
കോഴിക്കോട് :സാമ്പത്തിക തർക്കത്തിനൊടുവിൽ ബത്തേരി സ്വദേശി ഹേമചപ്രനെ (54) തട്ടിക്കൊണ്ടുപോയി നിഷ്ഠരമായി കൊലപ്പെടുത്തി തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട – ദൃശ്യം മോഡൽ കേസിന് അതിസമർത്ഥമായി തുമ്പുണ്ടാക്കി പ്രതികളെ അറസ്റ്റ് ചെയ്ത കേരള പോലീസിലെ സൂപ്പർ ഹീറോ ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ സ്ഥലംമാറ്റം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി സർക്കാരിൻ്റെ “പ്രത്യുപകാരം”. രാഷ്ട്രീയ പിണിയാളുകൾക്ക് മുൻപിൽ മുട്ടുമടക്കാതെ തല ഉയർത്തിപ്പിടിച്ച് ജോലി ചെയ്യുന്ന ജിജീഷ് ഭരണ വർഗ പാർട്ടിക്കും ചില മേലാധികാരികൾക്കും അനഭിമതനായതിനെ തുടർന്നാണ് ജിജീഷിനെ കാസർകോഡ് ജില്ലയിലെ കുമ്പള സ്റ്റേഷനിലേക്ക് നാടുകടത്താൻ ഒരു മാസം മുൻപ് തീരുമാനിച്ചത്. ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തി നിയമം കൈയിലെടുക്കാൻ കൂട്ടുനിൽക്കാത്ത കുറ്റത്തിനാണ് ജിജീഷിനെ ഒരു മാസം മുൻപ് കുമ്പളയിലേക്ക് മാറ്റിയത്. എന്നാൽ ഹേമചന്ദ്രൻ തിരോധാന കേസിൽ അന്വേഷണം തുടങ്ങുകയും, കേസ് കൊലപാതകമാണെന്ന് തിരിച്ചറിയുകയും ചെയ്ത ജിജീഷിനെ സിറ്റി പോലീസ് കമീഷണർ ഇടപെട്ട് കോഴിക്കോട് സിറ്റിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാവുകയും ദൃശ്യം മോഡൽ കൊലപാതകത്തിന് തുമ്പുണ്ടാക്കുകയും ചെയ്തതോടെ അദ്ദേഹത്തെ മാറ്റാൻ തിരുവനന്തപുരത്തു നിന്ന് വൻ സമ്മർദ്ദമാണുണ്ടായത്. കേസ് തെളിഞ്ഞില്ലേ, ഇനി മറ്റേതെങ്കിലും ഓഫീസർ അന്വേഷിച്ചാൽ മതി എന്നാണ് ഉന്നത നിലപാട്. പകരം ഇൻസ്പെക്ടർ ചാർജ് എടുക്കാത്ത നിയമ പ്രശ്നം ഉണ്ടെങ്കിലും, എസ്ഐയ്ക്ക് ചാർജ് കൈമാറാനാണത്രെ മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശം. വിവാദമായ മാമി കേസിൻ്റെ അന്വേഷണത്തിൽ നിന്ന് മാറ്റിയതിന് മധുര പ്രതികാരമായി – ദൃശ്യം മോഡൽ കൊലകേസ് തെളിയിച്ച ജിജേഷ് അടുത്ത ദിവസം കുമ്പളയ്ക്ക് യാത്രയാകും – തല ഉയർത്തിപിടിച്ചു തന്നെ.




