
കോഴിക്കോട്: പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് ആദ്യ കൗൺസിൽ യോഗം. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളേയും അധ്യക്ഷൻമാരേയും തെരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യത്തെ കൗൺസിൽ യോഗത്തിലാണ് മലിനജല പ്രശ്‌നങ്ങളും തെരുവ്‌നായ ആക്രമണവും തെരുവ് വിളക്ക് വിഷയവുമെല്ലാം ചർച്ചകളായത്. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണപക്ഷം, പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിക്കുന്ന വിഷയങ്ങൾ പൂർണമായും കേട്ടതിന് ശേഷം വ്യക്തമായ മറുപടിയാണ് നൽകിയത്. കോർപറേഷൻ സെക്രട്ടറിയുടെയും ബന്ധപ്പെട്ട എൻജിനീയർമാരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടെ തേടിയാണ് മറുപടി നൽകിയത്. മുൻകൗൺസിലിനെ വിമർശിച്ചുകൊണ്ടുള്ള പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായങ്ങളിലും സംയമനം പാലിച്ചുകൊണ്ടാണ് മേയർ ഒ.സദാശിവനും ഡെപ്യൂട്ടി മേയർ ജയശ്രീയും മറുപടി നൽകിയത്.
യോഗ നടപടികൾ ആരംഭിച്ച് ആദ്യ മിനിറ്റിൽ യു.ഡി.എഫിലെ എസ്.കെ അബൂബക്കറാണ് വിമർശനമുന്നയിച്ച് രംഗത്തെത്തിയത്. കൗൺസിലർമാർക്ക് നൽകിയ കെ സ്മാർട്ടിൽ തയാറാക്കിയ അജണ്ടയിൽ മേയറുടേയോ കോർപറേഷൻ സെക്രട്ടറിയുടെയോ പേരില്ലാത്തത് ഗുരുതര വിഷയമാണെന്ന് എസ്.കെ അബൂബക്കർ ചൂണ്ടിക്കാട്ടി. ഒപ്പില്ലാത്ത അജണ്ട എങ്ങനെ ചർച്ച ചെയ്യാനാകും. അജണ്ടയുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കാൻ പോലും സൗകര്യമില്ലാത്തതിനാൽ കൗൺസിൽ മാറ്റി വയ്ക്കണമെന്നും എസ്.കെ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് മുഹമ്മദ് ഷമീൽ തങ്ങൾ, കെ.സി ശോഭിത, സി.പി സലീം എന്നിവർ ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ മേയർ സെക്രട്ടറി എൻ.കെ ഹരീഷിനോട് വിശദീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ബീച്ചിലേക്ക് മലിനജലം ;
ശ്വാശ്വത പരിഹാരം വേണമെന്ന്
കോഴിക്കോട് ബീച്ചിലേക്ക് ജനറൽ ആശുപത്രികളിൽ നിന്നുൾപ്പെടെയുള്ള മലിനജലം ഒഴുകുന്നതിൽ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗത്തിൽ എസ്.കെ അബൂബക്കർ ശ്രദ്ധക്ഷണിച്ചു. ബീച്ചിലെത്തുന്ന കുട്ടികളുൾപ്പെടെ കെട്ടികിടക്കുന്ന മലിനജലം ചവിട്ടി പോകേണ്ട അവസ്ഥയാണ്. ദുർഗന്ധവും രൂക്ഷമാണ്. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കോർപറേഷൻ ആരോഗ്യവിഭാഗം ഉറപ്പുനൽകി. ബീച്ച് ആശുപത്രിയിൽ മൈനർ എസ്.ടി.പി സ്ഥാപിച്ച് മലിനജലത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കും. ആശുപത്രി സൂപ്രണ്ടിന് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ വെസ്റ്റ്ഹിൽ എസ്.ടി.പി കൂടി പ്രവർത്തനമാരംഭിച്ചാൽ ബീച്ചിലേക്കെത്തുന്ന മലിനജലത്തിന് പരിഹാരമാകുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
തെരുവ് നായ ശല്യം;
ഓരോ വാർഡിലും പ്രത്യേകം ഷെൽട്ടർ സ്ഥാപിക്കണം
തെരുവ്‌നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓരോവാർഡിലും വന്ധ്യംകരിച്ച തെരുവ്‌നായകളെ താമസിപ്പിക്കുന്നതിനുള്ള പ്രത്യേകം ഷെൽട്ടർ സ്ഥാപിക്കണമെന്ന് ഡെപ്യൂട്ടിമേയർ എസ്. ജയശ്രീ. തെരുവ്‌നായകളെ വന്ധംകരിച്ച ശേഷം ഒരുമിച്ച് ഒരിടത്ത് പാർപ്പിക്കുകയെന്നത് പ്രാദേശിക പ്രശ്‌നങ്ങൾക്ക് കാരണമാകാം. ഈ സാഹചര്യത്തിൽ ഓരോ വാർഡിലും നിശ്ചിത നായകൾക്കായി ഷെൽട്ടർ ഒരുക്കിയാൽ തെരുവ് നായ ശല്യത്തിന് പരിഹാരമാകുമെന്ന് അവർ വ്യക്തമാക്കി. നമ്പിടി നാരാണനാണ് ഇത് സംബന്ധിച്ച് ശ്രദ്ധക്ഷണിച്ചത്. പ്രതിപക്ഷ നേതാവ് ഷമീർതങ്ങൾ, മനക്കൽശശി, കെ.സി ശോഭിത, ഫാത്തിമ തഹ്ലിയ, വി.പി മനോജ് തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു.




