
കോഴിക്കോട് : മാനാഞ്ചിറ പട്ടാളപള്ളിയുടെ സമീപം ഫുട്പാത്തും ദേശീയപാതയും കൈയേറി നടത്തിവരുന്ന ചായക്കട ബങ്ക് അടക്കം സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റെ ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ച്ച എടുത്തു മാറ്റും. റോഡ് തീറെഴുതി തുടരുന്ന ബങ്കുകൾ ഉടൻ നീക്കം ചെയ്ത് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റെ തിട്ടൂരം കണക്കിലെടുത്ത് പോലീസ് സന്നാഹത്തോടെ നഗരസഭ റവന്യു – ആരോഗ്യ വിഭാഗം ഇന്ന് ബങ്ക് നിക്കാനെത്തിയെങ്കിലും നാളേക്കകം സ്വയം എടുത്തു മാറ്റിക്കൊള്ളാമെന്ന നടത്തിപ്പുകാരുടെ അഭ്യർത്ഥന പരിഗണിച്ച് ഒരു ദിവസത്തെ സാവകാശം അനുവദിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെക്കകം ബങ്കുകൾ നീക്കിയില്ലെങ്കിൽ അവ കസ്റ്റഡിയിൽ എടുക്കാൻ നഗരസഭാ സെക്രട്ടറി കെ.യു ബിനി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മനുഷ്യാവകാശ കമീഷൻ്റെ നിരന്തര നിരീക്ഷണമുള്ളതിനാൽ ബലം പ്രയോഗിച്ചായാലും വ്യാഴാഴ്ച്ച തന്നെ ബങ്ക് നീക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി. ദേശീയ പാതയടക്കം രാഷ്ട്യ പിൻബലത്തോടെ ഇങ്ങനെ കൈയേറുന്നത് തുടർന്നാൽ സമീപഭാവിയിൽ മാനാഞ്ചിറ മൈതാനത്തുവരെ ബങ്കുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് ഇൻ്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയതായി അറിയുന്നു. ഭരണപക്ഷത്തെ ചിലരുടെ ഒത്താശയോട ഇത്തരം കൈയേറ്റങ്ങൾ അടുത്ത കാലത്തായി വർധിച്ചു വരികയാണ്. പട്ടാളപള്ളിക് മുന്നിൽ റോഡ് കൈയേറി ചായക്കടയും സർബത്ത് കച്ചവടവും നടത്തുന്ന അതേ ആൾക്ക് മാനാഞ്ചിറ പരിസരത്ത് നിരവധി അനധികൃത ബങ്കുകളുണ്ടെന്ന് പോലീസ് പറയുന്നു. ഡി ഐ ജി കൂടിയായ കോഴിക്കോട് സിറ്റി പോലീസ് കമീഷണറുടെ ഓഫീസിന് മൂക്കിന് താഴെ പട്ടാളപ്പള്ളിക്ക് മുൻപിലെ സദാ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനിലടക്കം പെട്ടിക്കടക്കാർ കൈയടക്കിയിരിക്കയാണ്. എൽ ഐ സി റോഡ് എന്നെഴുതിയ ബോർഡിന് താഴെ കച്ചവട സാമഗ്രികൾ വച്ച് റോഡിലാണ് ഇരിപ്പിടങ്ങളും, വെള്ളം നിറച്ച ബക്കറ്റുകളും സൂക്ഷിക്കുന്നത്. ബസ് ബേയ്ക്കും റോഡിനും ഇടയിൽ കാൽനടയാത്രക്കാർക്ക് നടന്നു പോകാൻ മറ്റ് വഴികൾ ഇല്ലാത്തപ്പോഴാണ് ഫുട്പാപാത്ത് കൈയടക്കി തകൃതിയായ കച്ചവടം തുടരുന്നത്. ട്രാഫിക് പോലിസ് പലതവണ ഇവിടുത്തെ ഫുട്പാത്ത് കച്ചവടം ഒഴിപ്പിച്ച് ഗതാഗതം സുഗമമാക്കാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ കൈ രാഷ്ട്രീയക്കാർ ബന്ധിച്ചിരിക്കയാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ പറഞ്ഞു. ദേശീയപാത കൈയേറി കച്ചവടം നടത്തുന്നത് ഒഴിപ്പിക്കാൻ പോലും ട്രാഫിക് പോലീസിന് കഴിയുന്നില്ല. വാടക- വൈദ്യുതി തുടങ്ങി ഒരു മുതൽമുടക്കുമില്ലാതെ റോഡ് കൈയടക്കി കടയാക്കിയ ഇവരിൽ നിന്ന് ചില രാഷ്ട്രീയക്കാർ എല്ലാ മാസവും പ്രതിഫലം പറ്റുന്നതായാണ് ജന സംസാരം. റോഡരികിൽ ഒരു ഇരുചക്രവാഹനം പാർക്ക് ചെയ്താൽ പോലും അതിൻ്റെ ചിത്രമെടുത്ത് പിഴ അടപ്പിക്കുന്ന പോലീസും മോട്ടോർ വാഹന വകുപ്പും നഗരത്തിൽ നടക്കുന്ന ഇത്തരം റോഡ് കൈയേറ്റങ്ങൾ “കാണാറേയില്ല“.