KERALAlocaltop news

“സോണ്ട കരാർ ” : മേയർ വാക്കുപാലിച്ചില്ല; കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം

കോഴിക്കോട്: മാലിന്യത്തിൽ നിന്ന് ഊർജമുത്പാദിപ്പിക്കാനുള്ള ഞെളിയൻ പറമ്പിലെ പ്ലാന്റ് നിർമ്മാണം, അതിനുള്ള വിവാദ കമ്പനിയായ സോണ്ടയുമായുള്ള കരാർ എന്നിവ സംബന്ധിച്ച് ഇന്നത്തെ കൗൺസിലിൽ വിശദീകരിക്കുമെന്ന ഇന്നലത്തെ ഉറപ്പിൽ നിന്ന് മേയർ ഡോ. ബീന ഫിലിപ്പ് പിൻമാറിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം  കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗത്തിൽ പ്രതിഷേധമുയർത്തി. ബാനറും പ്ലക്കാർഡും മുദ്രാവാക്യവുമുയർത്തിയ യു.ഡി.എഫ് – ബി.ജെ.പി  കൗൺസിലർമാർ മേയറുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു. വീടില്ലാത്തവർക്ക് വീട് നൽകാനുള്ള മനസ്സോടിത്തിരി മണ്ണ് എന്ന പദ്ധതിമാത്രം ചർച്ച ചെയ്യാൻ സർക്കാർ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക യോഗമായതിനാൽ ഞെളിയൻ പറമ്പ് പ്ലാന്റിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാവില്ലെന്നായിരുന്നു മേയറുടെ നിലപാട്. തിങ്കളാഴ്ച തുടങ്ങുന്ന ബജറ്റ് യോഗങ്ങളും മറ്റും  കഴിഞ്ഞ് ഞെളിയൻ പറമ്പ് പ്ലാന്റ് വിഷയം ജനറൽ കൗൺസിലിൽ വിശദമായി ചർച്ച ചെയ്യാമെന്ന് മേയർ പറഞ്ഞു. ഇന്നത്ത യോഗത്തിൽ മറ്റ് ചർച്ചകൾ അനുവദിക്കാത്തതിനാൽ തന്റെ വിശദീകരണം മാത്രം പറഞ്ഞ് അവസാനിപ്പിക്കേണ്ടി വരുമെന്നും വിശദമായ ചർച്ചയാണ് ആവശ്യമെന്നുമായിരുന്നു മേയറുടെ നിലപാട്. ഇന്നലെ നടന്ന കൗൺസിലിൽ ഞെളിയൻ പറമ്പ് പ്ലശ്നം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയത് ആത്മാർഥതതയാടെയായിരുന്നുവെന്നും എന്നാൽ  മനസ്സോടിത്തിരി മണ്ണ് എന്ന പദ്ധതി മാത്രം ചർച്ച ചെയ്യാനുള്ള യോഗമായതിനാൽ തന്റെ വിശദീകരണം ചർച്ച വഴിമാറിപ്പോകാനും വീടില്ലാത്തവർക്ക് വേണ്ടിയുള്ള കാര്യത്തിൽ നിന്ന് ശ്രദ്ധതിരിയാനുമിടയാക്കുമെന്നും മേയർ പറഞ്ഞു.  ഇന്നും ശനിയാഴ്ചയും കൗൺസിലുള്ളതിനാൽ വ്യാഴാഴ്ചത്തെ അജണ്ട ശനിയാഴ്ചക്ക് മാറ്റിവച്ച് ഞെളിയൻ പറമ്പ് ചർച്ച ചെയ്യാമെന്നായിരുന്നു കരുതിയത്. തനിച്ച് ചർച്ച ചെയ്യണമെന്ന് സർക്കാർ നിർദ്ദേശമുള്ള മനസോടിത്തിരി മണ്ണ് ആണ് ഇന്നത്തെ കൗൺസിൽ വിഷയമെന്ന് അറിയില്ലായിരുന്നുവെന്നും മേയർ പറഞ്ഞു. ഞെളിയൻ പറമ്പ് വിഷയത്തിൽ നിന്ന് ഒളിച്ചോടുകയില്ലെന്നും നിർബന്ധമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അത് ബജറ്റ് തിരക്കുകൾ കഴിഞ്ഞാവാമെന്നും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദും പറഞ്ഞു. മേയർ കഴിഞ്ഞ കൗൺസിലിൽ വിശദമായി മറുപടി നൽകാമെന്ന് പറഞ്ഞതയാണെന്നും പെട്ടെന്ന് മാറ്റി പറയുന്നത് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്നും യു.ഡി. എഫ് –  ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. തുടർന്ന് കെ.സി. ശോഭിത, കെ.മൊയ്തീൻ കോയ, എൻ.സി.അബൂബക്കർ, ടി.റനീഷ്, നവ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധിച്ചവർ കൗൺസിൽ ഹാളിനു മുന്നിൽ മുദ്രാവാക്യമുയർത്തി. 2019 ലെ കരാറിനെപ്പറ്റി പറയാൻ കഴിയാത്തത് ക്രമക്കേട് നടന്നത് കൊണ്ടാണെന്നും 3.74 കോടി രൂപ സോണ്ട കമ്പനിക്ക് കൈമാറിക്കഴിഞ്ഞതായും എസ്.കെ. അബൂബക്കർ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close