
കോഴിക്കോട് : ഖത്തറിൽ നവംബർ 20 നു ആരംഭിക്കുന്ന ഇരുപത്തിരണ്ടാമതു ലോക കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആധികാരിക വിവരങ്ങൾ അടങ്ങിയ ഡോ .മുഹമ്മദ് അഷ്റഫിന്റെ “ഖൽബിലെ ഖത്തർ” എന്ന പുസ്തകം ഒക്ടോബർ 7 നു വൈകുന്നേരം അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തിൽ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും. കോഴിക്കോട് ട്രെന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രശസ്ത ഫുട്ബാളറും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഉപദേശക സമിതി അംഗവുമായ വിക്ടർ മഞ്ഞില ഏറ്റുവാങ്ങും. ട്രെൻഡ് ബുക്സ് ഡയറക്ടറും സുപ്രഭാതം ദിനപത്രം എഡിറ്ററുമായ ടി പി ചെറൂപ്പ അധ്യക്ഷത വഹിക്കും. മുതിർന്ന പത്രപ്രവർത്തകൻ പി പി അബുബക്കർ പുസ്തകം പരിചയപ്പെടുത്തും. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ ആശംസ നേരും.
ഖത്തർ ലോക കപ്പിനെ കുറിച്ചുള്ള മുഹമ്മദ് അഷ്റഫിന്റെ മൂന്നാമതു പുസ്തകമാണിത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 ടീമുകളും അവരുടെ മികവും പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ സമ്പൂർണ കളിവിവരങ്ങളും കളിക്കളങ്ങളുടെ വിശദാംശങ്ങളും ഉണ്ട്. പുസ്തകത്തിന്റെ വിൽപനയിൽ നിന്നു ഗ്രന്ഥകാരന് ലഭിക്കുന്ന വരുമാനം പൂർണമായും അകാലത്തിൽ നിര്യാതനായ സ്പോർട്സ് ജേർണലിസ്റ്റ് യു എച് സിദ്ദിഖിന്റെ കുടുംബത്തിനു നൽകുന്നതാണ്.