
കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതിയുൾപ്പെടെ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജ് പോലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടികൂടി . കാക്കൂർ സ്വദേശി ഹജ്നാസ് നരിക്കുനി സ്വദേശി പാറക്കൽ സജീഷ്കുമാർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറും കൂട്ടുകാരിയും കാറിൽ വരുമ്പോൾ അരയിടത്ത് പാലത്തിന് സമീപം വെച്ച് രണ്ട് യുവാക്കൾ കാർ തടഞ്ഞ് ഡോക്ടറെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും അശ്ളീല ആംഗ്യങ്ങൾ കാണിച്ചും തെറിവിളിച്ചും അപമാനിച്ച സംഭവത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിൻ്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നിലാലു വിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡോക്ടറുടെ കാർ തടഞ്ഞ സ്കൂട്ടറിൻ്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ ഉടമസ്ഥൻ വാഹനം പണയപ്പെടുത്തിയത് അന്വേഷണത്തിന് തിരിച്ചടിയായി. തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് ബാലുശ്ശേരി പോലീസും സിറ്റി ക്രൈം സ്ക്വാഡും ഒമ്പത് കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ അജിത് വർഗീസിൻ്റെ മയക്കുമരുന്ന് സംഘത്തിൽപെട്ട താമരശ്ശേരിസ്വദേശികളായ സനീഷ്, അലക്സ് വർഗീസ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. കോഴിക്കോട് കായലം സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ പതിനായിരം രൂപയ്ക്ക് ആന്ധ്രയിൽ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പൊൾ നാട്ടിലെത്തിയ യുവാവിന് പണയപ്പെടുത്തുകയായിരുന്നു. ഇയാൾ തന്നോടൊപ്പം ആന്ധ്ര ജയിലിൽ കഞ്ചാവ് കേസിൽ തടവിൽ കഴിഞ്ഞിരുന്ന മറ്റൊരാൾക്ക് പണയപ്പെടുത്തി. അയാളിൽ നിന്നും അജിത്ത് വർഗീസിൻ്റെ സംഘം കൈവശപ്പെടുത്തിയ സ്കൂട്ടർ പത്തോളം ആളുകൾക്ക് കൈമാറിയാണ് നിലവിൽ ഡോക്ടറെ തടഞ്ഞ സംഘത്തിൻ്റെ കയ്യിലെത്തിയത്. മയക്കുമരുന്ന് കേസ് മുതൽ കൊലപാതകകേസിലുൾപെട്ട പ്രതികളെ വരെ ഒറ്റ ദിവസംകൊണ്ട് കണ്ടെത്തി ചോദ്യം ചെയ്താണ് അന്വേഷണ സംഘം യഥാർത്ഥ പ്രതികളിലെത്തിയത്. ഹജ്നാസിനെതിരെ സ്വർണക്കടത്ത് കേസിൽ വിചാരണ നടപടികൾ നടന്നുവരികയാണ് മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ നിവിൻ പ്രതികളെ അറസ്റ്റ് ചെയ്തു.