കോഴിക്കോട്: പുതിയ കൗൺസിൽ അധികാരത്തിൽ വന്ന ശേഷം, ഒന്നും ചെയ്യാനാവാത്ത കോർപറേഷൻ ഭരണകൂടം വാർഷികം ആഘോഷിക്കുന്നത് പ്രഹസനവും നഗരജനതയെ കബളിപ്പിക്കുന്നതുമാണെന്ന് യു.ഡി.എഫ്.. ലിങ്ക് റോഡ്, കിഡ്സൺ കോർണർ, സ്റ്റേഡിയം എന്നിവിടങ്ങളിലെ പാർക്കിംഗ് പ്ലാസ പദ്ധതികൾ വർഷത്തിലേറെയായി മുടങ്ങി നിൽക്കുമ്പോൾ, ഇടുങ്ങിയ റോഡ് അരുകിൽ നിയമവിരുദ്ധ പാർക്കിംഗിന് അനുമതി നൽകുന്ന സ്മാർട്ട് പാർക്കിംഗ് ‘ പദ്ധതിക്ക് അംഗീകാരം നൽകുന്നത് പരിഹാസ്യമാണ്. യു.ഡി.എഫ്. കൗൺസിൽ പാർട്ടി യോഗം കുറ്റപ്പെടുത്തി.പാർക്കിംഗ് പ്ലാസ പദ്ധതിയുടെ അനിശ്ചിതാവസ്ഥക്ക് പരിഹാരം കാണാൻ ഒരു വർഷമായിട്ടും എന്ത് കൊണ്ട് സാധിക്കുന്നില്ലെന്ന് ഭരണപക്ഷം വ്യക്തമാക്കണം. കോവിഡിൻ്റെ പേരു് പറഞ്ഞ് ഭരണകൂടം എത്ര കാലം മുന്നോട്ട് പോകും? ശുചിത്വ പ്രൊട്ടോക്കോൾ മുൻ കൗൺസിലുകളിൽ അന്നത്തെ ഹെൽത്ത് ചെയർമാൻമാർ അവതരിപ്പിച്ചതിൻ്റെ ആവർത്തനമാണ്. ഞെളിയൻ പറമ്പിൽ മാലിന്യം കുന്നുകൂടി ഗെയിറ്റിന്ന് സമീപം വരെ എത്തി.പ്രൊട്ടോകോളിൻ്റെ പേരിൽ കൂടുതൽ വരുന്ന മാലിന്യം എവിടെ ഒഴിവാക്കും.ഇവിടെക്ക് പ്രഖ്യാപിച്ച പദ്ധതി ഒരു വർഷമായിട്ടും നടപ്പാക്കാൻ ശ്രമം നടക്കുന്നില്ല. ഇതിന് മുൻഗണന നൽകുക. കഴിഞ്ഞ വർഷത്തെ പുതിയ ബജറ്റ് പ്രകാരമുള്ള മരാമത്ത് പ്രവൃത്തികൾ നടന്നില്ല ഒരു വർഷം കഴിഞ്ഞാണ് ടെൻഡർ തന്നെ ക്ഷണിച്ചത്.പ്ലാൻ ഫണ്ട് ഒരു രൂപ പോലും കിട്ടിയില്ല. സർക്കാർ കോർപറേഷന് നൽകാനുള്ള 106 കോടി വാങ്ങാൻ മേയർക്കും ചെയർമാൻമാർക്കും കഴിയുന്നില്ല. കഴിഞ്ഞ വർഷം വാർഡുകൾക്ക് 18 ലക്ഷം മാത്രമായി ചുരുങ്ങി.ലൈഫ് പദ്ധതിയിൽ 6000 അപേക്ഷകർ കാത്തിരിക്കുന്നത് നാല് വർഷമായി.മാവൂർ റോഡിലെ വെള്ളം കെട്ട് ഒഴിവാക്കാൻ പുതിയ പദ്ധതി കൊണ്ട് വരുമ്പോൾ കോടികൾ ചെലവിട്ട് നടപ്പാക്കിയ അമൃത് പദ്ധതിക്ക് എന്ത് സംഭവിച്ചു എന്ന് വിശദീകരണം നൽകണം. കല്ലായ്പുഴയോരത്ത് 23.5 ഏക്കർ കയ്യേറിയതായി ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയതാണ്.22 വർഷം കഴിഞ്ഞിട്ടും നടപടി വന്നില്ല. കയ്യേറ്റം അവസാനിപ്പിച്ച് നവീകരണം നടത്തണം. ഓഫീസ് നവീകരണം എപ്പോൾ അവസാനിക്കും.11 കോടി ഇതിനകം ചെലവഴിച്ചുവെന്നും ഇനിയും പുതിയ പ്രവൃത്തികൾ ഉണ്ടെന്നും ഡപ്യൂട്ടി മേയർ കഴിഞ്ഞ ആഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞത് വിസ്മരിക്കരുത്.19 കോടിയാണ് വികസനത്തിന് നീക്കിവപ്പ്. .തൊഴിൽ വാഗ്ദാനങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാവുന്നതാണെന്നും യു.ഡി.എഫ് – കൗൺസിൽ പാർട്ടി അഭിപ്രായപ്പെട്ടു. ഒന്നും നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷത്തിന് പ്രസക്തിയില്ല. യു.ഡി.എഫ്. അംഗങ്ങൾ, അത് കൊണ്ടാണ് ജനങ്ങളെ കബളിപ്പിക്കാനുള്ള പരിപാടിയിൽ നിന്ന് വിട്ട് നിന്നത്. യോഗത്തിൽ യു.ഡി.എഫ്.പാർട്ടി ലീഡർ കെ.സി.ശോഭിത അദ്ധ്യക്ഷയായി. വികസന മുരടിപ്പിന് എതിരെ 22 ന് പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൽഘാടനം ചെയ്യും. യോഗത്തിൽ കെ.മൊയ്തീൻകോയ, പി.ഉഷാദേവി ടീച്ചർ, കെ നിർമ്മല, എസ്.കെ.അബൂബക്കർ ,സാഹിദ സുലൈമാൻ, ഓമന മധു, കെ.റംലത്ത്, മനോഹരൻ മങ്ങറിൽ, ആയിഷബി പാണ്ടികശാല, അൽഫോൺസ് മാത്യു, കെ.പി. രാജേഷ് സൗഫിയ അനീഷ് എന്നിവർ പ്രസംഗിച്ചു.