് കുടിവെള്ള പദ്ധതിയുടെ തുകയിൽനിന്ന് കണ്ടെത്താനാണ് ആലോചന.
കോതി, ആവിക്കൽ മലിനജലസംസ്കരണപ്ലാന്റിനുള്ള പദ്ധതി ആസൂത്രണം ചെയ്ത് അഞ്ച് വർഷത്തിന് ശേഷമാണ് ഒഴിവാക്കിയത്. ആദ്യം 116.5 കോടി പറഞ്ഞ പദ്ധതിയുടെ ടെൻഡർ 179 കോടിയിലെത്തി. അതിന് അംഗീകാരം കിട്ടാതായതോടെയാണ് പൈപ്പിടലും പ്ലാന്റ് ഒരുക്കലും രണ്ട് ടെൻഡറാക്കിയത്. റോഡിലെ കുഴികളടക്കണം
വലിയങ്ങാടി റെയിൽവേ സ്റ്റേഷൻ ഭാഗത്തുൾപ്പെടെ നഗരത്തിലെ വിവിധ റോഡുകളിലെ കുഴിയടക്കണമെന്നും നഗരഹൃദയത്തിലെ വാർഡുകൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും എസ്.കെ. അബൂബക്കർ ശ്രദ്ധ ക്ഷണിച്ചു. റോഡുകൾക്കായി 50 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്ന് സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു.
പുതിയപാലം അങ്കണവാടിയിലെ സീലിങ് തകർന്നതുമായി ബന്ധപ്പെട്ട് ചില ചാനലുകൾ അങ്കണവാടി തകർന്നെന്ന രീതിയിൽ വാർത്ത നൽകിയെന്ന് എൻ.സി. മോയിൻ കുട്ടി പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്ന് അദ്ദേഹം ശ്രദ്ധക്ഷണിച്ചു. നിലവിൽ അങ്കണവാടി അടുത്ത വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടം പുതുക്കിപ്പണിയുമെന്ന് ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
എം.സി. അനിൽ കുമാർ, കെ. നിർമല , ടി.രെ നീഷ്, വി.പി. മനോജ്, എം.കെ. മഹേഷ്, കെ. മൊയ്തീൻ കോയ എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധക്ഷണിച്ചു. പി.എം .എ വൈ ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം കോഴിക്കോടും നടപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് യുഡിഎഫിലെ കെ.സി.ശോഭിത കൊണ്ടുവന്ന അടിയന്തിര പ്രമേയം ഭേദഗതികളോടെ പാസാക്കി. പദ്ധതിയിൽ നിർമ്മിക്കുന്ന എല്ലാ വീടിൻ്റെയും പൂമുഖത്ത് കേന്ദ്ര സർക്കാർ നിശ്ചയിച്ച ലോഗോ പതിപ്പിക്കണമെന്ന നിർദ്ദേശം മൂലമാണ് സംസ്ഥാന സർക്കാർ വിമുഖത കാണിക്കുന്നതെന്നും, ലോഗോ ഒഴിവാക്കി പദ്ധതി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നുമുള്ള ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് കൊണ്ടുവന്ന ഭേദഗതിയാണ് കൗൺസിൽ അംഗീകരിച്ചത്.




