
കോഴിക്കോട് : തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തിൻ്റെ ചെലവിലേക്ക് കോഴിക്കോട് നഗരസഭയിൽ നിന്ന് അഞ്ച് ലക്ഷം കൈക്കലാക്കാനുള്ള സർക്കാർ നീക്കം പൊളിഞ്ഞു. കേവല ഭൂരിപക്ഷം പോലുമില്ലാത്ത ഭരണപക്ഷം യുഡിഎഫിൻ്റെയും ബിജെപിയുടെയും കനിവിന് കാതോർക്കുന്നതും ഇന്നലെ നഗരസഭ കൗൺസിൽ ഹാൾ സാക്ഷിയായി . കോർപറേഷന് സർക്കാർ നൽകാനുള്ള 150 കോടിയോളം രൂപ കിട്ടിയിട്ടു മതി തദ്ദേശ ദിനാഘോഷത്തിനുള്ള പിരിവ് എന്ന് യുഡിഎഫും, തദ്ദേശ ദിനാഘോഷം സർക്കാർ നടത്തുന്ന ധൂർത്താണെന്ന് ബി ജെ പിയും നിലപാടെടുത്തതോടെ – മുൻ കൗൺസിലുകളിലെ ശൗര്യക്കാരായ എൽഡിഎഫ് ശരിക്കും വിയർത്തു. സംസ്ഥാനത്തിന് തുക നൽകുന്നതിനെതിരെ തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യവുമായി ഇടതുപക്ഷ കൗൺസിലർമാർ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും ” ഏശിയില്ല . സർക്കാരിൻ്റെ ധൂർത്തല്ല തദ്ദേശ ദിനാഘോഷമെന്നും പുതിയ പല പദ്ധതികളും ആവിഷ്കരിക്കാനുള്ള വേദിയാണെന്നുമുള്ള ന്യായവാദവുമായി ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ എത്തിയെങ്കി യുഡിഎഫും ബിജെപിയും നിലപാടിൽ ഉറച്ചുനിന്നു. തുടർന്നാണ് അജണ്ട മാറ്റിവെക്കേണ്ടി വന്നത്. കക്ഷിനേതാക്കളുമായി ചര്‍ച്ച ചെയ്ത് പിന്നീട് പരിഗണിക്കാമെന്ന് മേയര്‍ ഒ. സദാശിവന്‍ വ്യക്തമാക്കി. .പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന സര്‍ക്കാരിൻ്റെ സ്ത്രീ സുരക്ഷാ പദ്ധതിയിൽ 9600 പേർ ഉൾപ്പെട്ടു. അപേക്ഷ ലഭിച്ചവരില്‍ നിന്ന് രേഖകള്‍ പരിശോധിച്ചാണ് ഇത്രയും പേരെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. മേയര്‍ ഒ. സദാശിവന്റെ അധ്യക്ഷതയില്‍ചേര്‍ന്ന കൗണ്‍സില്‍ യോഗം ഇത് അംഗീകരിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്‍ കെ. രാജീവ്, വി.പി. മനോജ്, സുജാത കൂടത്തിങ്കല്‍, സി. സന്ദേശ്, എസ്.കെ. അബൂബക്കര്‍, കെ. സി. ശോഭിത, മനക്കല്‍ ശശി, നമ്പിടി നാരായണന്‍, നവ്യ ഹരിദാസ്, പൊറ്റങ്ങാടി ഹരീഷ്, കെ. സരിത തുടങ്ങിയവര്‍ സംസാരിച്ചു.




